പോലിസ് പരിശീലന കേന്ദ്രത്തിനു നേരെ ആക്രമണം; ലിബിയയില്‍ 65 പേര്‍ കൊല്ലപ്പെട്ടു

ട്രിപ്പോളി: ലിബിയയിലെ പടിഞ്ഞാറന്‍ നഗരമായ സില്‍തീനില്‍ പോലിസ് പരിശീലന കേന്ദ്രത്തിനു നേരെയുണ്ടായ ട്രക്ക്‌ബോംബ് ആക്രമണത്തില്‍ 65 പേര്‍ കൊല്ലപ്പെട്ടു. പോലിസ് അക്കാദമിയുടെ കവാടത്തിലേക്ക് ട്രക്ക് ഓടിച്ചുകയറ്റുകയായിരുന്നു എന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് റോയിറ്റേഴ്‌സ് റിപോര്‍ട്ട് ചെയ്തു. 127 പേര്‍ക്ക് പരിക്കേറ്റതായി ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു.
പോലിസുകാര്‍ക്കു പരിശീലനം നടത്തുന്നതിനിടയിലായിരുന്നു ആക്രമണമെന്ന് സില്‍തീന്‍ മെയര്‍ മിഫ്താഹ് ലഹ്മദി അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞ ദിവസങ്ങളില്‍ ഐഎസ് ലിബിയയിലെ രണ്ടു പ്രധാന എണ്ണ സംഭരണ കേന്ദ്രങ്ങള്‍ക്കു നേരെ ആക്രമണം നടത്തിയിരുന്നു. ഇതില്‍നിന്നുണ്ടായ തീ അഞ്ച് എണ്ണ സംഭരണികളിലേക്കു പടര്‍ന്നതായി സുരക്ഷാ ഉദ്യോഗസ്ഥന്‍ അലി അല്‍ ഹസ്സനി അറിയിച്ചു. നേരത്തേ നടന്ന ഏറ്റുമുട്ടലില്‍ ഒമ്പതു സൈനികര്‍ കൊല്ലപ്പെട്ടതായും റിപോര്‍ട്ടുണ്ട്. 2011ല്‍ ജനകീയ പ്രക്ഷോഭത്തില്‍ മുഅമ്മര്‍ ഖദ്ദാഫിയെ അധികാരത്തില്‍നിന്നു പുറത്താക്കിയതിനു ശേഷം ലിബിയയില്‍ രാഷ്ട്രീയ സംഘര്‍ഷം നിലനില്‍ക്കുകയാണ്. ഇതിനു ശേഷമാണ് രാജ്യത്ത് ഐഎസിനു സ്വാധീനം വര്‍ധിച്ചത്. 2014 ആഗസ്തില്‍ ലിബിയയില്‍ വിമതസര്‍ക്കാരും നിലവില്‍ വന്നു. ഇതോടെ അന്താരാഷ്ട്ര അംഗീകാരമുള്ളതും വിമതരുമായി രണ്ടു സര്‍ക്കാരുകളാണ് രാജ്യം ഭരിക്കുന്നത്.
ഐഎസിനെതിരേ ലിബിയയിലെ ഇരു സര്‍ക്കാരുകളെയും ഏകീകരിക്കാനുള്ള യുഎന്‍ ശ്രമം ഇതു വരെ വിജയം കണ്ടിട്ടില്ല.
Next Story

RELATED STORIES

Share it