പോലിസ് സ്റ്റേഷനുകളില്‍ പരാതിക്കാരന്‍ പ്രതിയാവുന്ന സാഹചര്യം

കൊച്ചി: പരാതിക്കാരന്‍ പ്രതിയാവുന്ന സാഹചര്യം പോലിസ് സ്റ്റേഷനുകളില്‍ നിലനില്‍ക്കുന്നുണ്ടെന്നും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെ പോലിസ് ബുദ്ധിമുട്ടിക്കുന്ന സാഹചര്യം  ഉണ്ടാവരുതെന്നും മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ പി മോഹനദാസ്. എറണാകുളം വൈഎംസിഎയുടെയും ആര്‍ടിഐ കേരള ഫെഡറേഷന്റെയും വോട്ടേഴ്‌സ് അലൈന്‍സിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ നല്ല സമരിയാക്കാരന്‍ നിയമത്തിന്റെ ആവശ്യകത എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സഹജീവിയോടുള്ള സഹാനുഭൂതി രാജ്യത്ത് മനുഷ്യര്‍ക്കിടയില്‍ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ അപകടത്തില്‍ മരണപ്പെട്ട 13 ലക്ഷം പേരില്‍ പകുതിയും കൃത്യസമയത്ത് ചികില്‍സ കിട്ടാതെ ജീവന്‍വെടിഞ്ഞവരാണ്. നാടിനെക്കുറിച്ചുള്ള പ്രതീക്ഷകള്‍ക്ക് വിരുദ്ധമായ സംഭവങ്ങളാണ് ഉണ്ടാവുന്നത്. പോലിസിന്റെ നടപടികള്‍ ഭയന്നാണ് പലരും ഇത്തരം കാര്യങ്ങളില്‍ നിന്ന് പിന്മാറുന്നതെന്ന് അദ്ദേഹം പറഞ്ഞു.
നല്ല പരിശീലനം ലഭിച്ചതിനു ശേഷമാണ് പോലിസുകാര്‍ സര്‍വീസ് ആരംഭിക്കുന്നത്. എന്നാ ല്‍, കാക്കിക്കുള്ളില്‍ കയറിയാല്‍ എന്ത് ധാര്‍ഷ്ട്യവും ആവാമെന്നാണ് ചില പോലിസുകാരുടെ ചിന്ത. പരാതിയുമായി ചെന്നാല്‍ പോലും സ്റ്റേഷനില്‍ നിന്നു മോശം അനുഭവം ഉണ്ടാവുന്നു. സമൂഹത്തിലെ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ളവരെ സംരക്ഷിക്കണമെന്ന് നിയമത്തില്‍ അനുശാസിക്കുന്നുണ്ടെങ്കിലും അധികാരികളില്‍ നിന്നു പോലും മോശം അനുഭവങ്ങള്‍ ഉണ്ടാവുന്നത് നമ്മള്‍ കാണുന്നു. നല്ല മനുഷ്യരെ സംരക്ഷിക്കാന്‍ നിയമം വേണമെന്ന അവസ്ഥയിലേക്കു സമൂഹം മാറിയിരിക്കുന്നു. സല്‍സ്വഭാവമുള്ളവരെ സംരക്ഷിക്കാന്‍ നിയമം വേണമെന്നതിന്റെ ഉദാഹരണമാണ് നടപ്പാക്കാന്‍ പോവുന്ന നല്ല സമരിയാക്കാരന്‍ നിയമം. നല്ലത് ചെയ്യുന്നവരെ സംരക്ഷിക്കുന്നതിന് നിയമം വരുന്നതിലും വേണ്ടത് ഇതിലെ വസ്തുതകള്‍ സാധാരണ ജനങ്ങളിലേക്ക് എത്തിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
നിയമങ്ങള്‍ക്കുമപ്പുറം നമുക്ക് ആവശ്യം മനുഷ്യത്വമാണെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ ഡിജിപി ലോക്‌നാഥ് ബഹ്‌റ പറഞ്ഞു. അപകടത്തി ല്‍ പെട്ട ഒരാളെ കാണുമ്പോള്‍ നമുക്ക് കുറച്ച് സമയം നഷ്ടപ്പെട്ടാലും ഒരു ജീവനാണ് രക്ഷിക്കുന്നതെന്ന ചിന്ത എല്ലാവര്‍ക്കും ഉണ്ടാവണമെന്ന് അദ്ദേഹം പറഞ്ഞു. പോലിസ് എന്നത് ഒരു ജോലിയല്ല. ഒരു സേവനമാണ്. കേരളത്തിലെ 99 ശതമാനം പോലിസുകാരും നല്ലവരാണ്. ബാക്കി ഒരു ശതമാനത്തിന്റെ പേരിലാണ് മുഴുവന്‍ പോലിസുകാരും പഴി കേള്‍ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ തിരുവന്തപുരം  സിഎസ്‌ഐ ലോ കോളജ് അസി. പ്രഫ. സ്വപ്‌ന ജോര്‍ജ്, ആര്‍ടിഐ കേരള ഫെഡറേഷന്‍ പ്രസിഡന്റ് അഡ്വ. ഡി ബി ബിനു, വോട്ടേഴ്‌സ് അലൈന്‍സ് പ്രസിഡന്റ് ജോണ്‍ ജോസഫ്, വൈഎംസിഎ പ്രസിഡന്റ് തോമസ് അബ്രഹാം സംസാരിച്ചു.
Next Story

RELATED STORIES

Share it