Districts

പോലിസ് മേധാവികള്‍ക്കും തിരഞ്ഞെടുപ്പ് ഓഫിസര്‍മാര്‍ക്കും നിര്‍ദേശം നല്‍കി

സ്വന്തം പ്രതിനിധി

തിരുവനന്തപുരം: സ്വതന്ത്രവും സുതാര്യവുമായ തദ്ദേശ തിരഞ്ഞെടുപ്പ് നടത്തിപ്പിനായി പോലിസ് മേധാവികള്‍ക്കും തിരഞ്ഞെടുപ്പ് ഓഫിസര്‍മാര്‍ക്കും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശങ്ങള്‍ നല്‍കി. തിരഞ്ഞെടുപ്പ് കാലയളവില്‍ ഉത്തരവാദപ്പെട്ട എല്ലാ ഉദേ്യാഗസ്ഥരുടെയും സേവനം അവസാനഘട്ടം വരെ ലഭ്യമാക്കേണ്ടതാണെന്നു കമ്മീഷന്‍ അറിയിച്ചു. യാതൊരു വിധത്തിലുള്ള തടസ്സങ്ങളും ഇല്ലാതെ തന്നെ എല്ലാ സമ്മതിദായകര്‍ക്കും പോളിങ് ബൂത്തില്‍ എത്താനുള്ള അന്തരീക്ഷം ഉറപ്പുവരുത്തണം. അക്രമസാധ്യതയുള്ള പോളിങ് ബൂത്തുകളും സ്ഥലങ്ങളും കണ്ടെത്തി രൂപരേഖ തയ്യാറാക്കി മുന്‍കൂര്‍ നടപടികള്‍ സ്വീകരിക്കണം. ഈ മേഖലകളില്‍ അപ്രതീക്ഷിതമായി ആക്രമണങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുള്ളതായി കണക്കാക്കി തടയാനുള്ള നടപടികള്‍ സ്വീകരിക്കണം.

കൂടുതല്‍ പോലിസ് സേനയോ വീഡിയോഗ്രാഫിയോ ആവശ്യമായിവരുന്ന സാഹചര്യത്തില്‍ ഈ മേഖലകളില്‍ ഇവ ലഭ്യമാക്കണം. സ്വതന്ത്രവും സുതാര്യവുമായ തിരഞ്ഞെടുപ്പ് നടത്തിപ്പിനായി എല്ലാ ജില്ലാ മജിസ്‌ട്രേറ്റുകളും ആയുധം കൈവശം വയ്ക്കാന്‍ അധികാരമുള്ള എല്ലാ വ്യക്തികളുടെയും വിശദീകരണം അടങ്ങുന്ന രൂപരേഖ തയ്യാറാക്കണം. ജാമ്യത്തില്‍ വിട്ടിട്ടുള്ള വ്യക്തികള്‍, ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍, മുന്‍ തിരഞ്ഞെടുപ്പുകളില്‍ ആക്രമണങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ളവര്‍ തുടങ്ങിയവരെ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. ഇതിനായി ജില്ലാ മജിസ്‌ട്രേറ്റ്, ജില്ലാ പോലിസ് മേധാവി എന്നിവര്‍ ഉള്‍പ്പെടുന്ന ഒരു സ്‌ക്രീനിങ് കമ്മിറ്റി എല്ലാ ജില്ലകളിലും രൂപീകരിക്കാവുന്നതാണ്. ഇതര സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളിലേക്ക് അനധികൃത മദ്യം, മയക്കുമരുന്ന് എന്നിവ കൊണ്ടുവരുന്നത് നിയന്ത്രിക്കുന്നതിന് ആവശ്യമായ നടപടികളും സ്വീകരിക്കേണ്ടതാണ്.
Next Story

RELATED STORIES

Share it