kasaragod local

പ്രകാശ് എസ്റ്റേറ്റ്: കൈവശക്കാരില്‍നിന്നു നികുതി സ്വീകരിക്കാന്‍ തുടങ്ങിയില്ല

കാഞ്ഞങ്ങാട്: പ്രകാശ് എസ്റ്റേറ്റില്‍ നിന്നും ഭൂമി വിലക്കുവാങ്ങിയ കൈവശകര്‍ഷകരുടെ നികുതി സ്വീകരിക്കാന്‍ ഇനിയും നടപടിയായില്ല. സ്ഥലം വിലക്കുവാങ്ങിയ 205 കുടുംബങ്ങളുടെ ഭൂനികുതി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് വിശ്വസിച്ച് വില്ലേജ് ഓഫിസില്‍ നികുതിയടക്കാനെത്തിയ കുടുംബങ്ങള്‍ നിരാശരായി മടങ്ങുന്നു.
ഫെബ്രുവരി മൂന്നിന് ചേര്‍ന്ന മന്ത്രിസഭാ യോഗം വെള്ളരിക്കുണ്ടിലെ 205 കര്‍ഷക കുടുംബങ്ങളുടെ നികുതി സ്വീകരിക്കാന്‍ തീരുമാനമെടുത്തിരുന്നു. ലാന്റ് ബോര്‍ഡിന്റെ നിബന്ധനകള്‍ക്ക് വിധേയമായി നികുതി സ്വീകരിക്കണമെന്നാണ് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നത്. എന്നാല്‍ എസ്റ്റേറ്റ് ഭൂമി മുറിച്ചുവിറ്റതിന് നികുതി സ്വീകരിക്കാന്‍ ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സാധിക്കുകയില്ല. ഇതുകൊണ്ടാണ് താലൂക്ക്-വില്ലേജ് അധികൃതര്‍ നികുതി സ്വീകരിക്കാത്തത്.
കേരളത്തിലെ ഭൂപരിഷ്‌കരണ നിയമം അനുസരിച്ച് എസ്റ്റേറ്റ് ഭൂമി മുറിച്ചുവില്‍ക്കാന്‍ പാടില്ലാത്തതാണ്. മന്ത്രിസഭ തീരുമാനമെടുത്താലും ഭൂപരിഷ്‌ക്കരണ നിയമം നിലനില്‍ക്കുന്നിടത്തോളം കാലം മുറിച്ച് വിറ്റ എസ്റ്റേറ്റ് ഭൂമിയുടെ നികുതി സ്വീകരിക്കാന്‍ വില്ലേജ് അധികാരികള്‍ക്ക് ലാന്റ് ബോര്‍ഡ് നിര്‍ദ്ദേശം നല്‍കുകയില്ല.
ഫെബ്രുവരി 5 മുതല്‍ വെള്ളരിക്കുണ്ട് താലൂക്ക് ഓഫിസ് ഉപരോധത്തിന് കര്‍മ്മ സമിതി തീരുമാനിച്ചതിനിടയിലാണ് മുഖ്യമന്ത്രി പ്രശ്‌നത്തില്‍ ഇടപെട്ടത്. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ഈ വിഷയത്തില്‍ നിയമസഭയില്‍ സബ്മിഷന്‍ നോട്ടീസ് നല്‍കിയിരുന്നു.
പ്രകാശ് എസ്റ്റേറ്റിലെ കുടുംബങ്ങളുടെ പ്രശ്‌നം പരിഹരിക്കാന്‍ റവന്യൂ വകുപ്പ് നേരത്തെ ഒരു നിര്‍ദ്ദേശം മുമ്പോട്ടുവച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അഞ്ച് ഏക്കറില്‍ താഴെയുള്ള കര്‍ഷകരുടെ പ്രശ്‌നം പരിഹരിക്കാന് സാധിക്കുമെങ്കിലും കൂടുതല്‍ ഭൂമിയുള്ളവര്‍ ഇതിനെ എതിര്‍ക്കുകയായിരുന്നു.
കോട്ടയം ആസ്ഥാനമായുള്ള പ്രകാശ് എസ്റ്റേറ്റിന് വേണ്ടിയാണ് 275 ഏക്കര്‍ ഭൂമി സര്‍ക്കാരില്‍ നിന്നും വാങ്ങിയത്. ഇത് എസ്റ്റേറ്റല്ലാതായതോടെ മുഴുവന്‍ ഭൂമിയും സര്‍ക്കാരില്‍ നിക്ഷിപ്തമാവുകയായിരുന്നു.
ഇത് മറച്ചുവച്ചാണ് എസ്റ്റേറ്റ് ഉടമകള്‍ ഭൂമി വില്‍പ്പന നടത്തിയത്. നികുതി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ ജില്ലാ കലക്ടറെ സമീപിച്ചുവെങ്കിലും കലക്ടര്‍ സ്ഥലത്തില്ലാത്തതിനാല്‍ നടപടികളൊന്നും ആയില്ല.
Next Story

RELATED STORIES

Share it