പോളിസാരിയോ ഫ്രണ്ട് നേതാവ് മുഹമ്മദ് അബ്ദുല്‍ അസീസ് അന്തരിച്ചു

ലായൗണ്‍(പടിഞ്ഞാറന്‍ സഹാറ): പടിഞ്ഞാറന്‍ സഹാറ സ്വാതന്ത്ര്യ സമരത്തില്‍ പങ്കാളിയായ പോളിസാരിയോ ഫ്രണ്ട് സംഘടനയുടെ സെക്രട്ടറി ജനറല്‍ മുഹമ്മദ് അബ്ദുല്‍ അസീസ് അന്തരിച്ചു. 69കാരനായ അബ്ദുല്‍ അസീസ് ദീര്‍ഘകാലമായി രോഗബാധിതനായിരുന്നുവെന്ന് പോളിസാരിയോ ഫ്രണ്ട് അറിയിച്ചു. മരണത്തെത്തുടര്‍ന്ന് സംഘടന 40 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.

സഹാറന്‍ ജനതയ്ക്കു വലിയ നഷ്ടമാണ് അബ്ദുല്‍ അസീസിന്റെ വിയോഗമെന്നു പോളിസാരിയോ ഫ്രണ്ട് ഉദ്യോഗസ്ഥന്‍ മുഹമ്മദ് കെദാദ് പറഞ്ഞു. അബ്ദുല്‍ അസീസാണ് 1976 മുതല്‍ സംഘടനയ്ക്കു നേതൃത്വം നല്‍കുന്നത്. 1973ലായിരുന്നു മുന്‍ സ്പാനിഷ് കോളനിയായ പടിഞ്ഞാറന്‍ സഹാറയുടെ മോചനത്തിനായി പോളിസാരിയോ ഫ്രണ്ട് രൂപീകരിച്ചത്. ഇപ്പോഴും തര്‍ക്കമേഖലയായി തുടരുന്ന വടക്കന്‍ ആഫ്രിക്കന്‍ രാജ്യത്തിന്റെ പൂര്‍ണ സ്വാതന്ത്ര്യം സംബന്ധിച്ച ചര്‍ച്ചകളെ അബ്ദുല്‍ അസീസിന്റെ വിയോഗം കാര്യമായി ബാധിക്കില്ലെന്ന് കെദാദ് അറിയിച്ചു. മൊറോക്കോയാണ് 1975 മുതല്‍ പശ്ചിമസഹാറയുടെ ഭൂരിപക്ഷ മേഖലകളിലും ഭരണം കൈയാളുന്നത്. മൊറോക്കോയുടെ അയല്‍രാജ്യമായ അല്‍ജീരിയയുെട സഹായത്തോടെയാണ് പടിഞ്ഞാറന്‍ സഹാറയുടെ സ്വാതന്ത്ര്യത്തിനായി പോളിസാരിയോ ഫ്രണ്ട് സായുധസമരം ആരംഭിച്ചത്.
Next Story

RELATED STORIES

Share it