palakkad local

പോളിങ് ബൂത്തുകളിലെ അടിസ്ഥാനസൗകര്യങ്ങള്‍ മുന്‍കൂട്ടി നടപ്പാക്കണം: ജില്ലാ കലക്ടര്‍

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ പോളിങ്ബൂത്തുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മുന്‍കൂട്ടി തയ്യാറാക്കുന്നതിന് ജീവനക്കാര്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ കലക്ടര്‍ പി മേരിക്കുട്ടി അറിയിച്ചു. കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന റിട്ടേണിങ് ഓഫിസര്‍മാര്‍, ബന്ധപ്പെട്ട ജീവനക്കാര്‍ എന്നിവരുടെ യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കലക്ടര്‍. വെള്ളവും വെളിച്ചവും എത്തിക്കുന്നതിന് മുന്‍കൂട്ടി നപ്പാക്കണമെന്നും അവസാന നിമിഷത്തേക്കായി മാറ്റിവയ്ക്കരുതെന്നും ജില്ലാ കലക്ടര്‍ ഓര്‍മ്മിപ്പിച്ചു.
എല്ലാ പോളിംഗ് ബൂത്തിലെയും വിവരങ്ങള്‍ മുന്‍കൂട്ടി പരിശോധന നടത്തി കുറവുകള്‍ ഉണ്ടെങ്കില്‍ റിട്ടേണിംഗ് ഓഫിസര്‍മാര്‍ അവ ഉടന്‍ പരിഹരിക്കണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു. പോളിങ്‌സ്റ്റേഷനുകളില്‍ വെള്ളം, വെളിച്ചം, പ്രാഥമികസൗകര്യങ്ങള്‍ എന്നിവക്കു പുറമെ ഭിന്നശേഷി വോട്ടര്‍മാര്‍ക്കും വിവിധ ശാരീരിക അവശതകള്‍ അനുഭവിക്കുന്നവര്‍ക്കും വേണ്ടി റാമ്പ് സംവിധാനവും മുന്‍കൂട്ടി ഏര്‍പ്പെടുത്തണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു. ഗവണ്‍മെന്റ് കെട്ടിടങ്ങളിലുള്ള പോളിങ് സ്റ്റേഷനുകളില്‍ റാമ്പ് സംവിധാനം നിര്‍മിക്കാന്‍ സര്‍ക്കാര്‍ ഫണ്ട് ഉപയോഗിക്കാമെന്നും ജില്ലയില്‍ 308 പോളിങ്‌സ്റ്റേഷനുകളിലാണ് റാമ്പ് സംവിധാനം ഏര്‍പ്പെടുത്തേണ്ടതെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. 68 സര്‍ക്കാര്‍ സ്‌കൂളുകളിലും 155 എയ്ഡഡ് സ്‌കൂളുകളിലും 22 അണ്‍ എയ്ഡഡ് സ്‌കൂളുകളിലും റാമ്പ് സംവിധാനം വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ മുഖേന നടപ്പാക്കണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.
ഇലക്ഷന്റെ സുഗമമായ നടത്തിപ്പിന് വിവിധ സ്‌ക്വാഡുകളുടെ പ്രവര്‍ത്തനവും യോഗത്തില്‍ വിലയിരുത്തി. ഫഌയിംഗ്-ആന്റി ഡിഫെസ്‌മെന്റ് - സ്റ്റാറ്റിക് സര്‍വെലെന്‍സ് എന്നീ സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം വിപുലീകരിച്ചതായും ജില്ലാ കലക്ടര്‍ അറിയിച്ചു.
പാലക്കാട് മണ്ഡലത്തില്‍ എല്ലാ ബൂത്തുകളിലും വി വി പാറ്റ് സംവിധാനം ഏര്‍പ്പെടുത്തും എന്നാല്‍ 1350 വോട്ടര്‍മാരില്‍ അധികമുള്ള പോളിങ് സ്റ്റേഷനില്‍ സാങ്കേതിക കാരണങ്ങളാല്‍ വി വി പാറ്റ് സംവിധാനം ഉപയോഗിക്കാനാവില്ലെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. വനിതാ ജീവനക്കാരെ മാത്രമായി നിയമിക്കുന്നതിന് സുരക്ഷ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുള്ള പോളിങ്‌സ്റ്റേഷനുകളുടെ റിപോര്‍ട്ട് റിട്ടേണിംഗ് ഓഫിസര്‍മാര്‍ എത്രയും പെട്ടന്ന് ജില്ലാ കലക്ടര്‍ക്ക് നല്‍കണം. വള്‍ണറബിള്‍ ആണെന്ന് കണ്ടെത്തിയ 24 പോളിങ് സ്റ്റേഷനുകളും 315 പ്രശ്‌നബാധിത പോളിങ് സ്റ്റേഷനുകളുമുണ്ട്. ക്രിട്ടിക്കല്‍ പോളിങ് ബൂത്തുകളും ജില്ലയിലുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിന്റെ അടിസ്ഥാനത്തില്‍ ചില ബൂത്തുകള്‍ ക്രിട്ടിക്കല്‍ ബൂത്തുകളായി കണ്ടെത്തിയിട്ടുണ്ട്.
അവ നിരീക്ഷണ വിധേയമാക്കാന്‍ ബന്ധപ്പെട്ട വരണാധികാരികള്‍ക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. സ്ഥാനാര്‍ഥികള്‍ക്കുള്ള ചിഹ്നങ്ങള്‍ ഇല്കഷന്‍ കമ്മീഷന്റെ വെബ് സൈറ്റില്‍ നിന്നും എടുത്ത് ആവശ്യമായത് രാഷ്ട്രീയ കക്ഷികള്‍ റിസര്‍വ് ചെയ്യണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. ഇലക്ഷന്‍ നടക്കുന്നതുവരെയുള്ള എല്ലാ ചൊവ്വാഴ്ചകളിലും റിട്ടേണിംഗ് ഒാഫീസര്‍മാര്‍ക്ക് വൈകീട്ട് മൂന്നിന് മീറ്റിംഗ് നടത്തുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. യോഗത്തില്‍ ഒറ്റപ്പാലം സബ് കളക്ടര്‍ പി ബി നൂഹ്, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ഗോപാലകൃഷ്ണന്‍ പി വി, ആര്‍ ഡി ഒ എം സി റെജിന്‍, പി എ ഷാനവാസ്ഖാന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it