Second edit

പോലിസ് വേട്ട അവസാനിപ്പിക്കണം

ജമ്മുവിലെ കഠ്‌വയില്‍ എട്ടു വയസ്സുകാരിയെ ഹിന്ദുത്വ കൊലയാളികള്‍ ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ കിരാതസംഭവത്തില്‍ രാജ്യത്തെ ജനങ്ങള്‍ അവരുടെ രോഷവും വേദനയും വിവിധ രൂപങ്ങളില്‍ പ്രകടിപ്പിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്തിനകത്തു മാത്രമല്ല, പുറത്തും ഈ സംഭവം വലിയ പ്രതിഷേധമുയര്‍ത്തിയിട്ടുണ്ട്. ലോകജനതയ്ക്കു മുമ്പില്‍ രാജ്യം അപമാന ഭാരത്താല്‍ തല കുനിക്കേണ്ടിവന്ന അത്യന്തം ഹീനമായ സംഭവം കേരളത്തിലും ശക്തമായ പ്രതികരണമാണ് സൃഷ്ടിച്ചത്.
വാര്‍ത്തയുടെ വിശദാംശങ്ങള്‍ പുറത്തുവന്നതോടെ കേരളത്തിലെ തെരുവുകളും പ്രതിഷേധങ്ങള്‍ കൊണ്ടു നിറഞ്ഞു. ആ പ്രതിഷേധങ്ങളുടെ ഭാഗമായാണ് ചിലര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ഏപ്രില്‍ 16 തിങ്കളാഴ്ച കേരളത്തില്‍ ഹര്‍ത്താല്‍ ആചരിക്കാന്‍ ആഹ്വാനം ചെയ്യുന്നത്. ഏതെങ്കിലും രാഷ്ട്രീയ സംഘടനയുടെയോ മത സാമൂഹിക പ്രസ്ഥാനങ്ങളുടെയോ പിന്‍ബലമില്ലാതെ, സാമൂഹിക മാധ്യമ കൂട്ടായ്മകളിലൂടെ പ്രചരിച്ച ഹര്‍ത്താല്‍ ആഹ്വാനത്തെ ആദ്യമാരും വേണ്ടത്ര ഗൗനിച്ചിരുന്നില്ല. പക്ഷേ, കഠ്‌വ സംഭവത്തിന്റെ മുറിവുകള്‍ ഏറ്റുവാങ്ങിയ കേരളീയസമൂഹം രാഷ്ട്രീയ-മതജാതി ഭിന്നതകള്‍ക്കതീതമായി ഹര്‍ത്താല്‍ ആഹ്വാനത്തെ ഏറ്റെടുക്കുന്നതാണ് നാം കണ്ടത്. ഹര്‍ത്താലിനായി രംഗത്തിറങ്ങിയവരെ ശ്രദ്ധിച്ചവര്‍ക്കറിയാം, അവര്‍ ഏതെങ്കിലും പ്രത്യേക രാഷ്ട്രീയപ്പാര്‍ട്ടികളുടെ പ്രവര്‍ത്തകരോ അനുഭാവികളോ ആയിരുന്നില്ല. പക്ഷേ, ആ പ്രതികരണ വ്യാപ്തി മനസ്സിലാക്കുന്നതിലും അതിനനുസരിച്ചു മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിലും ഭരണകൂടവും പോലിസും പരാജയപ്പെട്ടു എന്നതാണ് സത്യം. ആ പരാജയത്തിന്റെ ജാള്യം മറയ്ക്കാനാണ് ഇരുകൂട്ടരും ഇപ്പോള്‍ ശ്രമിക്കുന്നത്. ഹര്‍ത്താലിന്റെ പേരില്‍ കേരളത്തില്‍ ആയിരക്കണക്കിന് ചെറുപ്പക്കാരെ പോലിസ് അറസ്റ്റ് ചെയ്തതായാണു വിവരം.
ഹര്‍ത്താലിന്റെ ഉത്തരവാദിത്തം എസ്ഡിപിഐയെ പോലുള്ള രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ മേല്‍ കെട്ടിവയ്ക്കാനും ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍, ഹര്‍ത്താലിനെ അങ്ങനെ ഒളിച്ചുകടത്തേണ്ട ഗതികേടില്ലെന്ന് അതിന്റെ നേതാക്കള്‍ വ്യക്തമാക്കിയിട്ടുമുണ്ട്. നേതൃതിട്ടൂരങ്ങള്‍ തിരസ്‌കരിച്ച് പാര്‍ട്ടി അണികള്‍ ഫാഷിസത്തിനെതിരേ തെരുവിലിറങ്ങുന്നതിന്റെ ഉത്തരവാദിത്തം മറ്റാരുടെയെങ്കിലും തലയില്‍ കെട്ടിവച്ചു തലയൂരുന്നതിനേക്കാള്‍ ഭരണകൂടത്തിനും പാര്‍ട്ടികള്‍ക്കും നല്ലത് സ്വന്തം നിലപാടുകളെയും നയവൈകല്യങ്ങളെയും പരിശോധനയ്ക്കു വിധേയമാക്കുന്നതാവും. ഇപ്പോള്‍ നടക്കുന്നതുപോലുള്ള പോലിസ് അതിക്രമങ്ങള്‍ വിപരീതഫലം മാത്രമേ ഉണ്ടാക്കൂവെന്ന് ബന്ധപ്പെട്ടവര്‍ മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു.
പൊതുമുതല്‍ നശിപ്പിച്ചും ഹര്‍ത്താലിന്റെ പേരില്‍ അക്രമങ്ങള്‍ അഴിച്ചുവിട്ടും രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങള്‍ അഭ്യസിച്ചവരാണ് ഭരണത്തിലും പ്രതിപക്ഷത്തുമുള്ള പാര്‍ട്ടി കളെ നയിക്കുന്നവര്‍ എന്ന് എല്ലാവര്‍ക്കുമറിയാം. ഇപ്പോഴവര്‍ ഹര്‍ത്താലിനെക്കുറിച്ചു ഗദ്ഗദകണ്ഠരാവുന്നത് മിതമായി പറഞ്ഞാല്‍ പരിഹാസ്യമാണ്. അതേസമയം, ഇങ്ങനെ ഹര്‍ത്താലിന് ആഹ്വാനം ചെയ്യുന്നവര്‍ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനും തയ്യാറാവണം.
Next Story

RELATED STORIES

Share it