malappuram local

പോളിങ് സ്‌റ്റേഷനിലെ നടപടി ക്രമങ്ങള്‍

വോട്ടെടുപ്പിന്റെ കാര്യക്ഷമവും സുഗമവുമായ നടത്തിപ്പിന് സമ്മതിദായകര്‍ പോളിങ് സ്റ്റേഷനില്‍ എത്തുന്നതു മുതല്‍ വോട്ട് രേഖപ്പെടുത്തി മടങ്ങും വരെ നടപടി ക്രമങ്ങള്‍ പാലിക്കണം. പോളിങ് സ്‌റ്റേഷന്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന കെട്ടിടവും അതിന് 100 മീറ്റര്‍ ദൂരപരിധിയില്‍പ്പെടുന്ന പരിസരവും പ്രിസൈഡിങ് ഓഫിസറുടെ നിയന്ത്രണത്തിലായിരിക്കും. പോളിങ് സ്‌റ്റേഷനിലും പരിസരത്തുമുള്ള സുരക്ഷാ സംവിധാനം പ്രിസൈഡിങ് ഓഫിസറുടെ നിയന്ത്രണത്തില്‍ പോലിസിന്റേതായിരിക്കും.
പോളിങ് ബൂത്തില്‍ പ്രവേശിക്കുന്ന സമ്മതിദായകന്‍ ഒന്നാം പോളിങ് ഓഫിസര്‍ മുമ്പാകെ തിരിച്ചറിയല്‍ രേഖ ഹാജരാക്കണം. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, പാന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ച എസ്എസ്എല്‍സി ബുക്ക്, ദേശസാല്‍കൃത ബാങ്കില്‍ നിന്നു തിരഞ്ഞെടുപ്പ് തിയ്യതിക്ക് ആറുമാസം മുമ്പു വരെ നല്‍കിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക്, പുതുതായി രജിസ്റ്റര്‍ ചെയ്ത സമ്മതിദായകര്‍ക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖ എന്നിവ പരിശോധിച്ച് കൃത്യത വരുത്തുകയാണ് ഒന്നാം പോളിങ് ഓഫിസറുടെ ചുമതല.
സമ്മതിദായകന്റെ ക്രമനമ്പര്‍ വോട്ട് രജിസ്റ്ററില്‍ രേഖപ്പെടുത്തേണ്ടതും മഷിയടയാളമിടേണ്ടതും രണ്ടാം പോളിങ് ഓഫിസറാണ്.
വോട്ടിങ് മെഷീന്റെ ചുമതലയാണ് മൂന്നാം പോളിങ് ഓഫിസര്‍ക്ക്. വോട്ടിങ് കംപാര്‍ട്ട്‌മെന്റില്‍ ആരുമില്ലെന്ന് ഉറപ്പുവരുത്തി സമ്മതിദായകന് വോട്ട് രേഖപ്പെടുത്താനും വോട്ടര്‍ സ്ലിപ്പിലെ ക്രമനമ്പറടിസ്ഥാനത്തില്‍ വോട്ട് ചെയ്യാന്‍ സാഹചര്യം ഒരുക്കേണ്ടതും മൂന്നാം പോളിങ് ഓഫിസറാണ്.
ഇതുപ്രകാരം വോട്ട് ചെയ്യുന്നതിനു മുമ്പും സമ്മതിദായകന്‍ പോളിങ് സ്റ്റേഷനില്‍ നിന്നു മടങ്ങുന്നതിന് തൊട്ടു മുമ്പും പോളിങ് ഓഫിസര്‍ ചൂണ്ടുവിരല്‍ പരശോധിച്ച് മഷിയടയാളം വ്യക്തമായി പതിഞ്ഞിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം.
പോളിങ് ഏജന്റുമാര്‍ക്ക് പാസുകള്‍ നിര്‍ബന്ധമാണ്. ഓരോ സ്ഥാനാര്‍ഥിക്കും ഒരു പോളിങ് ഏജന്റിനെയും പകരക്കാരായി രണ്ടു പോളിങ് ഏജന്റുമാരെയും ബൂത്തില്‍ നിയമിക്കാം. സ്ഥാനാര്‍ഥിക്കൊപ്പം ഒരു ഏജന്റിന് മാത്രമാണ് പോളിങ് ബൂത്തില്‍ അനുമതിയുണ്ടാവുക. ഏജന്റിന് ബൂത്തില്‍ പ്രവേശിക്കാനും പുറത്തു പോവുന്നതിനും പാസോ പെര്‍മിറ്റോ ഉറപ്പുവരുത്തണം.
ക്രമസമാധാന പാലനത്തിന് വിധേയമായി പോളിങ് സ്റ്റേഷന് പുറത്ത് വോട്ട് ചെയ്യാന്‍ നില്‍ക്കുന്ന സമ്മതിദായകരുടെ ഫോട്ടോയെടുക്കാം. എന്നാല്‍, സമ്മതിദായകര്‍ വോട്ട് രേഖപ്പെടുത്തുന്ന ഫോട്ടോയെടുക്കാന്‍ ഫോട്ടോഗ്രാഫര്‍മാരെ അനുവദിക്കില്ല.
Next Story

RELATED STORIES

Share it