പോലിസ് പീഡിപ്പിക്കുന്നതായി രൂപേഷ് കോടതിയില്‍

പാലക്കാട്: പോലിസിനെതിരെ നിരവധി ആരോപണങ്ങളുമായി മാവോവാദി നേതാവ് രൂപേഷ് കോടതിയില്‍. പോലിസ് മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയാണെന്നും വേട്ടയാടുകയാണെന്നും കോടതിയില്‍ പറഞ്ഞ രൂപേഷ് മാനുഷിക പരിഗണന നല്‍കണമെന്നു കോടതി മുമ്പാകെ ബോധിപ്പിച്ചു. പോലിസ് ചിലരുടെ കെട്ടിചമച്ച കേസാണിതെന്ന് രൂപേഷിനു വേണ്ടി ഹാജരായ അഡ്വ: ജലജ മാധവന്‍ പാലക്കാട് ജില്ലാ കോടതി മുമ്പാകെ വാദിച്ചു. മേലെ ആനവായ് ഊരിലെ കെ ദൊരൈരാജിനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി എന്ന അഗളി പോലിസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് പാലക്കാട് ജില്ലാ ജഡ്ജി ടി വി അനില്‍കുമാര്‍ മുമ്പാകെ രൂപേഷിനെ ഹാജരാക്കിയത്.
1996 നു ശേഷം അട്ടപ്പാടി മേഖലയിലേക്ക് പോയിട്ടില്ലെന്ന് രൂപേഷ് കോടതി മുമ്പാകെ ബോധിപ്പിച്ചു. ബെന്നിയെ വെടിവച്ചു കൊന്നത് പോലിസാണ്. സംഭവത്തില്ഡ ന്യായാധിപരെ ഉള്‍പ്പെടുത്തി നിഷ്പക്ഷമായ അന്വേഷണം നടത്തണം . അട്ടപ്പാടി വനമേഖലയിലുണ്ടായതായി പോലിസ് പറയുന്ന വെടിവയ്പ്പ് തണ്ടര്‍ബോള്‍ട്ട് കെട്ടിച്ചമച്ചതാണ്. ആദിവാസികളുടെ ക്ഷേമത്തിന് വേണ്ടിയുള്ള ഫണ്ട് തട്ടിയെടുക്കുന്നതിനാണെന്നും രൂപേഷ് കോടതിയില്‍ പറഞ്ഞതായാണ് പുറത്തുവന്ന വിവരം.
കേസിന്റെ തുടരന്വേഷണത്തിനായി 7 ദിവസത്തേക്ക് കൂടി പോലിസ് കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി അംഗീകരിച്ചു. പ്രോസിക്യൂട്ടര്‍ സി ജി ഹരിദാസും പ്രതിഭാഗത്തിനു വേണ്ടി അഡ്വ: ജലജ മാധവനും ഹാജരായി.
2014 ജനുവരി മൂന്നിനാണ് കേസിനാസ്പദമായ സംഭവം. സംഭവത്തില്‍ രൂപേഷ് ഉള്‍പ്പെടെ 11 പേര്‍ക്കെതിരേയാണ് കേസ്. ഡിവൈഎസ്പി എസ് ഷാനവാസിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
Next Story

RELATED STORIES

Share it