Kottayam Local

പോലിസ് സ്റ്റേഷനു മുന്നില്‍ വ്യാപാരി കുത്തിയിരിപ്പു സമരം നടത്തി

നെടുംകുന്നം: കടയ്ക്കു മുമ്പില്‍ പെട്ടിയോട്ടോയില്‍ പച്ചക്കറി കച്ചവടം. പൊറുതി മുട്ടിയ വ്യാപാരി പോലിസ് സ്റ്റേഷനു മുമ്പില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇന്നലെ വൈകീട്ട് നാലിനായിരുന്നു കറുകച്ചാല്‍ പോലിസ് സ്റ്റേഷനു മുമ്പില്‍ നാടകീയ രംഗങ്ങള്‍ നടന്നത്. നെത്തല്ലൂരില്‍ പച്ചക്കറി കച്ചവടം നടത്തുന്ന പുതുപ്പറമ്പില്‍ ശിവാനന്ദന്‍ (32) ആണ് പോലിസ് സ്റ്റേഷനു മുമ്പിലെ നടപ്പാതയില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചത്. വര്‍ഷങ്ങളായി നെത്തല്ലൂരില്‍ പച്ചക്കറി കച്ചവടം നടത്തുന്നയാളാണ് ശിവാനന്ദന്‍. സമീപ കാലത്തായി കടയുടെ മുന്‍ഭാഗത്ത് പെട്ടിയോട്ടോയില്‍ പച്ചക്കറികച്ചവടം ആരംഭിച്ചതോടെയാണു പ്രശ്‌നത്തിനു തുടക്കം. പ്രതിമാസം 5000 രൂപയോളം വാടക നല്‍കി നടത്തുന്ന കടയ്ക്കു മുമ്പില്‍ നിന്ന് ഒഴിഞ്ഞു പോവണമെന്ന് ഇയാള്‍ വഴിയോര കച്ചവടക്കാരോട് ആവശ്യപ്പെട്ടു. ഇതില്‍ പ്രകോപിതനായ വഴിയോരകച്ചവടക്കാരന്‍ ശിവാനന്ദനോട് ഭീഷണി മുഴക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് ഇന്നലെ കറുകച്ചാലില്‍ എത്തിയ ശിവാനന്ദന്‍ വ്യാപാരി വ്യവസായി ഏകോപന സമിതിയ്ക്കു പരാതി നല്‍കുകയും ചെയ്തു.
തുടര്‍ന്ന് തന്റെ ഓട്ടോറിക്ഷാ പോലിസ് സ്റ്റേഷന്‍ വളപ്പില്‍ പാര്‍ക്ക് ചെയ്ത ശേഷം പായും തലവണയുമായി പോലിസ് സ്റ്റേഷനു മുന്‍വശത്തെ നടപ്പാതയില്‍ എത്തി പായ വിരിച്ച് കുത്തിയിരിപ്പു സമരം ആരംഭിച്ചു. നാട്ടുകാരും ചില സുഹൃത്തുക്കളും ചേര്‍ന്ന് ഇയാളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ തയ്യാറായില്ല. ശേഷം കറുകച്ചാല്‍ പോലിസ് എത്തി ഇയാളെ നടപ്പാതയില്‍ നിന്നു പിടികൂടി സ്റ്റേഷനിലേക്കു കൊണ്ടുപോയി. ഇയാളുടെ പേരില്‍ കേസെടുത്തതായി പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it