kasaragod local

പോലിസ് സംവിധാനത്തെ ജനകീയമാക്കല്‍ : മുഴുവന്‍ വീടുകളും സന്ദര്‍ശിക്കുന്ന പദ്ധതി കാഞ്ഞങ്ങാട്ട് പരാജയം



കാഞ്ഞങ്ങാട്: സംസ്ഥാനത്തെ മുഴുവന്‍ വീടുകളും സന്ദര്‍ശിച്ച് കൂടുതല്‍ ജനകീയമാക്കുന്നതിനായി സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതി കാഞ്ഞങ്ങാട്ട് പരാജയം. കാഞ്ഞങ്ങാട് നഗരസഭാ പരിധിയില്‍ പോലിസുകാര്‍ കയറിയിറങ്ങിയത് 3100 വീടുകളില്‍ മാത്രം. 25,000ത്തിലധികം വീടുകള്‍ നഗരസഭക്കുള്ളിലുണ്ടെന്നാണ് ഏകദേശ കണക്ക്. സംസ്ഥാനത്തെ മറ്റു സ്‌റ്റേഷന്‍ പരിധികളിലെല്ലാം ഗൃഹസന്ദര്‍ശനം അഞ്ച് മാസം മുമ്പേ പൂര്‍ത്തിയായിരുന്നു. ചില സാങ്കേതിക തടസ്സങ്ങള്‍ കൊണ്ടാണ് കാഞ്ഞങ്ങാട്ട് ഗൃഹസന്ദര്‍ശനം വൈകിയതെന്ന് ഹൊസ്ദുര്‍ഗ് സിഐ സുനില്‍കുമാര്‍ പറയുന്നു. പദ്ധതി വൈകിയത് മൂലം കൗണ്‍സിലര്‍മാരുമായി ചേര്‍ന്ന് നടപ്പിലാക്കാനാണ് പോലിസ് ഇപ്പോള്‍ ശ്രമിക്കുന്നത്. ഒരു നഗരസഭ കൗണ്‍സിലറിന് മൂന്ന് പോലിസ് എന്ന തോതിലാണ് ഗൃഹസന്ദര്‍ശനം. ജനമൈത്രി പദ്ധതിയിലെ ബീറ്റ് ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ ഓരോ കുടുംബവുമായി സംസാരിച്ച് പ്രശ്‌നങ്ങളുണ്ടെങ്കില്‍ നേരിട്ട് മനസ്സിലാക്കും.ആദ്യഘട്ടമായി 20 സ്‌റ്റേഷനിലാണ് പദ്ധതി ആരംഭിച്ചത്. തുടര്‍ന്ന് 267 സ്‌റ്റേഷനിലേക്ക് വ്യാപിപ്പിച്ചു. കഴിഞ്ഞ ഫെബ്രുവരി 22ന് പദ്ധതി സംസ്ഥാനത്തെ എല്ലാ പോലിസ് സ്‌റ്റേഷനിലും നടപ്പാക്കിയിരുന്നു.സ്ത്രീസുരക്ഷ ഉള്‍പ്പെടെ പോലിസിന്റെ വിവിധ പ്രവര്‍ത്തനങ്ങളെക്കുറിച്ചും നിയമങ്ങളെക്കുറിച്ചും ബോധവല്‍ക്കരിക്കുകയും നിയമസഹായം വേണ്ടവര്‍ക്ക് അത് ലഭ്യമാക്കുകയുമാണ് സന്ദര്‍ശനലക്ഷ്യം. സന്ദര്‍ശനത്തിന്റെ മുഴുവന്‍ വിവരവും റെക്കോഡായി പോലിസ് സ്‌റ്റേഷനില്‍ സൂക്ഷിക്കും. രാജ്യത്ത് ആദ്യമായാണ് ഇത്തരം പദ്ധതി. ഇതോടൊപ്പം ബീറ്റ് ഓഫിസര്‍മാര്‍ക്കായി ബീറ്റ് മൊബൈല്‍ ആപ്ലിക്കേഷനും തയ്യാറാക്കും. ജനമൈത്രിയുമായി ബന്ധപ്പെട്ട എല്ലാ വിവരവും ആപ്പിലുണ്ടാകും. ബീറ്റ് ഓഫിസര്‍മാരുടെ പ്രവര്‍ത്തനം മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് നിരീക്ഷിക്കാനും സാധിക്കും. പോലിസും ജനങ്ങളും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കാനാണ് ജനമൈത്രി പോലിസിങ് നടപ്പാക്കുന്നത്. സ്ത്രീകള്‍, കുട്ടികള്‍, വൃദ്ധര്‍, ആദിവാസികള്‍, മല്‍സ്യത്തൊഴിലാളികള്‍ തുടങ്ങിയ വിഭാഗങ്ങളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും ഒട്ടേറെ പദ്ധതികളാണ് പോലിസ് നടപ്പാക്കുന്നത്. എന്നാല്‍ കാഞ്ഞങ്ങാട് നഗരസഭയില്‍ പദ്ധതി പരാജയപ്പെടുത്താന്‍ ചിലര്‍ ചരട് വലിച്ചുവെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.
Next Story

RELATED STORIES

Share it