Editorial

പോലിസ് പ്രതിക്കൂട്ടില്‍

കഴിഞ്ഞ കുറേ ആഴ്ചകള്‍ക്കിടയില്‍ നിരവധി പോലിസ് ഉദ്യോഗസ്ഥര്‍ വിവിധ കേസുകളില്‍ പ്രതികളായി അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുകയാണ് കേരളത്തില്‍. ഏറ്റവും അവസാനമായി പ്രതിപ്പട്ടികയില്‍ വന്നിരിക്കുന്നത് എടപ്പാളിലെ തിയേറ്ററില്‍ ശിശുപീഡനം നടന്ന കേസില്‍ പ്രാദേശിക മുതലാളിക്കു വേണ്ടി കേസ് ഒതുക്കാന്‍ കരുക്കള്‍ നീക്കിയ സ്ഥലത്തെ പോലിസ് സബ് ഇന്‍സ്‌പെക്ടറാണ്. വരാപ്പുഴയിലെ കസ്റ്റഡി പീഡനത്തിലും കോട്ടയത്ത് കെവിന്‍ എന്ന യുവാവിനെ ഒരു സംഘം തട്ടിക്കൊണ്ടുപോയ വേളയില്‍ പ്രതികള്‍ക്ക് ഒത്താശ ചെയ്ത സംഭവത്തിലുമൊക്കെ പ്രതിസ്ഥാനത്ത് നില്‍ക്കുന്നത് ഉന്നത ഉദ്യോഗസ്ഥര്‍ അടങ്ങുന്ന പോലിസ് സേനയിലെ അംഗങ്ങള്‍ തന്നെയാണ്.
കേരള പോലിസ് വളരെ നാണംകെട്ട ഒരു അവസ്ഥയിലാണ് ഇപ്പോള്‍ എത്തിച്ചേര്‍ന്നിരിക്കുന്നത് എന്ന് സമീപകാല സംഭവങ്ങള്‍ വിലയിരുത്തുന്ന ആര്‍ക്കും കണ്ടെത്താനാവും. നിയമവിരുദ്ധമായ കാര്യങ്ങളാണ് പോലിസ് യൂനിഫോം ധരിച്ചുകൊണ്ട് തങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നത് എന്ന് പൂര്‍ണ ബോധ്യമുള്ള ഉദ്യോഗസ്ഥര്‍ തന്നെയാണ് യാതൊരു മനസ്സാക്ഷിക്കുത്തും വരുംവരായ്കകളെ സംബന്ധിച്ച പരിഭ്രാന്തിയുമില്ലാതെ ഇത്തരം സംഭവങ്ങളില്‍ ഇടപെടുന്നത്. ഇത് ഒറ്റപ്പെട്ട സംഭവങ്ങള്‍ മാത്രമാണ് എന്ന ന്യായീകരണമാണ് മുഖ്യമന്ത്രി അടക്കമുള്ള ഭരണാധികാരികള്‍ ഉന്നയിക്കുന്നത്. തങ്ങള്‍ ഓരോ സന്ദര്‍ഭത്തിലും കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നുണ്ട് എന്നും അവര്‍ അവകാശവാദം ഉന്നയിക്കുന്നു.
എന്നാല്‍, പുറത്തുവരുന്ന സംഭവങ്ങള്‍ കൂറ്റന്‍ മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് എന്നതാണ് യാഥാര്‍ഥ്യം. കേരളത്തില്‍ അങ്ങോളമിങ്ങോളം ദൈനംദിനം ഇത്തരം സംഭവങ്ങള്‍ അരങ്ങേറുന്നുണ്ട്. മാധ്യമങ്ങളിലൂടെ പൊതുസമൂഹത്തിന്റെ ശ്രദ്ധയില്‍ വരുകയും വലിയ വിവാദമാവുകയും ചെയ്യുന്ന സംഭവങ്ങളില്‍ മാത്രമാണ് താല്‍ക്കാലികമായെങ്കിലും എന്തെങ്കിലും നടപടികള്‍ സ്വീകരിക്കപ്പെടുന്നത്. അതില്‍ തന്നെ ഉന്നതര്‍ വളരെ എളുപ്പത്തില്‍ രക്ഷപ്പെട്ടുപോവുകയാണ്. വരാപ്പുഴ സംഭവത്തില്‍ ഒരു പ്രത്യേക പോലിസ് സേനയെ എല്ലാ ചട്ടങ്ങളും ലംഘിച്ച് രൂപീകരിച്ച്, നടപടിക്രമങ്ങളെ നോക്കുകുത്തിയാക്കി അവരെ മുന്‍നിര്‍ത്തി ഭീകരതാണ്ഡവം നടത്തിയ പോലിസ് മേധാവിക്കെതിരേ നടപടിയില്ല. തെളിവില്ല എന്നാണ് മുഖ്യമന്ത്രിയുടെ ന്യായീകരണം.
വാസ്തവത്തില്‍, കേരളത്തിലെ പോലിസ് സംവിധാനം ആകപ്പാടെ കുത്തഴിഞ്ഞ മട്ടിലായിരിക്കുന്നു എന്ന് തിരിച്ചറിയാതെ വയ്യ. അമിതമായ രാഷ്ട്രീയവല്‍ക്കരണമാണ് ഇന്നു സേന നേരിടുന്ന പ്രശ്‌നം. മേലുദ്യോഗസ്ഥരെ അവഗണിക്കാനും തങ്ങളുടെ സ്വന്തം ഇഷ്ടപ്രകാരം പ്രവര്‍ത്തിക്കാനും പലര്‍ക്കും മടിയില്ല. കാരണം, അവര്‍ക്കു സംരക്ഷണം ഒരുക്കുന്നത് രാഷ്ട്രീയനേതാക്കളാണ്. ഭരണസംവിധാനത്തില്‍ അമിതമായ രാഷ്ട്രീയ ഇടപെടല്‍ ഒരുവശത്ത്; അതിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ബാധ്യസ്ഥനായ മുഖ്യമന്ത്രിയാവട്ടെ, കൂറ്റന്‍ സുരക്ഷയുടെ പേരില്‍ ഇതേ സംഘം ഒരുക്കുന്ന പത്മവ്യൂഹത്തിലും. ജനവികാരമോ പരാതികളോ അറിയാനോ സ്വീകരിക്കാനോ അദ്ദേഹത്തിനു സമയമോ സൗകര്യമോ ഇല്ല. വല്ലാത്ത ഒരു പൊറാട്ടുനാടകമാണ് നാട്ടില്‍ ഇപ്പോള്‍ നാം കണ്ടുകൊണ്ടിരിക്കുന്നത്.
Next Story

RELATED STORIES

Share it