Kottayam Local

പോലിസ് പരിശോധന; ഒളിവില്‍ കഴിഞ്ഞ ഒമ്പതു പ്രതികള്‍ പിടിയില്‍



കോട്ടയം: സാമൂഹിക വിരുദ്ധരെ അമര്‍ച്ച ചെയ്യുന്നതിനായി ജില്ലാ പോലിസ് മേധാവിയുടെ നിര്‍ദേശ പ്രകാരം നടത്തിയ കോമ്പിങില്‍ ദീര്‍ഘകാലം ഒളിവില്‍ കഴിഞ്ഞ ഒമ്പതു പ്രതികള്‍ പിടിയിലായി. ശനിയാഴ്ച രാത്രി 12 മുതല്‍ ഞായറാഴ്ച പുലര്‍ച്ചെ അഞ്ചു വരെയാണ് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തിയത്. 166 വാറണ്ടുകള്‍ നടപ്പാക്കി. കോമ്പിങിനിടെ പള്ളിക്കത്തോടു വച്ച് കൈ കാണിച്ച് നിര്‍ത്താതെ പോയ വാഹനം പോലിസ് പിന്തുടര്‍ന്ന് പിടികൂടി. മദ്യപിച്ച് വാഹനമോടിച്ചതിന്റെ പേരില്‍ തീക്കോയി സ്വദേശി സജിത്തിനെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 62 ബസ് സ്റ്റാന്‍ഡുകള്‍, 10 റെയില്‍വേ സ്റ്റേഷനുകള്‍, 119 ലോഡ്ജുകള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തി. മദ്യപിച്ച് വാഹനമോടിച്ചതിന് 146 പേര്‍ക്കെതിരെയും അമിത വേഗത്തില്‍ വാഹനമോടിച്ച 88 പേര്‍ക്കെതിരെയും അശ്രദ്ധമായി വാഹനമോടിച്ച 101 പേര്‍ക്കെതിരെയും ഹെല്‍മെറ്റില്ലാതെ വാഹനമോടിച്ച 371 പേര്‍ക്കെതിരെയും സീറ്റ് ബെല്‍റ്റില്ലാതെ വാഹനമോടിച്ച 223 പേര്‍ക്കെതിരെയും നിയമനടപടി സ്വീകരിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ കാണപ്പെട്ട 29 പേര്‍ക്കെതിരെയും മാര്‍ഗ തടസ്സം സൃഷ്ടിച്ച് നിര്‍ത്തിയിട്ടിരുന്ന 123 വാഹനങ്ങള്‍ക്കെതിരെയും എന്‍ഡിപിഎസ് ആക്ട് പ്രകാരം മൂന്നുപേര്‍ക്കെതിരെയും നടപടിയെടുത്തു. ജയില്‍ ശിക്ഷ അനുഭവിച്ച 65ഓളം മുന്‍കുറ്റവാളികളെയും ജില്ലയിലെ റൗഡി ലിസ്റ്റില്‍ പെട്ട 79 പേരെയും നിരീക്ഷണത്തിനു വിധേയമാക്കി. പരിശോധനകള്‍ വരും ദിവസങ്ങളിലും തുടരുമെന്നു ജില്ലാ പോലിസ് മേധാവി എന്‍ രാമചന്ദ്രന്‍ അറിയിച്ചു.
Next Story

RELATED STORIES

Share it