Pathanamthitta local

പോലിസ് പിടിച്ചെടുത്ത വള്ളങ്ങള്‍ തോട് നവീകരണത്തിന് വിലങ്ങുതടിയാവുന്നു

നിരണം: തോട് നവീകരണത്തിന് വിലങ്ങുതടിയായി വള്ളങ്ങള്‍. അനധികൃത മണല്‍വാരലിന് പോലിസ് പിടിച്ച വള്ളങ്ങളാണ് തോട്ടില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടക്കുന്നത്. പത്തനംതിട്ടആലപ്പുഴ ജില്ലകളെ തമ്മില്‍ വേര്‍തിരിക്കുന്ന പമ്പാ നദിയുടെ കൈവഴിയായ ഇരതോട്ടിലാണ് വികസനം തടഞ്ഞ് വള്ളങ്ങള്‍ കിടക്കുന്നത്. വെള്ളത്തില്‍ മുങ്ങിയും പൊങ്ങിയും നിരവധി വള്ളങ്ങള്‍ കിടപ്പുണ്ട്. മണല്‍ വേട്ടയ്ക്കിടെ പിടികൂടുന്ന വള്ളങ്ങള്‍ വെള്ളത്തില്‍ താഴ്ത്തിയാണ് ഇടാറുള്ളത്. ചിലവ പലക പൊട്ടിച്ചും ഇടും. വീയപുരം പോലിസ് പിടിച്ച വള്ളങ്ങലാണ് കിടക്കുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.
നീര്‍ത്തട പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് ഇരതോടിന്റെ നവീകരണത്തിനായി പത്ത് ലക്ഷം അനുവദിച്ചിട്ടുണ്ട്. എന്നാല്‍, തോട്ടില്‍നിന്ന് വള്ളങ്ങള്‍ നീക്കംചെയ്യാന്‍ ബന്ധപ്പെട്ടവര്‍ തയാറാവാത്തതിനാല്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല. തോട് നവീകരണത്തിന്റെ ഭാഗമായി ആറ് കമ്മിറ്റികള്‍ രൂപികരിച്ചിട്ടുണ്ട്. ഇരതോട്, വീയപുരം പോള തുരത്ത് തുടങ്ങിയ പാടശേഖരങ്ങള്‍ക്ക് വെള്ളം കിട്ടാന്‍ തോടിന്റെ നവീകരണം അത്യാവശ്യമാണ്.
പണ്ടങ്കരി ഭാഗത്തേക്ക് പമ്പാനദിയില്‍നിന്നുള്ള നീഴൊഴുക്ക് വര്‍ധിക്കുന്നതിനും ഇരതോട് നവീകരിക്കണം. തോട്ടില്‍ കെട്ടിക്കിടക്കുന്ന പോളയും മറ്റ് മാലിന്യങ്ങളും നീക്കംചെയ്ത് ആഴംകൂട്ടുന്ന പ്രവര്‍ത്തനമാണ് ഇപ്പോള്‍ നവീകരണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വള്ളങ്ങള്‍ നീക്കംചെയ്യാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിരുവല്ല ആര്‍ഡിഒക്ക് പരാതി നല്‍കിയിട്ടുണ്ട്. കേസില്‍പ്പെട്ട വള്ളങ്ങളായതിനാല്‍ ഔദ്യോഗികമായി നീക്കുന്നതിന് സങ്കീര്‍ണമായ നടപടിക്രമങ്ങളുണ്ടെന്ന് അധികൃതര്‍ പറയുന്നു. വള്ളങ്ങള്‍ നീക്കംചെയ്യാന്‍ വേണ്ടിവരുന്ന ചെലവ് ആരുവഹിക്കും എന്നതും പ്രശ്‌നമാവുന്നുണ്ട്.
Next Story

RELATED STORIES

Share it