Flash News

പ്രകൃതിവിഭവങ്ങള്‍ പിടിച്ചെടുക്കല്‍: സര്‍ക്കാര്‍ ജനങ്ങളുടെ അഭിപ്രായം മാനിക്കണം- മേധാ പട്കര്‍

വൈപ്പിന്‍: പ്രകൃതിവിഭവങ്ങള്‍ കോര്‍പറേറ്റുകള്‍ക്ക് പിടിച്ചെടുത്തു നല്‍കുന്നതിനു മുമ്പ് സര്‍ക്കാര്‍ ജനങ്ങളുടെ അഭിപ്രായം ചോദിക്കാന്‍ ബാധ്യസ്ഥരാണെന്ന് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കര്‍. 'ആധുനിക അധിനിവേശങ്ങളും ജനകീയ ബദലുകളും' എന്ന വിഷയത്തില്‍ പുതുവൈപ്പ് എല്‍എന്‍ജി പ്ലാന്റ് വിരുദ്ധ സമരവേദിയില്‍ പ്രഭാഷണം നടത്തുകയായിരുന്നു മേധാ പട്കര്‍.
ഓരോ പ്രദേശത്തെയും പ്രകൃതിവിഭവങ്ങള്‍ പിടിച്ചെടുക്കുന്നതിനു മുമ്പ് ആ പ്രദേശത്ത് പരമ്പരാഗതമായി താമസിക്കുന്നവരുടെ അനുവാദം വാങ്ങേണ്ടതുണ്ട്. ആദിവാസി മേഖലകളില്‍ ആദിവാസികള്‍ക്ക് സ്വയംഭരണാധികാരമുള്ളതുപോലെ ഓരോ മേഖലയിലെയും ജനങ്ങള്‍ക്ക് അവരുടെ പ്രകൃതിവിഭവങ്ങളിന്‍മേല്‍ അധികാരമുണ്ട്. പ്രകൃതിവിഭവങ്ങള്‍ കോര്‍പറേറ്റുകള്‍ തിരിച്ചെടുക്കാനാവാത്തവിധം നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ മേഖലയും കോര്‍പറേറ്റുകള്‍ കൈയടക്കിക്കൊണ്ടിരിക്കുന്നു. പ്രകൃതിവിഭവങ്ങളില്‍ നിന്ന് ഓരോ വിഭാഗം ജനങ്ങളും ആട്ടിയോടിക്കപ്പെടുകയാണ്. തീരം മുഴുവന്‍ കൈയടക്കിയതോടെ പരമ്പരാഗതമായി ജോലിചെയ്തിരുന്ന ലക്ഷക്കണക്കിനാളുകള്‍ വഴിയാധാരമായി. ഇന്ത്യയിലെ ഓരോ വിഭാഗങ്ങളും ഇതിനെതിരായ അതിജീവന സമരത്തിലാണ്. ഇടതുപക്ഷം ഭരിക്കുന്ന കേരളത്തില്‍ ജനങ്ങള്‍ ഇതുപോലെ സമരം ചെയ്യേണ്ടിവരുന്നത് നിര്‍ഭാഗ്യകരമാണ്.
നര്‍മദാ സത്യഗ്രഹത്തിന്റെ അടുത്തഘട്ടം ഗുജറാത്തില്‍ തുടങ്ങാന്‍ പോവുകയാണെന്ന് മേധാ പട്കര്‍ അറിയിച്ചു. നര്‍മദ ബചാവോ ആന്ദോളന്‍ പറഞ്ഞ കാര്യങ്ങള്‍ സത്യമാണെന്ന് ജനങ്ങള്‍ക്കു ബോധ്യമായിരിക്കുന്നു.  വൈപ്പിനിലേക്കുള്ള കോര്‍പറേറ്റുകളുടെ വരവിനെക്കുറിച്ച് മുന്നറിയിപ്പു നല്‍കിയിരുന്നതാണ്. നര്‍മദയിലെന്നപോലെ ഇവിടെയും മുന്നറിയിപ്പുകള്‍ യാഥാര്‍ഥ്യമായിരിക്കുന്നുവെന്ന് മേധാ പട്കര്‍ ചൂണ്ടിക്കാട്ടി. സമരസമിതി നേതാക്കളായും പ്രവര്‍ത്തകരുമായും മേധാ പട്കര്‍ സംസാരിച്ച് സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു.
Next Story

RELATED STORIES

Share it