Idukki local

പ്രകൃതിക്ഷോഭം;  ജില്ലയില്‍ സുരക്ഷാ നടപടി ശക്തമാക്കണം: ജില്ലാ വികസനസമിതി

തൊടുപുഴ: മഴക്കാലത്തോടനുബന്ധിച്ച് പ്രകൃതിക്ഷോഭവും അപകടങ്ങളും കൂടുതല്‍ ദുരിതം വിതയ്ക്കുന്ന ജില്ലയില്‍ സുരക്ഷാ നടപടികള്‍ കൂടുതല്‍ ശക്തമാക്കുന്നവിധം മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകണമെന്ന് ജില്ലാ വികസന സമിതി .മണ്ണിടിച്ചിലും മരങ്ങള്‍ ഒടിഞ്ഞും കടപുഴകിയും ഉണ്ടാകുന്ന അപകടങ്ങളും നിയന്ത്രിക്കുന്നതിന് മുന്‍കരുതല്‍ നടപടികള്‍ ഉറപ്പാക്കണമെന്ന് വിഷയം ഉന്നയിച്ച ജോയ്‌സ് ജോര്‍ജ് എം.പി ആവശ്യപ്പെട്ടു.
വീടുകള്‍ക്ക് സമീപവും റോഡരികിലും മറിഞ്ഞു വീഴാന്‍ സാധ്യതയുള്ള മരങ്ങള്‍ കണ്ടെത്തി ശിഖരങ്ങള്‍ മുറിച്ചു മാറ്റേണ്ടതും പൂര്‍ണ്ണമായും നീക്കംചെയ്യേണ്ടവയും കണക്കാക്കണം. മണ്ണിടിച്ചിലിന് സാധ്യതയുള്ള ഇടങ്ങള്‍ റവന്യൂ അധികൃതര്‍ തയ്യാറാക്കണമെന്ന് അദ്ദേഹം പറഞ്ഞു. പഞ്ചായത്തുകളില്‍ അംഗങ്ങളുടെ സഹായത്തോടെ വില്ലേജ് ഓഫിസര്‍മാര്‍ താമസസ്ഥലങ്ങളിലേയും റോഡുകളിലേയും അപകടസാധ്യതയുള്ള സ്ഥലങ്ങള്‍ നിര്‍ണ്ണയിക്കണം. റോഡ് വക്കില്‍ വൃക്ഷങ്ങള്‍ ഒടിഞ്ഞ് വീണ് അപകടമുണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ നിര്‍ണയിച്ച് വിവിധ പോലിസ് സ്റ്റേഷന്‍ പരിധിയില്‍ എടുത്തിട്ടുള്ള ലിസ്റ്റുകള്‍ പൂര്‍ത്തിയാക്കി കലക്ടര്‍ക്ക് ഉടന്‍ നല്‍കുന്നതാണെന്ന് ജില്ലാ പോലിസ് മേധാവി എ വി ജോര്‍ജ് പറഞ്ഞു. തുലാവര്‍ഷത്തിനു കാത്തു നില്‍ക്കാതെ മുല്ലപ്പെരിയാര്‍ തീരത്തെ ജനങ്ങളുടെ ഭീതിയകറ്റാന്‍ നേരത്തെതന്നെ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ റവന്യൂ, പോലിസ്, പഞ്ചായത്ത്, ജലവിഭവ വകുപ്പ്, കെ.എസ്.ഇ.ബി എന്നിവ പ്രവര്‍ത്തിക്കണം. ഇക്കൊല്ലം ശബരിമല സീസണിലും ആവശ്യമായ മുന്നൊരുക്കങ്ങള്‍ നേരത്തെ തുടങ്ങണം.
പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരുടെ പണിതീരാതെ കിടക്കുന്ന വീടുകള്‍ പൂര്‍ത്തിയാക്കണം. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളുടെ അറ്റകുറ്റപണികളും പൂര്‍ത്തിയാക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ് പറഞ്ഞു. ആര്‍.എം.എസ്.എ അധ്യാപകരുടെയും എസ്.ടി സ്റ്റാഫ് ഫിക്‌സേഷന്‍, ശമ്പള പ്രശ്‌നവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വികസന സമിതിയില്‍ ഉന്നയിച്ചു.
ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ മാലിന്യ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പഞ്ചായത്തു വകുപ്പും മലിനീകരണ നിയന്ത്രണ ബോര്‍ഡും, ഡി.റ്റി.പി.സി യും ചേര്‍ന്ന് പ്രശ്‌നപരിഹാരത്തിന് ശ്രമിക്കണമെന്ന് എസ് രാജേന്ദ്രന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. ചെറുതോണിയില്‍ നിന്നും പൈനാവ്, കുയിലിമല ഭാഗത്തേയ്ക്ക് സ്വകാര്യ ബസ് സര്‍ക്കുലര്‍ സര്‍വ്വീസ് നടപ്പാക്കാന്‍ ആവശ്യമായ നടപടി വേണമെന്ന് ആവശ്യം സമിതിയില്‍ ഉയര്‍ന്നു.
ജനപ്രതിനിധികള്‍ നല്‍കുന്ന കത്തുകള്‍ക്ക് 15 ദിവസത്തിനകം മറുപടി നല്‍കാന്‍ ശ്രദ്ധിക്കണമെന്ന് കലക്ടര്‍ ഡോ. എ കൗശിഗന്‍ ജില്ലാതല ഓഫിസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ ഉദേ്യാഗസ്ഥര്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി സമയബന്ധിതമായി നടപടി സ്വീകരിക്കണമെന്നും കലക്ടര്‍ പറഞ്ഞു. ജില്ലയില്‍ ലാന്‍ഡ് അസൈന്‍മെന്റ് കമ്മിറ്റികള്‍ ഉടനെ പുനസംഘടിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ വികസന സമിതി യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു ജോണ്‍, എ.ഡി.എം കെ കെ ആര്‍ പ്രസാദ് , മൂന്നാര്‍ എ.എസ്.പി മെറിന്‍ ജോസഫ്, ജില്ലാ പ്ലാനിങ് ഓഫിസര്‍ കെ എസ് ലതി എന്നിവരും വിവിധ വകുപ്പുകളുടെ ജില്ലാതല ഓഫിസര്‍മാരും പങ്കെടുത്തു.
Next Story

RELATED STORIES

Share it