പോലിസ് സ്‌റ്റേഷനുകളുടെ ചുമതല സിഐമാര്‍ക്ക് നല്‍കണമെന്നു ശുപാര്‍ശ

തിരുവനന്തപുരം: സംസ്ഥാനത്തെ 268 സ്‌റ്റേഷനുകളില്‍ കൂടി അടിയന്തിരമായി സിഐമാരെ നിയമിക്കണമെന്ന് എഡിജിപി അധ്യക്ഷനായ സമിതിയുടെ ശുപാര്‍ശ. ഇപ്പോള്‍ 207 സ്‌റ്റേഷനുകളുടെ ചുമതല മാത്രമാണു സിഐമാര്‍ക്കുള്ളത്.
സിഐമാരില്ലാത്ത സ്‌റ്റേഷനുകളുടെ ചുമതല ഡിവൈഎസ്പിമാരാണ് ഇപ്പോള്‍ വഹിക്കുന്നതെന്നും ഇതു പ്രായോഗിക ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും റിപോര്‍ട്ടില്‍ പറയുന്നു. ജനുവരി ഒന്നു മുതലാണ് 207 സ്‌റ്റേഷനുകളുടെ ചുമതല സിഐമാര്‍ക്ക് കൈമാറി സേനയില്‍ പരിഷ്‌കാരം നടപ്പാക്കിയത്. സിഐമാര്‍ നിയന്ത്രിച്ചിരുന്ന ബാക്കി സ്‌റ്റേഷനുകള്‍ ഡിവൈഎസ്പിമാര്‍ക്കു കീഴിലായി.
സിഐമാര്‍ക്ക് സ്‌റ്റേഷന്‍ ചുമതല നല്‍കിയ ശേഷമുള്ള സ്ഥിതി വിലയിരുത്താനാണ് എഡിജിപി ആനന്ദകൃഷ്ണന്‍ അധ്യക്ഷനായ സമിതിയെ ഡിജിപി ചുമതലപ്പെടുത്തിയത്. സംസ്ഥാനത്തെ മുഴുവന്‍ പോലിസ് സ്‌റ്റേഷനുകളുടെയും ഭരണം സിഐമാരിലേക്ക് വരുന്നതോടെ ഓരോ സിഐക്ക് കീഴിലും കുറഞ്ഞത് മൂന്ന് എസ്‌ഐമാരുണ്ടാവും.
ക്രമസമാധാനം, കുറ്റാന്വേഷണം, ട്രാഫിക് എന്നിങ്ങനെ എസ്‌ഐമാര്‍ക്ക് ചുമതല വീതിച്ച് നല്‍കാമെന്നും റിപോര്‍ട്ടില്‍ പറയുന്നു.
പോലിസ് ആസ്ഥാന ഐജി, ബറ്റാലിയന്‍ ഡിഐജി, എസ്പി എന്നിവരടങ്ങിയതായിരുന്നു സമിതി. പോലിസ് സ്‌റ്റേഷനുകളില്‍ ക്രമസമാധാനപാലനവും കേസന്വേഷണവും വിഭജിച്ചു നല്‍കണമെന്ന സുപ്രിംകോടതി ഉത്തരവിനെ തുടര്‍ന്നായിരുന്നു പോലിസ് സ്‌റ്റേഷനുകളുടെ ചുമതല വിഭജിച്ചത്.




Next Story

RELATED STORIES

Share it