പ്രകൃതിക്ഷോഭം: സഹായം എത്തിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു: കെ വി തോമസ്‌

കൊച്ചി: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേ പ്രഫ. കെ വി തോമസ് എംപി രംഗത്ത്. പ്രകൃതിക്ഷോഭവും ഓഖി കൊടുങ്കാറ്റും നേരിടുന്നതിലും ജനങ്ങള്‍ക്ക് സഹായം എത്തിക്കുന്നതിലും സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് അദ്ദേഹം പറഞ്ഞു.  എറണാകുളം പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടുകൊണ്ട് മനുഷ്യജീവനും വീടുകളും അടക്കം സര്‍വതും നഷ്ടപ്പെട്ടു. യഥാസമയം മുന്നറിയിപ്പ് നല്‍കിയെന്നു കേന്ദ്രവും അത് വൈകിയെന്ന് സംസ്ഥാന സര്‍ക്കാരും പറയുന്നു. ഇതിനെക്കുറിച്ച് സ്വതന്ത്രമായ അന്വേഷണം നടത്തണം. മനുഷ്യജീവന്‍ വച്ചാണ് സര്‍ക്കാരുകള്‍ രാഷ്ട്രീയം കളിക്കുന്നത്. പ്രകൃതിക്ഷോഭം ഉണ്ടായശേഷവും സംസ്ഥാന സര്‍ക്കാര്‍ മെല്ലെയാണ് നീങ്ങുന്നത്. ദുരന്തം നേരിടുന്നതില്‍ മുഖ്യമന്ത്രി അധ്യക്ഷനായ ദുരന്തനിവാരണ അതോറിറ്റി വന്‍ വീഴ്ചയാണ് വരുത്തിയത്. അതോറിറ്റി ഉടന്‍ പുനസ്സംഘടിപ്പിക്കണം. തിരുവനന്തപുരത്തെ തീരപ്രദേശങ്ങള്‍ ദുരന്തഭൂമിയായി മാറിയിട്ടും മുഖ്യമന്ത്രി സ്ഥലം സന്ദര്‍ശിക്കുകയോ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുകയോ ചെയ്യാത്തത് മനുഷ്യത്വരഹിതമാണ്.
ദുരന്തബാധിത ജില്ലകളില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിക്കാത്തതും കുറ്റകരമാണ്. ബോട്ടുകളും മറ്റും നഷ്ടപ്പെട്ട തൊഴിലാളികള്‍ക്ക് മല്‍സ്യഫെഡ് വഴി അതു നല്‍കാന്‍ നടപടിയെടുക്കണം. സാനിറ്റേഷന്‍ സൗകര്യങ്ങളില്ലാത്തത് ദുരിതാശ്വാസ ക്യാംപുകളിലെ മുഖ്യപ്രശ്‌നമാണ്. ഇത്തരത്തിലുള്ള പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ എംഎല്‍എമാരും മന്ത്രിമാരും അടക്കമുള്ളവര്‍ നേതൃത്വം നല്‍കേണ്ടതാണ്. എന്നാല്‍, നിര്‍ഭാഗ്യവശാല്‍ ഇവിടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഉദ്യോഗസ്ഥരുടെ മാത്രം ഉത്തരവാദിത്തമായാണ് കാണാനായതെന്നും കെ വി തോമസ് പറഞ്ഞു.
Next Story

RELATED STORIES

Share it