wayanad local

പോലിസ് സ്റ്റേഷന്‍ കൈയേറി പ്രതിയെ മോചിപ്പിച്ച സംഭവം: പഞ്ചായത്ത് പ്രസിഡന്റുള്‍പ്പെടെ അഞ്ചുപേര്‍ റിമാന്‍ഡില്‍

മാനന്തവാടി: പോലിസ് സ്‌റ്റേഷന്‍ കൈയേറി പ്രതിയെ മോചിപ്പിച്ച സംഭവത്തില്‍ പോലിസ് പിടിയിലായ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ അഞ്ചു സിപിഎം പ്രവര്‍ത്തകരെ കോടതി റിമാന്‍ഡ് ചെയ്തു. പടിഞ്ഞാറത്തറ പഞ്ചായത്ത് പ്രസിഡന്റ് പി ജി സജേഷ്, സ്പര്‍ധ വളര്‍ത്തുന്ന തരത്തില്‍ നോട്ടീസ് വിതരണം ചെയ്ത കുപ്പാടിത്തറ ചേക്ക് ഇബ്രാഹീം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ ബിജുലാല്‍, തുര്‍ക്കി സലാം, ദിനേഷ് എന്നിവരെയാണ് മാനന്തവാടി മുന്‍സിഫ് കോടതി റിമാന്‍ഡ് ചെയ്തത്.
ഇവരെ തിങ്കളാഴ്ച രാത്രിയാണ് പോലിസ് പിടികൂടിയത്. മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി എം വി ശ്രേയാംസ്‌കുമാറിനെ അപകീര്‍ത്തിപ്പെടുത്തുന്ന നോട്ടീസുകള്‍ കുറുമണി, കുപ്പാടിത്തറ ഭാഗങ്ങളിലെ വീടുകളില്‍ വിതരണം ചെയ്തതുമായി ബന്ധെപ്പെട്ട് യുഡിഎഫ് നല്‍കിയ പരാതിയില്‍ ചേക്ക് ഇബ്രാഹീമിനെ ഞായറാഴ്ച വൈകീട്ട് പോലിസ് പിടികൂടുകയും ഇയാള്‍ക്കെതിരേ കേസെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍, രാത്രിയോടെ സ്‌റ്റേഷനിലെത്തിയ 300ഓളം എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഇയാളെ എസ്‌ഐ ഇല്ലാത്ത അവസരത്തില്‍ ഇറക്കിക്കൊണ്ടുപോവുകയാണുണ്ടായത്.
യുഡിഎഫ് നേതാക്കളുടെ പ്രതിഷേധത്തെ തുടര്‍ന്ന് കണ്ടാലറിയാവുന്ന 300ഓളം പേര്‍ക്കെതിരേ പോലിസ് കേസെടുക്കുകയും ചെയ്തു. അതിക്രമിച്ചു കയറി പോലിസ് കസ്റ്റഡിയിലുള്ള പ്രതിയെ തട്ടിക്കൊണ്ടുപോയതുള്‍പ്പെടെ ജാമ്യം ലഭിക്കാത്ത വകുപ്പുകളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.
Next Story

RELATED STORIES

Share it