Alappuzha local

പോലിസ് പരിശോധന യാത്രക്കാരെ വലച്ചു

കായംകുളം: അപകട വളവില്‍ പോലിസിന്റെ വാഹന പരിശോധന വാഹന യാത്രികരെ വലച്ചു. ഇന്നലെ വൈകീട്ട് നാലുമണി മുതല്‍ തിരക്കേറിയ പോലിസ് സ്റ്റേഷന്‍ ജങ്ഷനിലാണ് വാഹന പരിശോധനയുടെ പേരില്‍
ഗതാഗത തടസ്സം സൃഷ്ടിച്ചത്.
പ്രധാന റോഡുകളായ കെ പി റോഡും കായംകുളം മാവേലിക്കര റോഡും ചേരുന്ന ഭാഗത്തെ വളവില്‍ വാഹനങ്ങള്‍ക്ക് പെട്ടെന്ന് കാണാന്‍ പറ്റാത്ത തരത്തിലാണ് പരിശോധനയ്ക്കായി പോലിസ് നിലയുറപ്പിച്ചത്. ഇരുചക്ര വാഹനങ്ങളില്‍ എത്തുന്നവര്‍ പരിശോധകരെ കണ്ട് ബൈക്ക് വെട്ടിത്തിരിച്ച് പോവുന്നത് അപകടമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന് മനസ്സിലായിട്ടും അധികൃതര്‍ പരിശോധന തുടരുകയായിരുന്നു.
ഗതാഗതക്കുരുക്ക് രൂക്ഷമായി അനുഭവപ്പെടുന്ന ഈ ഭാഗത്ത് അപകടങ്ങളും അപകട മരണവും വരെ സംഭവിച്ചിട്ടുണ്ട്. ഇവിടെ വാഹന പരിശോധന നടത്താന്‍ പാടില്ലെന്ന് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കിയിട്ടും അത് അവഗണിച്ചാണ് പരിശോധന നടത്തിയത്.
നഗര മധ്യത്തിലായതിനാല്‍ ഗതാഗത കുരുക്കുണ്ടാവുമ്പോള്‍ പെട്ടന്ന് ഹെല്‍മെറ്റ് വേട്ടയിലൂടെ പെറ്റികേസിന്റെ എണ്ണം തികയ്ക്കാന്‍ വേണ്ടിയാണ് ഒളിഞ്ഞുനിന്ന് പരിശോധന നടത്തുന്നതെന്ന ആക്ഷേപം ശക്തമാണ്. രണ്ടു ദിവസം മുമ്പ് ദേശീയപാതയില്‍ മുക്കട ജങ്ഷനു സമീപം അപകട വളവില്‍ വാഹന പരിശോധകരെ കണ്ട് ബൈക്ക് വെട്ടിത്തിരിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് പരിക്കേറ്റിരുന്നു. മുമ്പ് കൃഷ്ണപുരം ജങ്ഷനിലും സമാന സംഭവമുണ്ടായിരുന്നു.
Next Story

RELATED STORIES

Share it