thrissur local

പ്രകൃതിക്ക് ദോഷകരമായ ഒരു പദ്ധതിയും അനുവദിക്കില്ല: മന്ത്രി സുനില്‍കുമാര്‍



തൃശൂര്‍: പ്രകൃതിയെ ദോഷകരമായി ബാധിക്കുന്ന ഒരു പദ്ധതിയും കേരളത്തില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍ വ്യക്തമാക്കി. കെഎസ്ഇബി എന്‍ജിനീയേഴ്‌സ് അസോസിയേഷന്‍ 64ാം വാര്‍ഷിക പൊതുയോഗവും ദേശീയ സെമിനാറും വെള്ളാനിക്കരയില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജൈവ സുരക്ഷക്ക് വിരുദ്ധമായ ഒരു വികസന പദ്ധതിയും നടപ്പാക്കാനാവില്ല. ഇത് സിപിഐയുടെയും ഇടതു മുന്നണിയുടെയും നിലപാടാണ്. പല മേഖലകളിലും കേരളം പുരോഗമിച്ചിട്ടുണ്ട്. എന്നാല്‍, ജൈവ സംരക്ഷണം മറന്നുകൊണ്ടുള്ള വികസന പ്രവര്‍ത്തനം മൂലം ഇവിടെ പ്രകൃതി മൂലധനത്തിന് കടുത്ത ശോഷണം സംഭവിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ പ്രകൃതിയെ മറന്നുകൊണ്ടുള്ള വികസനം നമുക്ക് നടപ്പാക്കാനാവില്ല. ഊര്‍ജ്ജ ഉല്‍പാദനത്തെക്കുറിച്ച് വാചാലാകുന്നവര്‍ അനിയന്ത്രിതമായ തോതിലുള്ള ഊര്‍ജ്ജ ഉപയോഗത്തെ കുറിച്ച് ചിന്തിക്കുന്നതേയില്ല. മൂഢസ്വര്‍ഗത്തിലാണ് നമ്മുടെ സമൂഹമെന്നും മന്ത്രി പറഞ്ഞു. മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച എന്‍ജിനീയര്‍മാരെ മന്ത്രി ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു. അസോ. സംസ്ഥാന പ്രസി. ഡോ. ഇ മുഹമ്മദ് ഷെരീഫ് അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it