പോലിസ് സ്‌റ്റേഷനുകളില്‍ മൂന്നാംമുറ പാടില്ലെന്ന് ഡിജിപിയുടെ നിര്‍ദേശം

തിരുവനന്തപുരം: പോലിസ് സ്‌റ്റേഷനുകളില്‍ മൂന്നാംമുറ പാടില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ കര്‍ശന നിര്‍ദേശം. മൂന്നാംമുറ നടത്തിയതായി തെളിഞ്ഞാല്‍ പ്രതികള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഡിജിപി മുന്നറിയിപ്പ് നല്‍കി. ഒരാളെ അറസ്റ്റ് ചെയ്യുമ്പോള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ പോലിസ് കൃത്യമായി പാലിക്കണം. മര്‍ദിച്ച് കുറ്റം തെളിയിക്കുന്ന രീതി പാടില്ലെന്നും അദ്ദേഹം നിര്‍ദേശിച്ചു.
വരാപ്പുഴയില്‍ പോലിസ് മര്‍ദനത്തില്‍ യുവാവ് മരിച്ച സംഭവം വിവാദമായ പശ്ചാത്തലത്തിലാണ് ഡിജിപിയുടെ നിര്‍ദേശം. പോലിസ് സ്‌റ്റേഷനുകളുടെ പ്രവര്‍ത്തനങ്ങള്‍ കാമറ നിരീക്ഷണത്തിലാക്കുന്നതിനായുള്ള നിര്‍ദേശങ്ങളും ഡിജിപി നല്‍കിയിട്ടുണ്ട്. ഒരാഴ്ചയ്ക്കുള്ളില്‍ എല്ലാ പോലിസ് സ്‌റ്റേഷനുകളിലും ഒരു മാസത്തെ ദൃശ്യങ്ങള്‍ ശേഖരിച്ചുവയ്ക്കാന്‍ ശേഷിയുള്ള എച്ച്ഡി നിരീക്ഷണ കാമറകള്‍ സ്ഥാപിക്കണം. ലോക്കപ്പുകള്‍ ലഭ്യമാവുന്ന നിലയിലാവണം സ്ഥാപിക്കേണ്ടത്. സ്‌റ്റേഷന്റെ മുന്‍ഭാഗം, പിന്‍ഭാഗം, എസ്എച്ച്ഒയുടെ മുറി, സന്ദര്‍ശകമുറി, ജിഡി ചാര്‍ജ് ഏരിയ എന്നിവിടങ്ങള്‍ കാമറ പരിധിയിലായിരിക്കണം. രാത്രികാലങ്ങളില്‍ പ്രതികളെ ലോക്കപ്പില്‍ സൂക്ഷിക്കേണ്ടിവന്നാല്‍ ഡിവൈഎസ്പി, ഡെപ്യൂട്ടി കമ്മീഷണര്‍ എന്നിവരെ അറിയിക്കണം.
പ്രതികളെ സെല്ലില്‍ കൊണ്ടുവന്നാല്‍ ദേഹപരിശോധന നടത്തി അപകടകരമായ ഒന്നും കൈയിലില്ലെന്ന് ഉറപ്പാക്കണം. അറസ്റ്റിലാവുന്ന വ്യക്തികളുടെ രോഗവിവരങ്ങള്‍ ചോദിച്ചു മനസ്സിലാക്കി വേണ്ടിവന്നാല്‍ വൈദ്യസഹായം നല്‍കണം. പരാതിക്കാരെ അനാവശ്യമായി സ്റ്റേഷനില്‍ നിര്‍ത്തിച്ച് ബുദ്ധിമുട്ടിക്കരുത്. സംഘര്‍ഷമേഖലയില്‍ നിന്നു പിടികൂടുന്നതോ നാട്ടുകാര്‍ പിടികൂടി ഏല്‍പ്പിക്കുന്നതോ ആയ പ്രതികളെ അവിടെവച്ചുതന്നെ റിപോര്‍ട്ടെഴുതി പഞ്ചായത്ത് അംഗത്തിന്റെയോ നാട്ടുകാരുടെയോ സാന്നിധ്യത്തില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ വൈദ്യപരിശോധന നടത്തണം. ഇത്തരക്കാരുടെ ശരീരത്തില്‍ പരിക്കുകളുണ്ടെങ്കില്‍ അത് പ്രത്യേകം രേഖപ്പെടുത്തിയിരിക്കണമെന്നും നിര്‍ദേശം നല്‍കി.
Next Story

RELATED STORIES

Share it