kannur local

പോലിസ് ശക്തി കാട്ടുന്നത് ദുര്‍ബലര്‍ക്കെതിരേ മാത്രം: എന്‍ പി ചെക്കുട്ടി

കണ്ണൂര്‍: പോലിസും ഭരണകൂടവും ശക്തി കാട്ടുന്നത് ദുര്‍ബല വിഭാഗങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരേ മാത്രമാണെന്നു തേജസ് ദിനപത്രം ചീഫ് എഡിറ്റര്‍ എന്‍ പി ചെക്കുട്ടി. എസ്ഡിപിഐ ജില്ലാ പ്രതിനിധി സഭയോടനുബന്ധിച്ച് കണ്ണൂര്‍ ചേംബര്‍ ഹാളില്‍ ജനകീയ സമരങ്ങളും ഭരണകൂട നിലപാടുകളും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനകീയ സമരങ്ങളെ നേരിടുമ്പോള്‍ പോലിസിനും ഭരണകൂടത്തിനുമുള്ള ധാര്‍ഷ്ട്യം വന്‍കിട മുതലാളിമാരുടെ കൈയേറ്റങ്ങള്‍ക്കെതിരേ കാണിക്കുന്നില്ല. ഇടതുപക്ഷം കൂടുതല്‍ വലതുപക്ഷമായി മാറുകയാണ്. സാധാരണക്കാരുടെ പ്രശ്‌നങ്ങളെ അവഗണിക്കുകയും കുടിയിറക്കുകയും ചെയ്തതിന്റെ ഫലമാണ് ഇന്ന് ബംഗാളിലും ത്രിപുരയിലുമെല്ലാം ഇടതുപക്ഷം അനുഭവിക്കുന്നത്. ഇപ്പോള്‍ ബംഗാളില്‍ സ്വന്തം തടി രക്ഷിക്കാന്‍ ബിജെപിയെ കൂട്ടുപിടിക്കേണ്ട അവസ്ഥയിലേക്ക് എത്തിച്ചേര്‍ന്നു. ഭരണകൂടത്തിന്റെ ഇത്തരം ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ എല്ലായിടത്തും വിവിധ പ്രസ്ഥാനങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്.
അവരിലാണ് ചെറുത്തുനില്‍പ് അവശേഷിക്കുന്നത്. ഇത്തരം പ്രസ്ഥാനങ്ങളുടെ ഐക്യനിര ശക്തിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ഭരണം ലഭിക്കുമ്പോള്‍ വേട്ടക്കാരനൊപ്പവും പ്രതിപക്ഷത്താവുമ്പോള്‍ ഇരകള്‍ക്കൊപ്പവും എന്ന നിലപാടാണ് ഇടതുപക്ഷത്തിനെന്ന് മനുഷ്യാവകാശ-പരിസ്ഥിതി പ്രവര്‍ത്തകന്‍ ഡോ. ഡി സുരേന്ദ്രനാഥ് പറഞ്ഞു. തെരുവിലിറങ്ങുന്നവരുടെ എണ്ണം ഇപ്പോള്‍ കൂടിവരികയാണ്. ഇത്തരക്കാരെ ആദ്യം വികസനവിരോധികളെന്നു വിളിച്ചവര്‍ ഇപ്പോള്‍ സ്ഥിരം സമരക്കാരെന്നു പറഞ്ഞ് ആക്ഷേപിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഒരുകാലത്ത് അമേരിക്കന്‍ മോഡല്‍ അറബിക്കടലില്‍ എന്നുപറഞ്ഞവര്‍ ഇപ്പോള്‍ അമേരിക്കയില്‍ നിന്ന് ആവേശം കൊള്ളുകയും നിധിന്‍ ഗഡ്കരിയില്‍ നിന്ന് പാഠം പഠിക്കുകയും ചെയ്യുകയാണെന്നത് വിരോധാഭാസമാണെന്ന് മക്്തബ് എഡിറ്റര്‍ പി സുനില്‍കുമാര്‍ പറഞ്ഞു. ലെനിനില്‍ നിന്നും മാര്‍ക്‌സില്‍ നിന്നും പാഠം ഉള്‍ക്കൊള്ളുന്നതിനു പകരം മൂലധനത്തില്‍ അഭിരമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഉച്ചത്തില്‍ പറയുന്നവര്‍ വെടിയുണ്ടകള്‍ക്ക് ഇരയാക്കപ്പെടുന്ന കാലത്ത് അതിനു തയ്യാറായത് ഏറെ അഭിനന്ദനീയമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി സി കെ മുനവ്വിര്‍ പറഞ്ഞു. പ്ലാച്ചിമടയിലും മുഖ്യധാര പാര്‍ട്ടികള്‍ സമരക്കാര്‍ക്കൊപ്പമായിരുന്നില്ല ഉണ്ടായിരുന്നത്. തങ്ങളില്ലാത്ത സമരങ്ങളെയെല്ലാം തീവ്രവാദികള്‍ നുഴഞ്ഞുകയറിയ സമരമെന്നു മുദ്രകുത്തുന്നവരായി സിപിഎം മാറിയെന്നും അദ്ദേഹം പറഞ്ഞു.
എന്തുതന്നെ പേരിട്ടുവിളിച്ചാലും ജനകീയ സമരങ്ങളില്‍ നിന്നു വിട്ടുനില്‍ക്കില്ലെന്നും സാധാരണക്കാര്‍ക്കൊപ്പം നിലയുറപ്പിക്കുകയെന്നത് വര്‍ത്തമാനകാല ഉത്തരവാദിത്തമാണെന്നും എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി പി കെ ഉസ്്മാന്‍ പറഞ്ഞു. ജില്ലാ പ്രസിഡന്റ് ബഷീര്‍ പുന്നാട് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ് സംസാരിച്ചു.
ഇന്ന് രാവിലെ 10ന് മട്ടന്നൂര്‍ റാറാ അവിസ് ഹോട്ടല്‍ ഹാളില്‍ ജില്ലാ പ്രതിനിധി സഭ നടക്കും. സംസ്ഥാന ജനറല്‍ അംഗങ്ങളായ സെക്രട്ടറി എം കെ മനോജ്കുമാര്‍, പി അബ്ദുല്‍ ഹമീദ്, സംസ്ഥാന സമിതിയംഗം കെ കെ അബ്്ദുല്‍ ജബ്ബാര്‍, ജില്ലാ പ്രസിഡന്റ് വി ബഷീര്‍ പുന്നാട് തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്ന് 2018-21 കാലയളവിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുക്കും.
Next Story

RELATED STORIES

Share it