പോളിങ് ബൂത്തിലെ ചട്ടലംഘനം; ജി സുധാകരനെതിരേ എഫ്‌ഐആര്‍

ആലപ്പുഴ: പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ വോട്ട് ചെയ്യവെ എത്തിനോക്കിയെന്ന പരാതിയില്‍ അമ്പലപ്പുഴ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജി സുധാകരനെതിരേ പുന്നപ്ര പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ആലപ്പുഴ ഡിവൈഎസ്പിക്കാണ് അന്വേഷണച്ചുമതല.
വോട്ട് ചെയ്യുന്നതിനിടെ ക്രമരഹിതമായി ഇടപെട്ടു, ബാലറ്റിന്റെ രഹസ്യസ്വഭാവം കാത്തുസൂക്ഷിച്ചില്ല, വോട്ട് ചെയ്യാന്‍ നിര്‍ബന്ധിച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തി ഇന്ത്യന്‍ പീനല്‍ കോഡിലെ 171 സി (1) ജനപ്രാതിനിധ്യ നിയമം 130 (1) (എ), 131, 132 വകുപ്പുകള്‍ പ്രകാരമാണു നടപടി.
സംഭവത്തില്‍ അടിയന്തരമായി കേസെടുത്ത് അന്വേഷണം നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷനര്‍ ഇ കെ മാജി ജില്ലാ പോലിസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇന്നലെ രാവിലെ 11.30ഓടെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. യുഡിഎഫ് സ്ഥാനാര്‍ഥി ശെയ്ക്ക് പി ഹാരിസിന്റെ മുഖ്യതിരഞ്ഞെടുപ്പ് ഏജന്റ് സുനില്‍ ജോര്‍ജാണ് പരാതിക്കാരന്‍. ജില്ലാ ഇലക്ഷന്‍ വിഭാഗം അന്വേഷണം നടത്തുകയും തിരഞ്ഞെടുപ്പ് കമ്മീഷന് റിപോര്‍ട്ട് കൈമാറുകയും ചെയ്തിരുന്നു.
അതേസമയം, ജി സുധാകരനെതിരേയുള്ള പരാതി കെട്ടിച്ചമച്ചതാണെന്ന് എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ ആര്‍ നാസര്‍ പറഞ്ഞു. പ്രിസൈഡിങ് ഓഫിസറോ പോളിങ് ഉദ്യോഗസ്ഥരോ പോളിങ് ഏജന്റുമാരോ വിഎസ് വോട്ടുചെയ്യുമ്പോള്‍ ഒരുതരത്തിലുള്ള ആക്ഷേപവും ഉന്നയിച്ചിരുന്നില്ല. പോളിങ് അവസാനിക്കുമ്പോഴും ഇത്തരമൊരു ആരോപണം ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 16ന് വൈകീട്ട് 4.15നാണ് വി എസ് അച്യുതാനന്ദനും ഭാര്യ വസുമതിയും അമ്പലപ്പുഴ മണ്ഡലത്തില്‍പ്പെട്ട പറവൂര്‍ ഗവ. സ്‌കൂളിലെ ബൂത്തിലെത്തിയത്.
Next Story

RELATED STORIES

Share it