wayanad local

പോളിടെക്‌നിക് പ്രവേശനം: രജിസ്‌ട്രേഷന്‍ തുടങ്ങിയപ്പോള്‍ ദ്വാരക പോളിയുടെ പേരില്ല

മാനന്തവാടി: സംസ്ഥാനത്ത് പോളിടെക്‌നിക്കുകളിലേക്കുള്ള അഡ്മിഷന് വേണ്ടി ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ ആരംഭിച്ചപ്പോള്‍ മാനന്തവാടിയില്‍ പുതുതായി അനുവദിച്ച ദ്വാരക പോളിടെക്‌നിക്കിന്റെ പേരില്ല. ഇതോടെ സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് എറെ പിന്നാക്കം നില്‍ക്കുന്ന മാനന്തവാടിക്കാരുടെ പ്രതീക്ഷ അസ്ഥാനത്തായി. 2014-15ലായിരുന്നു സംസ്ഥാനത്ത് അഞ്ചു പുതിയ പോളിടെക്‌നിക്കുകള്‍ അനുവദിച്ച് സര്‍ക്കാര്‍ തീരുമാനമുണ്ടായത്. ഹരിപ്പാട്, നടുവില്‍, മുക്കം, മഞ്ചേരി, മാനന്തവാടി എന്നിവിടങ്ങളിലായിരുന്നു ഇത്. ഇതില്‍ മഞ്ചേരിയില്‍ ഉടന്‍തന്നെ കോഴ്‌സുകള്‍ തുടങ്ങി. മാനന്തവാടിയിന്‍ ഈ അധ്യയനവര്‍ഷം ക്ലാസ് തുടങ്ങാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുകയും ചെയ്തിരുന്നു.
ദ്വാരക ടെക്‌നിക്കല്‍ ഹൈസ്‌കൂളിനോട് ചേര്‍ന്ന അഞ്ചേക്കര്‍ ഭൂമിയായിരുന്നു ഇതിനായി കണ്ടെത്തിയത്. ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യുക്കേഷനില്‍ നിന്നു മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ മാര്‍ച്ചില്‍ സ്ഥലം സന്ദര്‍ശിക്കുകയും തൃപ്തിപ്പെട്ടതായി അറിയിക്കുകയും ചെയ്തിരുന്നു. ടെക്‌നിക്കല്‍ ഹൈസ്‌കൂളിന്റെ കൈവശമുള്ള ഏഴര ഏക്കര്‍ ഭൂമിയില്‍ നിന്ന് അഞ്ചേക്കര്‍ ഏറ്റെടുക്കാന്‍ ടെക്‌നിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടര്‍ ഡോ. കെ വിജയന്‍ നല്‍കിയ ഉത്തരവ് പ്രകാരം ക്രയവിക്രയങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. അഞ്ചു കോഴ്‌സുകള്‍ ആവശ്യപ്പെട്ടെങ്കിലും സിവില്‍, ഇലക്ട്രിക്കല്‍, മെക്കാനിക്കന്‍ കോഴ്‌സുകള്‍ക്ക് അംഗീകാരം ലഭിച്ചതായും വിവരമുണ്ടായിരുന്നു.
നല്ലൂര്‍നാട് ദ്വാരകയില്‍ പ്രവര്‍ത്തിക്കുന്ന ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ഈ വര്‍ഷം ക്ലാസുകള്‍ തുടങ്ങാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. ഇതിനിടെയാണ് മാനന്തവാടി പോളി ഒഴികെയുള്ളകോളജുകളിലേക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചിരിക്കുന്നത്. നിലവില്‍ പോളിടെക്‌നിക് കോളജില്ലാത്ത ഏക താലൂക്കാണ് മാനന്തവാടി.
Next Story

RELATED STORIES

Share it