പോലിസ് ഭീകരതയും ഭരണകൂടവും

അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്  
ഒരു മാസമെടുത്താണെങ്കിലും സത്യം മുഖ്യമന്ത്രി പിണറായി വിജയനും തുറന്നുപറഞ്ഞു, വരാപ്പുഴയില്‍ ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത് പോലിസ് മര്‍ദിച്ചു കൊലപ്പെടുത്തിയത് കേരളത്തിന് അപമാനമായെന്ന്. അത്രയെങ്കിലും സമ്മതിച്ചതിനു നന്ദി. പക്ഷേ, അവിടം കൊണ്ട് അവസാനിച്ചോ?
ഒരു നിരപരാധിയെ കസ്റ്റഡിയിലെടുത്ത് മര്‍ദിച്ചുകൊന്ന പോലിസിന്റെ ക്രൂരതയെപ്പറ്റി അത്രയും പറഞ്ഞാല്‍ തീര്‍ന്നോ മുഖ്യമന്ത്രിയുടെ ചുമതല? സംഭവം ആ വകുപ്പിനും ഗവണ്മെന്റിനും നാടിനു പോലും സൃഷ്ടിച്ച നാണക്കേടിന്റെ ഉത്തരവാദിത്തം തനിക്കുകൂടി ഉണ്ടെന്നും മുഖ്യമന്ത്രിയുടെ ഉത്തരവാദിത്തം കേവലം ധാര്‍മികം മാത്രമല്ലെന്നും രണ്ടു വര്‍ഷമായി അദ്ദേഹം നേരിട്ട് ആവിഷ്‌കരിച്ചു നടപ്പാക്കുന്ന പോലിസ് നയത്തിന്റേതാണെന്നും വരുമ്പോള്‍ അദ്ദേഹത്തിന്റെ പ്രസ്താവന തന്റെ ഭരണനയത്തെ അംഗീകരിക്കുന്നതും സംരക്ഷിക്കുന്നതുമായി മാറുകയാണ്. ഇത്രയും വലിയൊരു തെറ്റ് സംഭവിച്ചിട്ടും പ്രതികള്‍ പിടികൂടപ്പെടുകയാണെന്ന ന്യായം പറഞ്ഞ് മുഖ്യമന്ത്രിക്കെങ്ങനെ കൈകഴുകാനാവും?
ചോദ്യം ചെയ്യുന്നതിന്റെയും തെളിവുശേഖരണത്തിന്റെയും ഭാഗമായി പോലിസുകാര്‍ സ്വീകരിക്കുന്ന മര്‍ദനമുറയെയാണ് മൂന്നാംമുറയെന്നു പറയുന്നത്. മൂന്നാംമുറ നിയമവിരുദ്ധമാണെന്നും ശാസ്ത്രീയമായ മാര്‍ഗങ്ങളിലൂടെ തെളിവുകള്‍ ശേഖരിച്ചു വേണം പ്രതികളെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരാനെന്നുമാണ് തിരുത്തിയ പോലിസ് നയം വ്യക്തമാക്കുന്നത്. എന്നിട്ടും മൂന്നാംമുറയുടെ പ്രയോഗത്തില്‍ ലോക്കപ്പു മരണങ്ങള്‍ സംഭവിക്കാറുണ്ട്.
ഇതിനൊക്കെ അപ്പുറം അസാധാരണ പോലിസ് ക്രൂരതയുടെ ഇരയായിത്തീര്‍ന്നു ശ്രീജിത്ത്. മരണദൂതന്മാരെപ്പോലെ എത്തിയ പോലിസുകാര്‍ ആളു മാറി ശ്രീജിത്തിനെ പിടിച്ചുകൊണ്ടുപോയി അരുംകൊല ചെയ്തതാണ്. അതുകൊണ്ടാണ് കക്കയം ക്യാംപില്‍ ആര്‍ഇസി വിദ്യാര്‍ഥി പി രാജനെ ഉരുട്ടിക്കൊന്നതുപോലുള്ള പൈശാചിക സംഭവമായി ശ്രീജിത്തിന്റെ കസ്റ്റഡി കൊലപാതകത്തെ കണ്ടതും പ്രതികരിച്ചതും.
രാജന്‍ സംഭവത്തിനു തത്തുല്യമായ ഒരു കൃത്യം തന്റെ ഭരണത്തില്‍ കേരളത്തില്‍ സംഭവിച്ചുവെന്നതാണ് നമ്മുടെ മുഖ്യമന്ത്രി തിരിച്ചറിയാതെ പോകുന്നത്. കെ കരുണാകരന്റെ ആഭ്യന്തര വകുപ്പില്‍ വിശ്വസ്തരായ ജയറാം പടിക്കല്‍, ലക്ഷ്മണ, രമണ്‍ ശ്രീവാസ്തവ തുടങ്ങിയ പോലിസ് മേധാവികളുടെ കൈയാളുകളായാണ് പുലിക്കോടനെപ്പോലുള്ള കരിമ്പുലികള്‍ അടിയന്തരാവസ്ഥയ്ക്കു മുമ്പുതന്നെ ടൈഗര്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ചു വിളയാടിയിരുന്നത്. അങ്ങനെയൊന്നാണ് ആലുവ റൂറല്‍ എസ്പി ജോര്‍ജിന്റെ നേതൃത്വത്തില്‍ ശ്രീജിത്തിനെ പിടികൂടിയ സ്‌ക്വാഡെന്ന് പുറത്തുവന്നപ്പോഴാണ് കസ്റ്റഡി മരണത്തിന്റെ മാനം രാജന്‍ സംഭവത്തിനു സമാനമാണെന്ന് ചൂണ്ടിക്കാണിച്ചത്.
അത്തരമൊരു സംഭവം നടക്കണമെങ്കില്‍ ഭരിക്കുന്ന പാര്‍ട്ടിക്കു വിധേയനായ ഉന്നത പോലിസ് ഉദ്യോഗസ്ഥനും പോലിസിനെ ഉപയോഗപ്പെടുത്തുന്ന ഭരണകക്ഷി നേതാവും അതിലെ വില്ലന്മാരായി ഉണ്ടായിരിക്കണം. മനുഷ്യാവകാശ ലംഘനത്തിന്റെയും പോലിസ് കൊലകളുടെയും ചരിത്രത്തില്‍ പതിഞ്ഞ അടയാളങ്ങള്‍ വായിച്ചു മനസ്സിലാക്കാന്‍ പ്രയാസമില്ല.
പക്ഷേ, വരാപ്പുഴയിലെ ടൈഗര്‍ സ്‌ക്വാഡിന്റെ തലതൊട്ടപ്പനായ എസ്പിയെ മുഖ്യമന്ത്രി സംരക്ഷിക്കുകയായിരുന്നു. സ്‌ക്വാഡില്‍ പെട്ടവരും അല്ലാത്തവരുമായ പോലിസ് പ്രതികളെ അറസ്റ്റു ചെയ്തിട്ടും. പിന്നീട് തെളിവുകള്‍ എസ്പിയെ വലയം ചെയ്യുന്നുണ്ടെന്നു കണ്ടപ്പോഴാണ് പോലിസ് പരിശീലന കളരിയുടെ ചുമതലയിലേക്ക് ആ ഉദ്യോഗസ്ഥനെ നിയോഗിച്ചത്. എന്നിട്ടും ഇപ്പോള്‍ സര്‍വ തെളിവുകളും ആ വിനീത വിശ്വസ്തന്റെ കഴുത്തില്‍ കുരുക്കായി മുറുകുകയും അയാളെ അറസ്റ്റു ചെയ്യുന്നതിലേക്ക് എത്തിക്കുകയുമാണെന്ന് മാധ്യമങ്ങള്‍ പറയുന്നു.
ജില്ലയിലെ സിപിഎമ്മിന്റെ യുവനേതാവ് സംഭവത്തിനു തൊട്ടുമുമ്പും പിന്നീടും എസ്പിയെ ബന്ധപ്പെട്ടതിന്റെയും ടെലിഫോണ്‍ സംഭാഷണങ്ങളുടെയും തെളിവുകള്‍ കൂടി പുറത്തുവന്നിട്ടുണ്ട്. പോലിസ് വകുപ്പ് കൈയാളുന്ന മുഖ്യമന്ത്രിയെ ഭയന്ന് കൊല്ലപ്പെട്ട ശ്രീജിത്തിന്റെ വീട്ടില്‍ നിന്ന് ആഴ്ചകളോളം സിപിഎം നേതാക്കള്‍ അകലം പാലിച്ചു. ആ ഘട്ടത്തിലും സ്ഥലത്തെത്തിയ മുഖ്യമന്ത്രി കാക്കിയുടുപ്പിട്ടവരുടെ ക്രൂരത കശക്കിയെറിഞ്ഞ ആ കുടുംബത്തെ സാന്ത്വനിപ്പിക്കാന്‍ ശ്രമിക്കാതെ വഴിമാറി കടന്നുപോയി.
സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പത്തു ലക്ഷം രൂപ നഷ്ടപരിഹാരം കൊടുത്തതുകൊണ്ടോ ശ്രീജിത്തിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ജോലി നല്‍കിയതുകൊണ്ടോ നിരപരാധിയെ കൊന്നതിനു പരിഹാരമാകുന്നില്ല. അക്കാര്യം ഏറ്റവും നന്നായി ബോധ്യമുണ്ടാകേണ്ട ഒരാളാണ് സിപിഎമ്മിന്റെ തലമൂത്ത നേതാവായ പിണറായി വിജയന്‍. കാരണം, രാജന്‍ സംഭവത്തില്‍ സിപിഎം അപലപിച്ചതും ആവശ്യപ്പെട്ടതും കുറ്റവാളികളായ ബന്ധപ്പെട്ട പോലിസുകാരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരാന്‍ മാത്രമായിരുന്നില്ല. സിപിഎമ്മിന്റെ മുഖപത്രം സംഭവം പൊതുജനങ്ങളുടെ മനസ്സിനും ഹൃദയത്തിനും മുമ്പില്‍ തുറന്നുവച്ച് അന്നത്തെ പോലിസ് മന്ത്രിയെ നേരില്‍ കുറ്റവിചാരണ ചെയ്യുകയായിരുന്നു.
ഇന്ത്യയിലെ ഗവര്‍ണര്‍ ജനറല്‍ വാറന്‍ ഹേസ്റ്റിങ്‌സിനെ ഏഴു വര്‍ഷത്തെ കുറ്റവിചാരണയ്ക്ക് വിധേയനാക്കിയപ്പോള്‍ എഡ്മണ്ട് ബര്‍ക്ക് ഉപയോഗിച്ച വാചകം ഉദ്ധരിച്ചാണ് സിപിഎം മുഖപത്രം അന്നു രാജന്‍ സംഭവത്തില്‍ കരുണാകരനെ കുറ്റവിചാരണ ചെയ്തത്: ''ആരുടെ അവകാശങ്ങള്‍ അദ്ദേഹം ചവിട്ടിയരച്ചുവോ, ആരുടെ രാജ്യത്തെ അദ്ദേഹം മരുഭൂമിയാക്കി മാറ്റിയോ അവരുടെ പേരില്‍, ഇന്ത്യന്‍ ജനതയുടെ പേരില്‍ ഞാന്‍ അദ്ദേഹത്തെ, വാറന്‍ ഹേസ്റ്റിങ്‌സിനെ കുറ്റവിചാരണ ചെയ്യുന്നു. അവസാനമായി മനുഷ്യപ്രകൃതിയുടെ തന്നെ പേരില്‍, സ്ത്രീപുരുഷന്മാരുടെ പേരില്‍ ആബാലവൃദ്ധം ജനങ്ങളുടെ പേരില്‍ ഞാനീ പൊതുശത്രുവിനെ, മര്‍ദകവീരനെ കുറ്റവിചാരണ ചെയ്യുന്നു.''
ആ കുറ്റവിചാരണയാണ് രാജന്‍ കേസ് പോലുള്ള നിരവധി സംഭവങ്ങള്‍ക്ക് നേതൃത്വം വഹിച്ച, പോലിസിനെ ഭരിച്ച അന്നത്തെ ആഭ്യന്തരമന്ത്രി കരുണാകരനെയും അദ്ദേഹത്തിന്റെ വിശ്വസ്തരായി പ്രവര്‍ത്തിച്ച പോലിസ് കുറ്റവാളികളെയും പിന്നീട് വേട്ടയാടിയത്; സമൂഹത്തില്‍ ഒറ്റപ്പെടുത്തിയത്. അത് മറക്കാറായിട്ടുണ്ടോ? അടിയന്തരാവസ്ഥയുടെ കൂരിരുട്ടിലായിരുന്നു രാജന്‍ സംഭവം. ജനാധിപത്യത്തിന്റെ നട്ടുച്ചയില്‍ ഇരുട്ട് സൃഷ്ടിച്ചുകൊണ്ടാണ് ശ്രീജിത്തിന്റെ കസ്റ്റഡിമരണവും രാഷ്ട്രീയ കൊലപാതകങ്ങളും കേരളത്തില്‍ ഇപ്പോള്‍ തുടര്‍സംഭവങ്ങളായി മാറിക്കൊണ്ടിരിക്കുന്നത്.
അതു തടയേണ്ട ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ കഴിയാതെപോകുന്നത് സ്വയം പരിശോധിക്കേണ്ടത് മുഖ്യമന്ത്രി തന്നെയാണ്. തനിക്കു വിശ്വാസമുള്ള, തന്നോട് മാത്രം കൂറുള്ള പോലിസ് ഉദ്യോഗസ്ഥരെയും ഉപദേശികളെയും വച്ച് മുഖ്യമന്ത്രി മുന്നോട്ടുപോവുകയാണ്. അത് തുടര്‍ന്നുണ്ടാകുന്ന ഓരോ സംഭവവും അതിനു സാക്ഷിയാകുന്ന ഭരണത്തിന്റെ ദിവസങ്ങളും മുഖ്യമന്ത്രിയെ കൂടുതല്‍ കൂടുതല്‍ അടുപ്പിക്കുന്നത് സമൂഹത്തിന്റെ കുറ്റവിചാരണയ്ക്കു മുമ്പിലേക്കാണ്.
ആ വസ്തുത വിളിച്ചുപറയാനുള്ള സമയം അതിക്രമിച്ചുകഴിഞ്ഞു. അങ്ങനെയൊരു അവസ്ഥ മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു പോരാടിയ ഒരു പ്രസ്ഥാനം നിയോഗിച്ച മുഖ്യമന്ത്രിക്ക് നേരിടേണ്ടിവരുന്നതിന്റെ ഉത്തരവാദിത്തം ആരാണ് ഏറ്റെടുക്കേണ്ടത്?                                 ി

(കടപ്പാട്:
്മഹഹശസസൗിിൗീിഹശില.ംീൃറുൃല.ൈരീാ)
Next Story

RELATED STORIES

Share it