പോലിസ് സ്റ്റേഷനുകളില്‍ സിസിടിവി സ്ഥാപിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

കോഴിക്കോട്: സംസ്ഥാനത്തെ എല്ലാ പോലിസ് സ്റ്റേഷനുകളിലും സിസിടിവി കാമറകള്‍ സ്ഥാപിക്കണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. പരാതിയുമായി പോലിസ് സ്റ്റേഷനിലെത്തുന്നവര്‍ക്ക് രസീത് നല്‍കണമെന്നും കമ്മീഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി മോഹനദാസ് ഉത്തരവിട്ടു. ഇക്കാര്യം സര്‍ക്കുലര്‍ വഴി പോലിസ് സ്റ്റേഷനുകളെ അറിയിക്കണം.
സാധാരണക്കാരും പാവപ്പെട്ടവരും നിരപരാധികളുമാണ് പോലിസിന്റെ കൃത്യവിലോപത്തിനും അധികാര ദുര്‍വിനിയോഗത്തിനും ഇരയാവുന്നത്. നിക്ഷിപ്ത താല്‍പര്യങ്ങളുടെ പേരില്‍ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് പരാതിയുമായി ചെല്ലുന്നവരെ പ്രതിയാക്കുന്ന സംഭവവും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് റിപോര്‍ട്ട് ചെയ്യുന്നുണ്ട്.  പോലിസുദേ്യാഗസ്ഥര്‍ക്കെതിരായ പരാതികള്‍ കമ്മീഷന്റെ പരിഗണനയ്ക്ക് വരുമ്പോള്‍ തെളിവുകളുടെ അഭാവത്തില്‍ തുടര്‍നടപടികള്‍ക്കു കഴിയുന്നില്ലെന്നും പി മോഹനദാസ് നിരീക്ഷിച്ചു. ഇലക്‌ട്രോണിക് രംഗത്തു വലിയ കുതിച്ചുചാട്ടം നടത്തിയ വര്‍ത്തമാന സാഹചര്യത്തില്‍ എല്ലാ പോലിസ് സ്റ്റേഷനുകളിലും സിസിടിവി കാമറ സ്ഥാപിക്കുന്നത് അസാധ്യമല്ലെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. പരാതിയുമായി ചെല്ലുന്നവര്‍ക്ക് രസീത് കൊടുത്തില്ലെങ്കിലും പരാതി നല്‍കിയ വിവരം സിസിടിവി കാമറയില്‍ നിന്നു ശേഖരിക്കാവുന്നതാണെന്നും ഉത്തരവില്‍ പറയുന്നു.
കുറ്റകൃത്യം ഉണ്ടാവാന്‍ സാധ്യതയുണ്ടെന്ന് ആരോപിച്ച് പരാതി നല്‍കുമ്പോള്‍ രസീത് നല്‍കാതിരിക്കുന്നതുവഴി, കുറ്റകൃത്യം സംഭവിച്ച ശേഷം കൈമലര്‍ത്തുന്ന രീതി അനുവദനീയമല്ലെന്ന് കമ്മീഷന്‍ പറഞ്ഞു. അഭിലാഷ് മലയില്‍ നല്‍കിയ പരാതിയിലാണ് നടപടി. ഇന്ന് രാവിലെ 11ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസില്‍ സിറ്റിങ് നടത്തുമെന്ന് കമ്മീഷന്‍ അറിയിച്ചു.
Next Story

RELATED STORIES

Share it