പോലിസ് വെടിവയ്പ്: തിങ്കളാഴ്ച സംസ്ഥാനത്ത് ദലിത് ഐക്യവേദി ഹര്‍ത്താല്‍

കോട്ടയം: പട്ടികജാതി-വര്‍ഗ (പീഡന നിരോധന) നിയമത്തില്‍ വെള്ളം ചേര്‍ക്കുന്നതിനെതിരേ  ബന്ദ് നടത്തിയവരെ വെടിവച്ചുകൊന്ന നടപടിയില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച ദലിത് ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്ത് ഹര്‍ത്താല്‍ നടത്തും. രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രവിതരണം, മെഡിക്കല്‍ ഷോപ്പ് എന്നിവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയതായി സംഘടനാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പോലിസ് വെടിവയ്പിനെക്കുറിച്ച് ഹൈക്കോടതി സിറ്റിങ് ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കണം. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 50 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണം. പട്ടികജാതി-വര്‍ഗ നിയമം പൂര്‍വസ്ഥിതിയിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണം. കോടതിവിധികള്‍ ഉള്‍പ്പെടെയുള്ളവയെ ജനാധിപത്യപരമായി വിമര്‍ശിക്കാനും പ്രതിഷേധിക്കാനും പൗരന് അവകാശമുണ്ടെന്നും ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.
ഐക്യവേദി ഭാരവാഹികളായ എം കെ വിജേന്ദ്രന്‍ (എകെകെഎച്ച്എംഎസ്), പി പി ജോഷി (ബിഎസ്പി), കെ കെ മണി (എസ്എല്‍എഫ്), രാജ്‌മോഹന്‍ തമ്പുരാന്‍ (ഡിസിയുഎഫ്), ഒ കെ സാബു (എകെസിഎച്ച്എംഎസ്), സെലീന പ്രക്കാനം (ഡിഎച്ച്ആര്‍എം) തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it