Kottayam Local

പോളിങില്‍ വര്‍ധന; ചങ്ങനാശ്ശേരിയില്‍ കൂട്ടലും കിഴിക്കലുമായി മുന്നണികള്‍

ചങ്ങനാശ്ശേരി: നിയോജക മണ്ഡലത്തിലെ പോളിങ് ശതമാനത്തിലെ മൂന്നു ശതമാനം വര്‍ധന തങ്ങളുടെ വിജയം ഉറപ്പാക്കുമെന്ന വിശ്വാസത്തിലാണ് ഇരുമുന്നണികളും. അതുകൊണ്ടു തന്നെ തിരഞ്ഞെടുപ്പിനുശേഷം കൂട്ടലും കിഴിക്കലുമായിട്ടായിരുന്നു വോട്ടിനുശേഷമുള്ള സമയങ്ങള്‍ പ്രവര്‍ത്തകര്‍ ചെലവഴിച്ചത്. നാളെ ഫലം പുറത്തുവരുന്നതോടെ ഇതിനു വിരാമമാവും.
2011ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ചങ്ങനാശ്ശേരിയില്‍ 72.51 ശതമാനമായിരുന്നു പോളിങ്. എന്നാല്‍ ഇത്തവണ അത് 75.35 ശതമാനമായി വര്‍ധിച്ചിട്ടുണ്ട്. പുതിയ വോട്ടര്‍മാരുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനവ് ഇല്ലാതിരുന്നിട്ടു കൂടിയുള്ള പോളിങ് ശതമാനത്തിലെ വര്‍ധനയാണ് ഇരുമുന്നണികളെയും പ്രതീക്ഷ വര്‍ധിപ്പിക്കുന്നത്.
2006ലും 2001ലും ല്‍ 67ശതമാനമായിരുന്നു പോളിംഗ് നടന്നതെങ്കില്‍ 96ല്‍ 71 ശതമാനവും 91ല്‍ 73 ശതമാനവും പോളിങ് നടന്നു. 1987ലായിരുന്നു ചങ്ങനാശ്ശേരിയിലെ ഏറ്റവും ഉയര്‍ന്ന പോളിംഗ്.83 ശതമാനം. എന്നാല്‍ കഴിഞ്ഞദിവസങ്ങളില്‍ പുറത്തുവന്ന എക്‌സിറ്റ് പോളുകള്‍ ആശങ്കയോടെയാണ് യുഡിഎഫ് കാണുന്നത്. കഴിഞ്ഞകാല തിരഞ്ഞെടുപ്പുകളില്‍നിന്നും വ്യത്യസ്ഥമായി ഇത്തവണ ബിജെപി-ബിഡിജെഎസ് സ്ഥാനാര്‍ഥിയും എസ്ഡിപിഐ സ്ഥാനാര്‍ഥിയും രംഗത്തുള്ളത് ആരെയാണ് ബാധിക്കുകയെന്നും ഇരുകൂട്ടരും വിലയിരുത്തുന്നുണ്ട്.
മുമ്പ് ക്രൈസ്തവ വോട്ടുകള്‍ ഏകീകരിക്കുമായിരുന്നെങ്കില്‍ ഇത്തവണ അതു വിഭജിക്കാനുള്ള സാധ്യതയും ആരും തള്ളിക്കളയുന്നില്ല. എന്‍ഡിഎയുടെ സാന്നിധ്യം ന്യൂനപക്ഷ വോട്ടുകളെ എല്‍ഡിഎഫിന് അനുകൂലമായി മാറിയിട്ടുണ്ടാവാമെന്നുമാണ് എല്‍ഡിഎഫ് വിലയിരുത്തുന്നത്. അതുകൊണ്ട് വിജയം ഉറപ്പെന്ന് അവര്‍ പറയുന്നു. നിയോജക മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ പോളിങ് നടന്നത് തൃക്കൊടിത്താനം വിബി യുപി സ്‌കൂളിലാണ്. 89.25 ശതമാനം. എല്‍ഡിഎഫ് ഭരിക്കുന്ന ഏക പഞ്ചായത്തും തൃക്കൊടിത്താനമാണ്. വാഴപ്പള്ളി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ബൂത്തില്‍ 86.35 ശതമാനവും ചങ്ങനാശ്ശേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ 64.47 ശതമാനവും പോളിങ് നടന്നു.
Next Story

RELATED STORIES

Share it