പോലിസ് സംഘടനാ നേതാവ് അറസ്റ്റില്‍

ബംഗളൂരു: കര്‍ണാടകയില്‍ പോലിസുകാര്‍ നാളെ കൂട്ട അവധി എടുക്കാനിരിക്കെ, പോലിസ് സംഘടനാ നേതാവിനെ അറസ്റ്റ് ചെയ്തു. അഖില കര്‍ണാടക പോലിസ് മഹാസഭ അധ്യക്ഷന്‍ വി ശശിധര്‍ ആണ് അറസ്റ്റിലായത്.
സ്വവസതിയില്‍ വച്ചാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്ന് സിറ്റി പോലിസ് കമ്മീഷണര്‍ എന്‍ എസ് മേഘരിഖ് അറിയിച്ചു.
30 ഓളം പേരടങ്ങുന്ന പോലിസ്‌സംഘം അര്‍ധരാത്രി വീട്ടിലെത്തി ശശിധരനെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ കുടുംബം ആരോപിച്ചു. എവിടേക്കാണ് കൊണ്ടുപോവുന്നതെന്ന് കുടുംബത്തെ പോലിസ് അറിയിച്ചില്ല. വീണ്ടുമെത്തി കംപ്യൂട്ടറും രേഖകളും കൊണ്ടുപോയെന്ന് ശശിധരന്റെ ഭാര്യ പൂര്‍ണിമ പറഞ്ഞു.
രണ്ടാമതും പോലിസ് എത്തിയപ്പോള്‍ താന്‍ വാതില്‍ തുറന്നില്ല. ഇതേ തുടര്‍ന്ന് വാതില്‍ തകര്‍ക്കുമെന്ന് അവര്‍ ഭീഷണിപ്പെടുത്തി- പൂര്‍ണിമ പറഞ്ഞു.
പോലിസുകാര്‍ കൂട്ട അവധിയെടുക്കുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാന പോലിസിനെയും ബന്ധപ്പെട്ട സേവനങ്ങളെയും സര്‍ക്കാര്‍ അവശ്യ സേവന സംരക്ഷണ(എസ്മ) നിയമത്തിന് കീഴിലാക്കിയിരുന്നു. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ താഴെക്കിടയിലുള്ള പോലിസുകാരെ പീഡിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും മതിയായ ശമ്പളവും അവധിയും നല്‍കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധ സൂചകമായി പോലിസുകാര്‍ കൂട്ട അവധി പ്രഖ്യാപിച്ചത്.
Next Story

RELATED STORIES

Share it