palakkad local

പ്രകൃതിയെ ഹരിതാഭമാക്കാന്‍ പ്രണവ് കാലുകൊണ്ട് വൃക്ഷത്തൈ നട്ട് മാതൃകയായി



സുനു ചന്ദ്രന്‍ കാവശ്ശേരി

ആലത്തൂര്‍: ഭിന്നശേഷിയുടെ വൈകല്യങ്ങളെ ഇച്ഛാശക്തി കൊണ്ട് അതിജീവിച്ച പ്രണവ് പ്രകൃതിയെ ഹരിതാഭമാക്കാന്‍ കാല്‍ കൊണ്ട് വൃക്ഷതൈ നട്ട് മാതൃകയായി.കാവശ്ശേരി ചുണ്ടക്കാട് പ്രിയദര്‍ശിനി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ വൃക്ഷതൈ നടല്‍ ഉദ്ഘാടനം ചെയ്തു കൊണ്ടാണ് പ്രണവ് തന്റെ ഇച്ഛാശക്തി ഒരിക്കല്‍ കൂടി പ്രകടമാക്കിയത്.ജന്മനാ ഇരു കൈയുമില്ലാതെ ജനിച്ച പ്രണവ് കാല്‍ കൊണ്ട് ചിത്രം വരച്ചും പരീക്ഷയെഴുതിയും കഴിവു തെളിയിച്ചിട്ടുണ്ട്. കാടുകളും കുന്നുകളും നശിപ്പിക്കുന്ന മനുഷ്യന്റെ നിലപാടുകള്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ വേദികളില്‍ ആഹ്വാനം ചെയ്യുന്ന പ്രണവിനെ തന്നെ ഈ ചടങ്ങ് ഉദ്ഘാടനം ചെയ്യാന്‍ ക്ലബ്ബ് പ്രത്യേകം ക്ഷണിക്കുകയായിരുന്നു.  പ്രകൃതിയെ സ്‌നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യണമെന്ന നിശ്ചയദാര്‍ഡ്യമാണ് പ്രണവിനെ കാല്‍ കൊണ്ട് വൃക്ഷതൈ നടാന്‍ പ്രേരിപ്പിച്ചത്. ക്ലബ്ബിന്റെ സാമൂഹ്യക്ഷേമ പരിപാടികളില്‍ മുന്‍പ് പങ്കെടുത്തിട്ടുള്ള പ്രണവ് ഇതിനൊരവസരം ഉണ്ടാക്കി തന്നതിന്  ക്ലബ്ബിന് ഇരുകാല്‍ കൊണ്ട് വൃക്ഷ തൈ നട്ട് നന്ദിയും പ്രകടിപ്പിച്ചു.ആലത്തൂര്‍ വാഴക്കോട് സംസ്ഥാന പാതയിലെ മലമല്‍ മൊക്ക് മുതല്‍ പരയ്ക്കാട്ടുകാവ് വരെയുള്ള ഒന്നര കിലോമീറ്ററില്‍ 175 ഓളം വിവിധയിനം വൃക്ഷ തൈകളാണ് ക്ലബ്ബ് വെച്ചുപിടിപ്പിക്കുന്നത്. ചിറ്റൂര്‍ ഗവണ്‍മെന്റ് കോളേജില്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ് പ്രണവ് .വൃക്ഷതൈ നടാന്‍ പ്രണവിനോടൊപ്പം അച്ഛന്‍ ബാലസുബ്രഹ്മണ്യന്‍, ജേഷ്ഠന്‍ പ്രവീണ്‍ , ക്ലബ്ബ് പ്രസിഡന്റ് ബിജുക്കുട്ടന്‍, ട്രഷറര്‍ കെ.ബാബു, മുന്‍ സെക്രട്ടറി സുനു ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it