പോളിങ് ബൂത്തുകള്‍ സ്ഥാപിക്കുന്നതിനു തടസ്സമില്ല

കൊച്ചി: മദ്‌റസകള്‍ ആരാധനാലയങ്ങളല്ലെന്നും അതിനാല്‍ പോളിങ് ബൂത്തുകള്‍ സ്ഥാപിക്കുന്നതിനു തടസ്സമില്ലെന്നും ഹൈക്കോടതി. മദ്‌റസകള്‍ സ്‌കൂളുകള്‍ പോലെ പ്രവര്‍ത്തിക്കുന്ന പഠനകേന്ദ്രങ്ങളാണെന്നും അതിന് ആരാധനാ പ്രാധാന്യമില്ലെന്നും അതിനാല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ പോളിങ് ബൂത്തായി സജ്ജീകരിക്കാമെന്നും ജസ്റ്റിസ് വി ചിദംമ്പരേശ് വ്യക്തമാക്കി.
കാസര്‍കോട് കല്ലക്കട്ട സ്വദേശി ബി എ കാസിം സമര്‍പ്പിച്ച ഹരജി തള്ളിയാണ് കോടതി ഉത്തരവ്. കാസര്‍കോട് ചെങ്കള ഗ്രാമപ്പഞ്ചായത്തിലെ ഒന്നാംവാര്‍ഡിലെ പോളിങ് സ്‌റ്റേഷനായി കല്ലക്കട്ട എയുപി സ്‌കൂളാണു നിശ്ചയിച്ചിരുന്നത്. എന്നാല്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ ഇലക്ടറല്‍ ഓഫിസറും കടംപറ്റ നൂറുല്‍ ഹുദാ മദ്‌റസയും ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസയും പോളിങ് സ്‌റ്റേഷനാക്കി നിശ്ചയിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഹാന്റ് ബുക്കില്‍ മതപരമായ പ്രാധാന്യമുള്ള സ്ഥലങ്ങള്‍ പോളിങ് സ്‌റ്റേഷനാക്കരുതെന്നു വ്യക്തമാക്കുന്നുണ്ട്.
എന്നാല്‍ മദ്‌റസകള്‍ പോളിങ് സ്‌റ്റേഷനാക്കിയതു ഭരണഘടനാവിരുദ്ധമാണെന്നും അതിനാല്‍ ഇത് അനുവദിക്കരുതെന്നും ചൂണ്ടിക്കാട്ടിയാണു ഹരജിക്കാര്‍ കോടതിയെ സമീപിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഹാ ന്റ് ബുക്കില്‍ പോലിസ് സ്‌റ്റേഷന്‍, ആശുപത്രി, മതസ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍ പോളിങ് സ്‌റ്റേഷന്‍ സ്ഥാപിക്കരുതെന്നു വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ മദ്‌റസകളെ മതസ്ഥാപനമെന്ന രീതിയില്‍ കണക്കാക്കാനാവില്ലെന്നു കോടതി വ്യക്തമാക്കി.
ചെങ്കള പഞ്ചായത്തിലെ വാ ര്‍ഡ് ഒന്നിന്റെ പോളിങ് സ്‌റ്റേഷനുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയില്‍ വിശദീകരണം നല്‍കിയിരുന്നു. സിപിഎമ്മാണ് മദ്‌റസയില്‍ നിന്നു പോളിങ് സ്‌റ്റേഷന്‍ മാറ്റണമെന്ന ആവശ്യമുന്നയിച്ചത്. ആവശ്യം പരിഗണിച്ച് റിട്ടേണിങ് ഓഫിസര്‍ അന്വേഷണം നടത്തി. തുടര്‍ന്നാണ് പോളിങ് സ്‌റ്റേഷന്‍ മാറ്റേണ്ടതില്ലെന്ന തീരുമാനമെടുത്തത്.
ആദ്യം നിശ്ചയിച്ചിരുന്ന പോളിങ് സ്‌റ്റേഷന് സമീപം വോട്ടര്‍മാര്‍ കുറവായതിനാലാണു മദ്‌റസയിലേക്ക് മാറ്റിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പിന് ഇതേ കെട്ടിടമാണ് പോളിങ് സ്‌റ്റേഷനായി ഉപയോഗിച്ചതെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചു.
തുടര്‍ന്നാണ് മദ്‌റസയില്‍ പോളിങ് സ്‌റ്റേഷന്‍ സ്ഥാപിക്കുന്നതില്‍ അപാകതയില്ലെന്നു കോടതി വ്യക്തമാക്കിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള മാര്‍ഗനിര്‍ദേശങ്ങളല്ല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ളതെന്നും കോടതി ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it