kasaragod local

പോലിസ് വിലക്കു ലംഘിച്ച് നമ്പര്‍ പ്ലേറ്റ് മാറ്റി റാലി നടത്തി; അഞ്ചു ബൈക്കുകള്‍ പിടികൂടി

കാസര്‍കോട്: പോലിസിന്റെ വിലക്ക് ലംഘിച്ചു നമ്പര്‍ പ്ലേറ്റ് മാറ്റി റാലി നടത്തിയ അഞ്ചു ബൈക്കുകള്‍ വിദ്യാനഗര്‍ സിഐ ബാബു പെരിങ്ങോത്തും സംഘവും പിടികൂടി കേസെടുത്തു. ബദിയടുക്കയില്‍ കഴിഞ്ഞ ദിവസം വൈകിട്ട് സംഘടിപ്പിച്ച ഹിന്ദു സമാജോല്‍സവത്തിന്റെ മുന്നോടിയായാണ് നമ്പര്‍ പ്ലേറ്റുകളില്‍ സ്റ്റിക്കര്‍ ഒട്ടിച്ചു റാലിയില്‍ ബൈക്കുകള്‍ ഓടിച്ചത്.
ബൈക്ക് റാലി നടത്തരുത്, വൈകിട്ട് അഞ്ചിന് മുമ്പ് പരിപാടി അവസാനിപ്പിക്കണം തുടങ്ങിയ കര്‍ശന നിര്‍ദേശം നല്‍കിയാണ് പോലിസ് വിഎച്ച്പി പരിപാടിക്ക് അനുമതി നല്‍കിയിരുന്നത്. ഇത് ലംഘിച്ചുകൊണ്ടാണ് വൈകീട്ട് ബദിയടുക്ക ടൗണില്‍ നാല്‍പതോളം ബൈക്കുകള്‍ പങ്കെടുത്ത ബൈക്ക് റാലി നടത്തിയത്.
ബൈക്ക് റാലി തടഞ്ഞ സിഐയും സംഘവും 25 ഓളം ബൈക്കുകളുടെ താക്കോല്‍ ഊരിയെടുത്ത് ബദിയടുക്ക പേ ാലിസ് സ്‌റ്റേഷനില്‍ എത്തിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അഞ്ചോളം ബൈക്കുകള്‍ നമ്പര്‍ പ്ലേറ്റിന് മുകളില്‍ സ്റ്റിക്കര്‍ ഒട്ടിച്ചു ഓടിയ നിലയില്‍ കണ്ടെത്തിയത്. ബൈക്ക് ഉടമകള്‍ക്കെതിരേ ബദിയടുക്ക പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു.
താക്കോല്‍ ഊരിയെടുത്ത മറ്റു ബൈക്കുകള്‍ സമ്മേളനം അവസാനിച്ചതിന് ശേഷം വൈകിട്ടോടെ വിട്ടുകൊടുക്കുകയും ചെയ്തു. ഈ സംഭവത്തിന്റെ പേരില്‍ വിദ്യാനഗര്‍ സിഐ ബാബു പെരിങ്ങോത്തിനെതിരേ വിഎച്ച്പി പ്രവര്‍ത്തകര്‍ ഭീഷണി മുഴക്കി. സമ്മേളനത്തില്‍ സംസാരിച്ച ചിലരും സിഐയുടെ അന്ത്യശാസനത്തെ കടുത്ത ഭാഷയിലാണ് വിമര്‍ശിച്ചത്.
Next Story

RELATED STORIES

Share it