പോള്‍വാള്‍ട്ടില്‍ കേരളത്തിന്റെ പെണ്‍ പോര്

മുജീബ് പുള്ളിച്ചോല

കോഴിക്കോട്: ഈ ദേശീയ ഗെയിംസിലും പോള്‍വാള്‍ട്ടില്‍ കേരളത്തിന്റെ പെണ്‍പോരിന് മാറ്റം വന്നില്ല, പക്ഷേ ഫലം മാറിപ്പോയി. റാഞ്ചിയിലെ കഴിഞ്ഞ ദേശീയ മീറ്റിലും ഡിസംബറില്‍ നടന്ന സംസ്ഥാന മീറ്റിലും ജൂനിയര്‍ പെണ്‍കുട്ടികളുടെ പോള്‍വാള്‍ട്ടില്‍ പോര് നടത്തിയ മാര്‍ബേസില്‍ കോതമംഗലത്തിന്റെ ദിവ്യ മോഹനും കല്ലടി ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ എ സി നിവ്യ ആന്റണിയും ഒളിമ്പ്യന്‍ റഹ്മാന്‍ സ്റ്റേഡിയത്തില്‍ പൊരുതിയപ്പോള്‍ സ്വര്‍ണ മെഡല്‍ ദിവ്യ കൈക്കലാക്കി. 2013ല്‍ കേരളത്തിന്റെ തന്നെ മരിയ ജെയ്‌സണ്‍ റാഞ്ചിയില്‍ മറികടന്ന 3.20 മീറ്ററില്‍ മീറ്റ് റെക്കോഡിനൊപ്പമെത്തിയാണ് ദിവ്യയുടെ സ്വര്‍ണം നേട്ടം. ഒപ്പം സംസ്ഥാനമീറ്റില്‍ എ സി നിവ്യ ആന്റണിയ്ക്കു താഴെയായി വെള്ളിയിലൊതുങ്ങിയ പതക്കത്തിന് സ്വര്‍ണത്തിന്റെ പത്തരമാറ്റ് ചാര്‍ത്തുകയും— ചെയ്തു. 3.10 മീറ്റര്‍ ചാടിയ നിവ്യയ്ക്കാണ് വെള്ളി. തമിഴ്‌നാടിന്റെ വി പവിത്ര (2.80 മീറ്റര്‍) വെങ്കലം നേടി.റാഞ്ചിയിലെ കഴിഞ്ഞ ദേശീയ മീറ്റിലും ഡിസംബറില്‍ നടന്ന സംസ്ഥാന മീറ്റിലും നിവ്യയ്ക്ക് പിറകില്‍ വെള്ളിയിലായിരുന്നു ദിവ്യ. ഒളിമ്പ്യന്‍ റഹ്മാന്‍ സ്റ്റേഡിയത്തിലെ ജമ്പിങ് പിറ്റില്‍ ദേശീയ റെക്കോഡിനെ വെല്ലുന്ന പ്രകടനത്തോടെയായിരുന്നു സംസ്ഥാന മീറ്റില്‍ നിവ്യയുടെ സ്വര്‍ണനേട്ടം. 3.30 മീറ്റര്‍ ഉയരത്തില്‍ അന്ന് സീനിയര്‍ വിഭാഗത്തിലെ സംസ്ഥാന റെക്കോഡ്(3.25 മീറ്റര്‍) മറികടന്ന് നിവ്യ സ്വര്‍ണംനേടിയപ്പോള്‍ 3.15മീറ്ററില്‍ വെള്ളിയായിരുന്നു ദിവ്യയുടെ സമ്പാദ്യം. എന്നാല്‍ ഇക്കുറി അതേ പിറ്റില്‍ തന്റെ ഏറ്റവും മികച്ച പ്രകടനത്തോടെ ദിവ്യ വെള്ളി പൊന്നാക്കി മാറ്റുകയായിരുന്നു. ദേശീയ റെക്കോഡ് മറികടക്കാന്‍ 3.25 മീറ്ററില്‍ മൂന്നു ശ്രമവും ഫലംകണ്ടില്ല.
2.20 മീറ്ററിലാണ് മത്സരം തുടങ്ങിയത്. 2.50 എത്തിയപ്പോഴേക്കും മത്സരം 15പേരില്‍നിന്ന് മൂന്നുപേരില്‍ മാത്രമായി ചുരുങ്ങി. 2.50ല്‍ ദിവ്യയുടെ ആദ്യ ശ്രമം. 2.80ല്‍ നിവ്യയും പിറ്റിലിറങ്ങി. ഇരുവരും ആദ്യ ശ്രമങ്ങളില്‍തന്നെ ഉയരം മറികടന്നു. മൂന്നാം ശ്രമത്തില്‍ പവിത്രയും. ഉയരം 2.90ലേക്കുയര്‍ന്നപ്പോള്‍ ദിവ്യയുടെ ആദ്യ രണ്ടു ചാട്ടങ്ങള്‍ പിഴച്ചു. മൂന്നാം ശ്രമത്തിലായിരുന്നു ഉയരം മറികടന്നത്. എന്നാല്‍ ആത്മവിശ്വാസത്തോടെ നിവ്യ ഒറ്റച്ചാട്ടത്തില്‍ അത് കീഴടക്കി. മൂന്ന് ശ്രമവും പരാജയപ്പെട്ട് പവിത്ര മൂന്നാംസ്ഥാനക്കാരിയായി പിന്‍വാങ്ങുകയും ചെയ്തു.
മൂന്ന് മീറ്റര്‍ കൂട്ടുകാരികള്‍ രണ്ടുപേരും ഒറ്റ ശ്രമത്തില്‍ താഴെയാക്കി. എന്നാല്‍ 3.10ല്‍ വീണ്ടും ദിവ്യയ്ക്ക് പിഴച്ചു. ആദ്യ ശ്രമത്തില്‍ ചാടിക്കടക്കാനാകാതെവന്നപ്പോള്‍ രണ്ടാംചാട്ടം സഹായിച്ചു. നിവ്യയ്ക്ക് ആ ഉയരവും വെല്ലുവിളിയായില്ല. റെക്കോഡുയരമായിരുന്നു അടുത്തത്. ഉയരം 3.20ലേക്ക് ഉയര്‍ത്തി. പതിവുതെറ്റിക്കാതെ ദിവ്യയുടെ ആദ്യ ചാട്ടം വീണ്ടും പിഴച്ചു. പിന്നാലെ നിവ്യയുടെ ചാട്ടവും ഉന്നംതെറ്റി. രണ്ടാം ശ്രമത്തില്‍ റെക്കോഡുയരം ദിവ്യയുടെ കീഴിലായി. എന്നാല്‍ നിവ്യയ്ക്ക് ഇക്കുറിയും പിഴച്ചു. പിന്നെ മീറ്റ് റെക്കോര്‍ഡിനായി ദിവ്യയുടെ ഉന്നം. മീറ്റ് റെക്കോര്‍ഡായ 3.20മറികടക്കാന്‍ 3.25ലേക്ക് ഉയര്‍ത്തി.
പക്ഷേ മീറ്റ് റെക്കോര്‍ഡ് ആഗ്രഹം പൂവണിഞ്ഞില്ല. മൂന്ന് ശ്രമവും പിഴച്ചു. റെക്കോര്‍ഡ് സ്വന്തമാക്കാതെ മീറ്റിലെ സ്വര്‍ണം ദിവ്യ കൈക്കലാക്കി. എന്നാല്‍ 3.20 എന്ന മീറ്റ് റെക്കോര്‍ഡ് മറികടക്കാന്‍ 3.25 ഉയരം തിരഞ്ഞെടുത്ത തീരുമാനം തെറ്റിപ്പോയ തീരുമാനമായിരുന്നുവെന്ന് മല്‍സര ശേഷം ദിവ്യ പറഞ്ഞു. 3.25ഉയരം രണ്ടു പ്രവശ്യം പരാജയപ്പെട്ടപ്പോള്‍ ഉയരം കുറക്കുമോ എന്നന്വേഷിച്ച് ദിവ്യ ഒഫീഷ്യല്‍സിനടുെത്തത്തിയെങ്കിലും ആദ്യം തിരഞ്ഞെടുത്ത ഉയരത്തില്‍ പരിശ്രമം തുടങ്ങിയതിനാല്‍ ഇനി ഉയരം കുറക്കല്‍ ചട്ടവിരുദ്ധമാണെന്ന് കാണിച്ച് തിരിച്ചയച്ചു. ദിവ്യയും നിവ്യയും സ്വര്‍ണത്തിനായി പോര് നടത്തിയെങ്കിലും സ്വര്‍ണവും വെള്ളിയും കേരളത്തിന്റെ മെഡല്‍പ്പട്ടികയിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞതിന്റെ സന്തോഷം ഇരുവരും പങ്കുവച്ചു.
Next Story

RELATED STORIES

Share it