പോലിസ് വാനിനു മുകളില്‍ നിന്ന് വെടിവയ്ക്കുന്ന ദൃശ്യം പുറത്ത്‌

ചെന്നൈ: തൂത്തുക്കുടിയിലെ പോലിസ് വെടിവയ്പ് ആസൂത്രിതമാണെന്ന് തെളിയിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. സാധാരണ വേഷത്തിലെത്തിയ പരിശീലനം നേടിയ സ്‌നൈപര്‍ പോലിസ് വാനിനു മുകളില്‍ കയറി നിന്നു സമരക്കാരെ തിരഞ്ഞുപിടിച്ച് വെടിവയ്ക്കുന്ന ദൃശ്യങ്ങളാണ് പുറത്തായത്.
കലാപം നിയന്ത്രിക്കാനുള്ള പ്രത്യേക സേനയെയും സ്വയരക്ഷാ മുന്‍കരുതലുകളെടുത്ത പോലിസുകാരെയും വീഡിയോയില്‍ കാണാം. കമാന്‍ഡോയുടെ ശാരീരിക ചലനങ്ങളോടെ സാധാരണ വേഷത്തില്‍ ഒരാള്‍ ബസ്സിനു മുകളിലേക്ക് കയറുന്നതും പ്രത്യേക പരിശീലനം ലഭിച്ച ഷൂട്ടര്‍മാരെ പോലെ ആളുകളെ ഉന്നം വച്ച് വെടിവയ്ക്കുന്ന ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് പുറത്തുവിട്ടത്.
സമരക്കാരെ പിന്തിരിപ്പിക്കുന്നതിനായി ആദ്യം ആകാശത്തേക്ക് വെടിവയ്ക്കാത്തതും സംശയങ്ങള്‍ക്ക് ഇടയാക്കുന്നു. വെടിവയ്പില്‍ 12 പ്രതിഷേധക്കാര്‍ കൊല്ലപ്പെട്ടിരുന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലുള്ള സ്‌റ്റെര്‍ലൈറ്റ് ചെമ്പ് സംസ്‌കരണശാല പൂട്ടണമെന്നായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. മരിച്ചവരുടെ ആശ്രിതര്‍ക്ക് 10 ലക്ഷം രൂപവീതം സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. സംഭവത്തില്‍ അന്വേഷണം നടത്താന്‍ ഏകാംഗ കമ്മീഷനെ നിയമിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
തൂത്തുക്കുടി കുമാരറെഡിയാപുരം ഗ്രാമത്തില്‍ കഴിഞ്ഞ ഫെബ്രുവരിയിലാണ് സ്‌റ്റെര്‍ലൈറ്റ് ചെമ്പ്‌സംസ്‌കരണശാലയ്‌ക്കെതിരേ നാട്ടുകാര്‍ പ്രക്ഷോഭം ആരംഭിച്ചത്. ചെമ്പ് സംസ്‌കരണശാലയില്‍ നിന്നുള്ള രാസമാലിന്യങ്ങള്‍ ജലവും വായുവും മണ്ണും ഒരുപോലെ മലിനപ്പെടുത്തുന്നു എന്നാണ് പരാതി. സമരം നൂറുദിവസം പിന്നിടുന്ന വേളയില്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിന് കലക്ടര്‍ എന്‍ വെങ്കിടേഷ് ചൊവ്വാഴ്ച രാവിലെ മുതല്‍ ഒരു ദിവസത്തേക്ക് ഇവിടെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഇത് മറികടന്നായിരുന്നു പ്രതിഷേധ പ്രകടനം.
സംഭവത്തില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് നാഷനല്‍ അലയന്‍സ് ഓപ് പീപ്പിള്‍സ് മൂവ്‌മെന്റ് (എന്‍എപിഎം) ആവശ്യപ്പെട്ടു.
വിരമിച്ച സുപ്രിംകോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘം സംഭവം അന്വേഷിക്കണമെന്നും ഈ കൂട്ടക്കൊലയ്ക്ക് ഉത്തരവാദികളായ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, രാഷ്ട്രീയനേതാക്കള്‍ എന്നിവര്‍ക്കെതിരേ നടപടി വേണമെന്നും സംഘടന ആവശ്യപ്പെട്ടു. പ്ലാന്റിന്റെ പഴയതും നിര്‍ദിഷ്ട പുതിയ യൂനിറ്റും സ്ഥിരമായി അടച്ചുപൂട്ടണമെന്നും എന്‍എപിഎം വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ ശക്തമായ നടപടി വേണമെന്നും സാമൂഹിക പ്രവര്‍ത്തകരായ മേധാ പട്കര്‍, അരുണാ റോയ്, നിഖില്‍ ദേവ്, ശങ്കര്‍ സിങ്, പ്രഫുല്ല സമന്തര എന്നിവര്‍ ഒപ്പുവച്ച പ്രസ്താവനയില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it