kannur local

പോലിസ് വേട്ടയ്‌ക്കെതിരേ താക്കീതായി എസ്ഡിപിഐ പ്രതിഷേധം

കണ്ണൂര്‍: എറണാകുളം മഹാരാജാസ് കോളജില്‍ എസ്എഫ്‌ഐ നേതാവ് കുത്തേറ്റു മരിച്ച സംഭവത്തിന്റെ മറവില്‍ സംസ്ഥാന വ്യാപകമായി പ്രവര്‍ത്തകരെ വേട്ടയാടുന്ന പോലിസ് തേര്‍വാഴ്ചയ്‌ക്കെതിരേ താക്കീതായി എസ്ഡിപിഐ പ്രകടനം. സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ജില്ലാ കേന്ദ്രങ്ങളില്‍ നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി എസ്ഡിപിഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്തില്‍ നഗരത്തില്‍ റാലി നടത്തി. സ്റ്റേറ്റ് ബാങ്ക് പരിസരത്തു നിന്നാരംഭിച്ച പ്രകടനം മുനീശ്വരന്‍ കോവില്‍, പഴയ ബസ്സ്റ്റാന്റ്, സ്റ്റേഡിയം കോര്‍ണര്‍ വഴി പഴയ ബസ്സ്റ്റാന്റില്‍ സമാപിച്ചു.
നൂറുകണക്കിനു പ്രവര്‍ത്തകര്‍ പങ്കെടുത്ത പ്രകടനത്തില്‍ സിപിഎമ്മിന്റെ ആജ്ഞാനുവര്‍ത്തികളായി പെരുമാറുന്ന പോലിസിനെതിരേ പ്രതിഷേധമിരമ്പി. സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുല്‍ ജബ്ബാര്‍, ജില്ലാ പ്രസിഡന്റ് ബഷീര്‍ പുന്നാട്, ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ്, ജില്ലാ ഭാരവാഹികളായ സി കെ ഉമര്‍ മാസ്റ്റര്‍, കെ ഇബ്രാഹീം, സജീര്‍ കീച്ചേരി, ബി പി അബ്്ദുല്ല മന്ന, ബി ശംസുദ്ദീന്‍ മൗലവി നേതൃത്വം നല്‍കി. സമാപന യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ബഷീര്‍ പുന്നാട് അഭിസംബോധന ചെയ്തു. യാദൃശ്ചികവും ദുഖകരവുമായ കൊലപാതത്തിന്റെ പേരില്‍ വേട്ടയാടാനുള്ള പോലിസ് നീക്കത്തെ എന്തുവില കൊടുത്തും ചെറുക്കുമെന്ന് അദ്ദേഹം പറഞ്ഞു. കൊലപാതകത്തിലെ ദുരൂഹതകള്‍ പുറത്തുകൊണ്ടുവരണം. അഭിമന്യൂവിന്റെ സഹോദരന്റെയും ബന്ധുക്കളുടെയും വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ സമഗ്രമാന്വേഷണം നടത്തണം. വിളിച്ചുവരുത്തി കൊലപ്പെടുത്തിയെന്ന ആരോപണങ്ങള്‍ക്ക് ബലമേകുന്ന നടപടികളാണ് പോലിസിന്റെയും സിപിഎമ്മിന്റെയും ഭാഗത്തുനിന്ന് ഉണ്ടാവുന്നത്.
സിപിഎമ്മിന്റെ ചരിത്രം പരിശോധിച്ചാല്‍ കള്ളച്ചതിയിലൂടെ രക്തസാക്ഷികളെ സൃഷ്ടിച്ച നിരവധി സംഭവങ്ങള്‍ കണ്ടെത്താനാവും. സംഘര്‍ഷത്തിന്റെ സിസിടിവി പുറത്തുവിടാത്തതും ദുരൂഹത ഉളവാക്കുകയാണ്. കേസന്വേഷിച്ച സിഐയെ അന്വേഷണച്ചുമതലയില്‍നിന്നു നീക്കിയത് സിപിഎമ്മിന്റെ താല്‍പര്യപ്രകാരമാണ്. പിണറായിയുടെയും കോടിയേരിയുടെയും ആജ്ഞാനുവര്‍ത്തികളായ ഉദ്യോഗസ്ഥരെ അന്വേഷണച്ചുമതല ഏല്‍പിക്കുന്നതിലൂടെ സര്‍ക്കാര്‍ പലതും മറച്ചുവയ്ക്കാന്‍ ശ്രമിക്കുന്നുവെന്നാണു വ്യക്തമാവുന്നത്. കള്ളക്കേസുകളിലൂടെയും പീഢനങ്ങളിലൂടെയും പാര്‍ട്ടിയെ ഇല്ലാതാക്കാമെന്നത് വ്യാമോഹമാണ്. സിപിഎമ്മിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ പാര്‍ട്ടി നടത്തിയ സമരങ്ങള്‍ വഴി കപടമുഖം തിരിച്ചറിയുന്നതിനാലാണ് പോലിസിനെ ഉപയോഗിച്ച് വേട്ടയാടുന്നതെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it