Alappuzha local

പോസ്റ്റല്‍ വോട്ടുകള്‍ വോട്ടെണ്ണല്‍ ദിവസം രാവിലെ എട്ടുവരെ സ്വീകരിക്കും

ആലപ്പുഴ: വോട്ടെണ്ണല്‍ ദിവസം രാവിലെ എട്ടുവരെ പോസ്റ്റല്‍വോട്ടുകള്‍ സ്വീകരിക്കും. അതാത് റിട്ടേണിങ് ഓഫിസര്‍മാരുടെ കൈയില്‍ ലഭിക്കുന്ന വോട്ടുകള്‍ ബ്ലോക്ക് തലത്തിലുള്ള പ്രത്യേക ദൂതന്‍ മുഖേന വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ എത്തും. ഇതുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ പോസ്‌റ്റോഫിസുകളില്‍ കൈമാറിയിട്ടുണ്ട്. നവം.ഏഴിന് രാവിലെ എട്ടിനാണ് വോട്ടെണ്ണല്‍ ആരംഭിക്കുന്നത്. ജില്ലയില്‍ 18 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് ആകെയുള്ളത്. എട്ട് പോളിങ് സ്‌റ്റേഷനുകള്‍ക്ക് ഒരുവോട്ടെണ്ണല്‍ കൗണ്ടറാണ് സജ്ജീകരിച്ചിരിക്കുന്നത്.
വോട്ടിങിനു ശേഷം മെഷീനുകള്‍ സൂക്ഷിക്കുന്ന സ്‌ട്രോങ്‌റൂമിനോടു ചേര്‍ന്നാണ് വോട്ടെണ്ണല്‍ ഹാളുകള്‍ ഒരുക്കിയിരിക്കുന്നത്. അതാത് ടേബിളുകളില്‍ എത്തേണ്ട വോട്ടര്‍ മെഷീനുകളുടെ പട്ടിക സ്‌ട്രോങ്‌റൂമിലും ഹാളിലുമുണ്ടാവും. ഓരോ ടേബിളുകളിലും എത്തേണ്ട മെഷീനുകളെ വേര്‍തിരിച്ചു എടുത്തു നല്‍കാന്‍ സൂപ്പര്‍വൈസര്‍മാരുണ്ടാവും. ആദ്യം പോസ്റ്റല്‍ വോട്ടുകളാണെണ്ണുക.
പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുന്നതിനുള്ള അധികാരം ബന്ധപ്പെട്ട റിട്ടേണിങ് ഓഫിസര്‍മാര്‍ക്കാണ് നല്‍കിയിട്ടുള്ളത്. വോട്ടെണ്ണലുമായി ബന്ധപ്പെട്ട് കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേകം ക്ലാസ് നടത്തി. ജില്ലാ കലക്ടര്‍ എന്‍ പത്മകുമാര്‍ ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുപ്പ് ഡപ്യൂട്ടി കലക്ടര്‍ ഐ അബ്ദുസ്സലാം പങ്കെടുത്തു. ഉച്ചയ്ക്ക് ശേഷം വിവിധ സെക്ടറല്‍ ഓഫിസര്‍മാര്‍ക്കായി പ്രത്യേകം ക്ലാസും സംഘടിപ്പിച്ചു.
പ്രാദേശിക ചാനലുകള്‍ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്, വാര്‍ത്തകളും പരിപാടികളും പ്രക്ഷേപണം ചെയ്യുമ്പോള്‍ നിഷ്പക്ഷത പുലര്‍ത്താന്‍ ശ്രമിക്കണമെന്ന് ജില്ലാ കലക്ടര്‍ എന്‍ പത്മകുമാര്‍ പറഞ്ഞു. കലക്ടറുടെ ചേംബറില്‍ കൂടിയ പ്രാദേശിക ചാനല്‍ പ്രവര്‍ത്തകരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏതെങ്കിലും പ്രത്യേക സ്ഥാനാര്‍ഥിക്കോ രാഷ്ട്രീയ കക്ഷിക്കോ നേട്ടമുണ്ടാവുന്ന വിധത്തില്‍ പക്ഷപാതപരമായ വാര്‍ത്തയോ വിശകലനമോ സംപ്രേക്ഷണം ചെയ്യരുത്. അത്തരത്തിലുള്ള വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പെയ്ഡ് ന്യൂസ് ആയി കണക്കാക്കി നടപടിയെടുക്കുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പരസ്യങ്ങള്‍ നല്‍കുമ്പോള്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസറില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് അദ്ദേഹം പറഞ്ഞു. വാര്‍ത്തകളും പരിപാടികളും സംപ്രേക്ഷണം ചെയ്യുമ്പോള്‍ വ്യക്തിഹത്യ ഒഴിവാക്കണം. പൊതുഫണ്ട് ഉപയോഗിച്ചുള്ള നിര്‍മാണങ്ങള്‍ ഏതെങ്കിലും വ്യക്തിയുടെ നേട്ടമായി ഉയര്‍ത്തിക്കാട്ടുന്നത് ഒഴിവാക്കണം.
വോട്ടെടുപ്പ് സമാപനത്തിന് 48 മണിക്കൂര്‍ സമയപരിധിയില്‍ ഒരു മാധ്യമത്തിലൂടെയും തിരഞ്ഞെടുപ്പ് സ്ഥലത്തെ സ്വാധീനിക്കുന്നതോ ബാധിക്കുന്നതോ ആയ പ്രചാരണങ്ങള്‍ നടത്തരുത്.
യോഗത്തില്‍ ഐ.ആന്റ് പി.ആര്‍.ഡി. മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ പി ആര്‍ റോയി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സി അജോയ് എന്നിവരും വിവിധ പ്രാദേശിക ചാനലുകളുടെ പ്രതിനിധികളും പങ്കെടുത്തു.
Next Story

RELATED STORIES

Share it