Pathanamthitta local

പോസ്റ്റല്‍ വോട്ട് ചെയ്യുന്നതിന് വിതരണ- സ്വീകരണ കേന്ദ്രങ്ങളില്‍ സൗകര്യം

പത്തനംതിട്ട: നിയമസഭ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ വോട്ട് ചെയ്യുന്നതിന് തിരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണ-സ്വീകരണ കേന്ദ്രങ്ങളില്‍ സൗകര്യം ഏര്‍പ്പെടുത്തുമെന്ന് ജില്ലാ കലക്ടര്‍ എസ് ഹരികിഷോര്‍ അറിയിച്ചു. 15നാണ് തിരഞ്ഞെടുപ്പ് സാമഗ്രികള്‍ വിതരണം ചെയ്യുന്നത്.
തിരുവല്ല മാര്‍ത്തോമ്മ കോളജ്, പത്തനംതിട്ട കാതോലിക്കേറ്റ് കോളജ്, അടൂര്‍ ബിഎഡ് സെന്റര്‍, റാന്നി സെന്റ് തോമസ് കോളജ്, കോന്നി എലിയറയ്ക്കല്‍ അമൃതാ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളാണ് ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളുടെ തിരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണ-സ്വീകരണ കേന്ദ്രങ്ങള്‍. വിതരണ-സ്വീകരണ കേന്ദ്രത്തില്‍ പോസ്റ്റല്‍ വോട്ട് ചെയ്യുന്നതിന് പോളിങ് കേന്ദ്രം സജ്ജമാക്കും. പോസ്റ്റല്‍ ബാലറ്റിനൊപ്പം സമര്‍പ്പിക്കേണ്ട സത്യവാങ്മൂലം സാക്ഷ്യപ്പെടുത്താന്‍ ഗസറ്റഡ് ഓഫീസറുടെ സേവനം ഇവിടെ ഏര്‍പ്പെടുത്തും. 16ന് വോട്ടെടുപ്പ് കഴിഞ്ഞ് മടങ്ങിയെത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ വോട്ടുചെയ്യുന്നതിനും വിതരണ-സ്വീകരണ കേന്ദ്രത്തില്‍ സൗകര്യമുണ്ടാകും.
വിതരണ-സ്വീകരണ കേന്ദ്രത്തിലെ പോളിങ് കേന്ദ്രത്തില്‍ അല്ലാതെ പോസ്റ്റല്‍ ബാലറ്റില്‍ വോട്ട് ചെയ്യുന്നവര്‍ തപാല്‍ മാര്‍ഗം അതത് റിട്ടേണിങ് ഓഫീസര്‍മാര്‍ക്ക് അയയ്ക്കണം.
വോട്ടു സന്ദേശ യാത്ര വണ്ടി പര്യടനം
പത്തനംതിട്ട: വോട്ടര്‍ ബോധവല്‍കരണത്തിനായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സജ്ജീകരിച്ച വോട്ടു സന്ദേശ യാത്രാ വണ്ടി റാന്നി, വടശേരിക്കര, കൊറ്റനാട്, മല്ലപ്പള്ളി, പായിപ്പാട്, തിരുവല്ല എന്നിവിടങ്ങളില്‍ ഇന്നലെ പര്യടനം നടത്തി. സന്ദേശ യാത്രാ വാഹനത്തില്‍ സജ്ജമാക്കിയിട്ടുള്ള വോട്ടിങ് യന്ത്രം പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തി. തിരഞ്ഞെടുപ്പ് സംബന്ധിച്ച മനോഹരമായ പ്രദര്‍ശനവും വാഹനത്തില്‍ ഒരുക്കിയിട്ടുണ്ട്. വോട്ട് സന്ദേശയാത്ര ഇന്ന് അടൂര്‍, പന്തളം, കൈപ്പട്ടൂര്‍, കൊടുമണ്‍ എന്നിവിടങ്ങളില്‍ പര്യടനം നടത്തും.
Next Story

RELATED STORIES

Share it