ernakulam local

പോലിസ്-മോട്ടോര്‍ വാഹന വകുപ്പ്;  സംയുക്ത മിന്നല്‍ പരിശോധന: 350ലേറെ പേരെ പിഴ അടപ്പിച്ചു

ആലുവ: 3 മണിക്കൂര്‍ വാഹന പരിശോധനയില്‍ കുടുങ്ങിയത് 350ലേറെ പേര്‍. ഇന്നലെ രാവിലെ 7.00 മണി മുതല്‍ 10.00 മണി വരെ ആലുവ ടൗണിലെ വിവിധ സ്ഥലങ്ങളില്‍ ആലുവ പോലിസ് സിഐ ടി ബി വിജയന്‍, ആലുവ ജോയിന്റ് ആര്‍ടിഒ ജോജി പി ജോസ് എന്നിവരുടെ നേതൃത്വത്തില്‍ ആലുവ പോലിസും, മോട്ടോര്‍ വാഹന വകുപ്പും സംയുക്തമായാണ് വാഹന പരിശോധന നടത്തിയത്.
600ഓളം വാഹനങ്ങള്‍ പരിശോധിച്ചതില്‍ നിയമലംഘനം നടത്തിയ 350ലേറെ പേരില്‍നിന്നുമായി 1,20,000 രൂപ പിഴ ഈടാക്കി.
പറവൂര്‍ ജങ്ഷന്‍, യുസി കോളജ് റോഡ്, പുക്കാട്ടുപടി ജങ്ഷന്‍, മഹിളാലയം ഭാഗം, പെരുമ്പാവൂര്‍ കെഎസ്ആര്‍ടിസി റോഡ് എന്നീ പ്രധാന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ മിന്നല്‍ പരിശോധനയില്‍ മദ്യപിച്ച് അപകടകരമായ രീതിയില്‍ 38ലേറെ യാത്രക്കാരുമായി സ്വകാര്യ ബസ് ഓടിച്ചതിന് ഡ്രൈവറായ പെരുമ്പാവൂര്‍ വെങ്ങോല മോലയില്‍ വീടില്‍ ബേബി എം റ്റി എന്നയാളും മറ്റ് രണ്ട് വാഹന ഡ്രൈവര്‍മാരും പിടിയിലായി. ഫിറ്റ്‌നസ് ഇല്ലാതെ ഓടിയതിന് ആലുവയില്‍ കഴിഞ്ഞ ദിവസം പിടിയിലായ മാഞ്ഞൂരാന്‍ ബസ്സിന് പകരം സര്‍വീസ് നടത്തിയതായിരുന്നു സ്വകാര്യ ബസ്സ്. ആലുവ ടൗണ്‍ ചുറ്റാതെ സര്‍വീസ് നടത്തിയ രണ്ടു സ്വകാര്യ ബസ്സുകള്‍ക്കെതിരേ കേസെടുത്തു.
ലൈസന്‍സില്ലാതെ വാഹനമോടിച്ച 17 പേര്‍ക്കെതിരേ നടപടി സ്വീകരിച്ചു.
സ്വകാര്യ ബസ്സുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങളും പരിശോധനയ്ക്ക് വിധേയമാക്കിയതായി പോലിസ്-മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ആലുവ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലിസ് വൈ ആര്‍ റെസ്റ്റത്തിന്റെ മേല്‍നോട്ടത്തില്‍ ആലുവ ജോയിന്റ് റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ ജോജി പി ജോസിന്റെ നേതൃത്വത്തില്‍ മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്‌പെക്ടര്‍മാരായ എന്‍ കെ ദീപു, പി എന്‍ ശിവന്‍, മനോജ് കുമാര്‍, അസി. മോട്ടോര്‍ വെഹിക്കള്‍സ് ഇന്‍സ്‌പെക്ടര്‍മാരായ ബിനീഷ് കുമാര്‍ കെ എം, ഷിബു കെ പി, സിബിമോന്‍ ഉണ്ണി, ജോണി, അശോക് കുമാര്‍, ജെനിക്‌സ് എന്നിവരടങ്ങുന്ന 10 മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും,
ആലുവ പോലിസ് ഇന്‍സ്‌പെക്ടര്‍ ടി ബി വിജയന്റെ നേതൃത്വത്തില്‍ ആലുവ ഈസ്റ്റ് പോലിസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍മാരായ ഹണി കെ ദാസ്, ഷാരോണ്‍, ആലുവ വെസ്റ്റ് പോലിസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ അനില്‍ കുമാര്‍, ബിനാനിപുരം പോലിസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ പി വി പൗലോസ്, ആലുവ ട്രാഫിക് സബ് ഇന്‍സ്‌പെക്ടര്‍ വിനോദ്, എടത്തല പോലിസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ നോബിള്‍ എന്നിവരടങ്ങുന്ന 36 പോലിസ് ഉദ്യോഗസ്ഥരും ഉള്‍പ്പടെ 46പേര്‍ മിന്നല്‍ പരിശോധനയില്‍ പങ്കെടുത്തു.
വരും ദിവസങ്ങളിലും ഇത്തരത്തിലുള്ള മിന്നല്‍ വാഹന പരിശോധന നടത്തുമെന്ന് അധികാരികള്‍ അറിയിച്ചു.
Next Story

RELATED STORIES

Share it