kozhikode local

പോളിങ് ബൂത്ത് ക്രമീകരണത്തില്‍ അപാകത; ജനം പ്രക്ഷോഭത്തിന്

താമരശ്ശേരി: ഒരു വാര്‍ഡില്‍ താമസിക്കുന്നവര്‍ അഞ്ചിടങ്ങളിലായി വോട്ടു ചെയ്യേണ്ടി വരുന്നതിനെതിരെ പ്രതിഷേധം ശക്തമാവുന്നു. ഉണ്ണികുളം ഗ്രാമപ്പഞ്ചായത്തിലെ പൂനൂര്‍ ഒമ്പതാം വാര്‍ഡില്‍ പോളിങ് ബൂത്ത് ക്രമീകരണത്തിലെ അപാകതക്കെതിരെയാണ് പ്രദേശവാസികള്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നത്. പൂനൂര്‍ വാര്‍ഡിലെ വോട്ടര്‍മാര്‍ അഞ്ച് ബൂത്തുകളിലായാണ് ഇപ്പോള്‍ വോട്ടു ചെയ്യുന്നത്.
നൂറുമീറ്ററിനടുത്തുള്ള സ്‌കൂളില്‍ പോളിങ് ബൂത്തുണ്ടായിട്ടും കിലോമീറ്ററുകള്‍ അകലെയുള്ള ബൂത്തുകളാണ് ഇവര്‍ക്ക് നല്‍കുന്നത്. പൂനൂര്‍ ടൗണ്‍, ഏഴുവളപ്പില്‍ ഭാഗത്തുള്ളവര്‍ തൊട്ടടുത്ത് പൂനൂര്‍ യുപി സ്‌കൂളില്‍ ബൂത്തുണ്ടായിട്ടും രണ്ട് കിലോമീറ്റര്‍ സഞ്ചരിച്ച് മഠത്തുംപൊയില്‍ സ്‌കൂളിലെത്തിയാണ് വോട്ടു ചെയ്യേണ്ടി വരുന്നത്.
നരിക്കുനി റോഡ്, മൈലക്കാട്ടുകണ്ടി ഭാഗത്തുള്ളവര്‍ക്ക് നൂറുമീറ്ററിനുള്ളില്‍ ബൂത്തുണ്ടായിട്ടും കിലോമീറ്ററോളം സഞ്ചരിച്ച് കാന്തപുരം എഎല്‍പി സ്‌കൂളിലെത്തണം. കക്കാട്, ഉമ്മിണികുന്ന്, പിലാവുള്ളതില്‍ ഭാഗത്തുള്ളവര്‍ കേളോത്ത് ബൂത്തിലെത്തണം. പ്രായമായ വോട്ടര്‍മാര്‍ക്കാണ് ദൂരക്കൂടുതല്‍ കടുത്ത ദുരിതമാവുന്നത്.
കഴിഞ്ഞ നിയമസഭ, ലോക്‌സഭ തിരഞ്ഞെടുപ്പുകളില്‍ പോളിങ് ബൂത്ത് ശാസ്ത്രീയമായി ക്രമീകരിക്കണമെന്ന് രാഷ്ട്രീയകക്ഷികള്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇതുവരെ നടപടിയായിട്ടില്ല. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയിലും തഹസില്‍ദാര്‍ക്കും പരാതി നല്‍കിയതിനെ തുടര്‍ന്ന് വില്ലേജ് ഓഫിസറുടെ നേതൃത്വത്തില്‍ രാഷ്ട്രീയകക്ഷികളുടെ യോഗം വിളിച്ചെങ്കിലും തുടര്‍നടപടികളുണ്ടായില്ല. പൂനൂര്‍ ജിഎംഎല്‍പി സ്‌കൂളില്‍ പുതുതായി ഒരു ബൂത്ത് ക്രമീകരിച്ച് പ്രശ്‌നത്തിന് പരിഹാരം കാണാമെന്നായിരുന്നു യോഗത്തിലുണ്ടായ ധാരണ്. ഇതുപ്രകാരം ബൂത്ത് പരിശോധിക്കാനെത്തിയ ഉദ്യോഗസ്ഥര്‍ ബൂത്തിന് രണ്ട് വാതില്‍ വേണമെന്ന കാരണം പറഞ്ഞ് ഒഴിവാക്കുകയായിരുന്നു. എന്നാല്‍ പ്രദേശത്തെ ഒരു ബൂത്തുകളിലും രണ്ട് വാതിലുകളില്ലെന്നതാണ് വിചിത്രമായ കാര്യം.
പോളിങ് ബൂത്ത് ക്രമീകരണത്തിലെ അപാകത പരിഹരിച്ച് ജനങ്ങള്‍ക്ക് സുഗമമായി വോട്ടു ചെയ്യാനുള്ള സൗകര്യമൊരുക്കണമെന്നാണ് പ്രദേശത്തു കാരുടെ ആവശ്യം.
Next Story

RELATED STORIES

Share it