palakkad local

പോലിസ് വീടുകളിലെത്തി സ്ത്രീകളെ ഭീഷണിപ്പെടുത്തിയെന്ന് പരാതി

പുതുനഗരം: ജനവാസ കേന്ദ്രത്തില്‍ മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നത് തടഞ്ഞ പട്ടികജാതി കോളനിയിലെ വീടുകളിലെത്തി പുതുനഗരം പോലിസ് സ്ത്രീകളെ ഭീഷണിപ്പെടുത്തിയതായി പരാതി. പുതുനഗരം പാമ്പൂരാംപാറയില്‍ 200 ലധികം ദലിത് കുടുംബങ്ങള്‍ താമസിക്കുന്നിടത്താണ് കഴിഞ്ഞ ജൂലായില്‍ സ്വകാര്യ മൈബൈല്‍ കമ്പനി ടവര്‍ നിര്‍മാണമാരംഭിച്ചത്.
ഇത് പ്രദേശവാസികള്‍ തടസ്സപ്പെടുത്തിയിരുന്നു. മൊബൈല്‍ കമ്പനി അധികൃതരുടെ പരാതിയില്‍ പ്രദേശത്തെ കണ്ടാലറിയാവുന്ന 50 തോളം പേര്‍ക്കെതിരെ പുതുനഗരം പോലിസ് കേസെടുത്തിരുന്നു. കേസുമായി ബന്ധപ്പെട്ട് സമന്‍സ് നോട്ടീസ് നല്‍കി ഒപ്പുവാങ്ങാനെന്ന പേരില്‍ പോലിസുകാര്‍ കോളനിയിലെ സ്ത്രീകളും കുഞ്ഞുങ്ങളുമുള്‍പ്പടെയുള്ളവരെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. പോലിസിനോട് സഹകരിക്കാതിരിക്കുകയോ ഒപ്പിട്ടുനല്‍കാതിരിക്കുകയോ ചെയ്താല്‍ വീടുകളിലുറങ്ങാനനുവദിക്കില്ലെന്നും എല്ലാവരേയും പൊക്കിയെടുത്ത് സ്റ്റേഷനില്‍ കൊണ്ടുപോകുമെന്നും പറഞ്ഞതായി പ്രദേശത്തെ സ്ത്രീകള്‍ ആരോപിച്ചു. പുതുനഗരം പോലിസിന്റെ ഈ നടപടിയില്‍ പ്രതിഷേധിച്ച് ഇന്നലെ രാവിലെ വിവിധ ജനപ്രതിനിധികളും രാഷ്ട്രീയപാര്‍ട്ടി പ്രിതിനിധികളും കോളനിയിലെ നിരവധി സ്ത്രീകളും ചേര്‍ന്ന് പുതുനഗരം പോലിസ് സ്‌റ്റേഷനിലെത്തി പ്രതിഷേധിച്ചത് നേരിയതോതില്‍ വാക്കേറ്റത്തിനിടയാക്കി. പ്രശ്‌ന പരിഹാരത്തിനായി ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്ന് കോളനി നിവാസികള്‍ അറിയിച്ചു.
അതേസമയം ടവര്‍ നിര്‍മാണം തടസ്സപെടുത്തിയതിന് കമ്പനി നല്‍കിയ കേസിലെ സ്വാഭാവികമായി കോടതി നടപടിക്രമത്തിന്റെ ഭാഗമായാണ് പോലിസുകാര്‍ നോട്ടീസ് നല്‍കാന്‍ കോളനിയിലെത്തിയതെന്നും ആരേയും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും പുതുനഗരം എസ്‌ഐ കെ ജി രജീഷ് പറഞ്ഞു.
Next Story

RELATED STORIES

Share it