kannur local

പോലിസ് മേധാവിയെ ന്യായീകരിച്ച് കോണ്‍ഗ്രസ്

കണ്ണൂര്‍: തിരഞ്ഞെടുപ്പ് ദിവസം അക്രമമുണ്ടായാല്‍ ബന്ധപ്പെട്ട സ്ഥാനാര്‍ഥിയുടെ പേരില്‍ കേസെടുക്കുമെന്ന ജില്ലാ പോലിസ് ചീഫിന്റെ നിലപാട് പൂര്‍ണമായും സ്വാഗതം ചെയ്യുന്നുവെന്ന് കോണ്‍ഗ്രസ്. അക്രമം തടയാന്‍ ശക്തമായ നടപടികള്‍ക്ക് പോലിസ് മുതിരുമ്പോള്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി വരുതിയില്‍ നിര്‍ത്താനുള്ള ശ്രമമാണ് സിപിഎം നടത്തുന്നതെന്നും ഡിസിസി പ്രസിഡന്റ് കെ സുരേന്ദ്രന്‍ പ്രസ്താവിച്ചു.
സമാധാനപരമായ തിരഞ്ഞെടുപ്പാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അക്രമങ്ങള്‍ നടത്തില്ലെന്ന് സമാധാനയോഗങ്ങളില്‍ ഉറപ്പുനല്‍കുന്ന പാര്‍ട്ടികള്‍ പോലിസ് ചീഫിന്റെ നിലപാടിനെ എതിര്‍ക്കേണ്ട തില്ല. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വ്യാപകമായി അക്രമങ്ങളുണ്ടാവും. എന്നാല്‍ സ്ഥാനാര്‍ഥിക്കെതിരേ നടപടി പാടില്ലെന്നാണ് സിപിഎം പറയുന്നത്. ഇത് നിയമവ്യവസ്ഥിതിയോടുള്ള വെല്ലുവിളിയാണ്. പോലിസുദ്യോഗസ്ഥരെ വെല്ലുവിളിച്ചും ഭീഷണിപ്പെടുത്തിയും ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ശ്രമമാണിത്.
കൂത്തുപറമ്പില്‍ നിന്ന് ആയുധശേഖരം പിടിച്ചെടുത്ത സംഭവത്തില്‍ സിപിഎം ക്രിമിനലിനെ അറസ്റ്റ് ചെയ്തത് നേതൃത്വത്തെ പ്രകോപിപ്പിച്ചിട്ടുണ്ട്. സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജനുമായി അടുത്ത ബന്ധമുള്ള നാരായണന്റെ അറസ്റ്റോടെ അക്രമത്തിനുള്ള സിപിഎമ്മിന്റെ സന്നാഹങ്ങള്‍ ജില്ലാ നേതാക്കളുടെ അറിവോടെയാണെന്ന് വ്യക്തമായിരിക്കുകയാണ്. കൊടിസുനി ഉള്‍പ്പെടെയുള്ളവരെ ഒളിവില്‍ പാര്‍പ്പിച്ച മുടക്കോഴിമലയില്‍ നിന്നും ബോംബുകള്‍ പിടികൂടിയിട്ടുണ്ട്. ഒരു ഭാഗത്ത് ആയുധസംഭരണം നടത്തുകയും മറുഭാഗത്ത് പോലിസുദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി നിര്‍വീര്യരാക്കാന്‍ ശ്രമിക്കുകയുമാണ്. ഒരു കാരണവശാലും ഇതനുവദിക്കരുതെന്നും കണ്ണൂരില്‍ കൂടുതല്‍ കേന്ദ്രസേനയെ വിന്യസിക്കണമെന്നും അദ്ദേഹം പ്രസ്താവിച്ചു.
Next Story

RELATED STORIES

Share it