kannur local

പോലിസ് സംരക്ഷണം നല്‍കിയില്ല : വിദ്യാര്‍ഥികള്‍ ക്ലാസ് ബഹിഷ്‌കരിച്ചു



തലശ്ശേരി: സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്നലെ പഠനം പുനരാരംഭിച്ച ധര്‍മടത്തെ സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസില്‍ കെഎസ്‌യു പ്രവര്‍ത്തകരായ പത്തോളം വിദ്യാര്‍ഥികള്‍ ക്ലാസ് ബഹിഷ്‌കരിച്ചു. തനിക്കും സഹപ്രവര്‍ത്തകര്‍ക്കും കോളജില്‍ പഠിക്കാന്‍ പോലിസ് സംരക്ഷണമാവശ്യപ്പെട്ട് രണ്ടാംവര്‍ഷ നിയമവിദ്യാര്‍ഥിനിയും കെഎസ്‌യു തൃശൂര്‍ ജില്ലാ സെക്രട്ടറിയുമായ സി ജി സോഫി ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരുന്നു. എന്നാല്‍, വിദ്യാര്‍ഥികള്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്താന്‍ സര്‍വകലാശാലയ്‌ക്കോ അധ്യാപകര്‍ക്കോ കഴിയില്ലെന്ന് പഠനവിഭാഗം മേധാവി വ്യക്തമാക്കി. തുടര്‍ന്നാണ് സോഫി ഉള്‍പ്പെടെയുള്ള കെഎസ്‌യു പ്രവര്‍ത്തകര്‍ ക്ലാസ് ബഹിഷ്‌കരിച്ചത്. ഹൈക്കോടതിയുടെ ഉത്തരവിലാണ് വിദ്യാര്‍ഥികളുടെ പ്രതീക്ഷ. എന്നാല്‍ ഇന്നലെ വൈകുന്നേരം വരെ ഉത്തരവിന്റെ പകര്‍പ്പ് ധര്‍മടം പോലിസ് സ്‌റ്റേഷനില്‍ എത്തിയിട്ടില്ല. എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ ഭീഷണിയുള്ളതിനാല്‍ ക്ലാസില്‍ കയറാന്‍ ഭയമുണ്ടെന്നാണ് കെഎസ്‌യു പ്രവര്‍ത്തകരുടെ വാദം. ഈ നിലയില്‍ ഹാജര്‍ കുറഞ്ഞാല്‍ അതു പരീക്ഷയെ പോലും പ്രതികൂലമായി ബാധിക്കും. കെഎസ്‌യു യൂനിറ്റ് പ്രസിഡന്റ് എ രാഹുലിന്റെ മാതാവ് ഷര്‍മിളയും ഹൈക്കോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്. ഇവര്‍ ഗവര്‍ണര്‍ക്കും പരാതി നല്‍കിയിരുന്നു. കഴിഞ്ഞ മാസം 19ന് കോളജിലുണ്ടായ സംഘര്‍ഷത്തില്‍ സോഫി ഉള്‍പ്പെടെ അഞ്ച് കെഎസ്‌യുകാര്‍ക്കും മൂന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിരുന്നു. ഇരുവിഭാഗത്തിനുമെതിരേ പോലിസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. സംഘര്‍ഷത്തെ തുടര്‍ന്ന് അനിശ്ചിതകാലത്തേക്ക് അടച്ചിട്ട കോളജ് പിടിഎ യോഗത്തിന്റെ തീരുമാനപ്രകാരം ഇന്നലെയാണു തുറന്നത്. ഈ അക്കാദമിക് വര്‍ഷത്തില്‍ കാംപസില്‍ ഒന്നിലധികം വിദ്യാര്‍ഥി സംഘര്‍ഷങ്ങള്‍ അരങ്ങേറിയിരുന്നു. ഒരു കെഎസ്‌യു പ്രവര്‍ത്തകന്റെ ബൈക്കും കത്തിച്ചു. മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ നടന്ന തുടര്‍ച്ചയായ അക്രമത്തില്‍ പോലിസ് പ്രതികളെ പിടികൂടുന്നില്ലെന്നാണ് കെഎസ്‌യുവിന്റെ ആരോപണം.
Next Story

RELATED STORIES

Share it