Flash News

പോലിസ് പരാക്രമം അതിജീവിച്ച് ഡല്‍ഹിയില്‍ പോപുലര്‍ ഫ്രണ്ട് മഹാ സമ്മേളനം

പോലിസ് പരാക്രമം അതിജീവിച്ച് ഡല്‍ഹിയില്‍ പോപുലര്‍ ഫ്രണ്ട് മഹാ സമ്മേളനം
X


പിസി അബ്ദുല്ല

ന്യൂഡല്‍ഹി: പോരാട്ട വഴിയില്‍ പ്രതിബന്ധങ്ങളെ ധീരമായി നേരിടുമെന്ന പ്രഖ്യാപിത ലക്ഷ്യം അന്വര്‍ഥമാക്കി ഡല്‍ഹിയില്‍ പോപുലര്‍ഫ്രണ്ട് മഹാ സമ്മേളനം. രണ്ടു തവണ പോലിസ് അന്യായമായി പ്രധാന വേദി അഴിച്ചുമാറ്റിയിട്ടും അതേ സ്ഥലത്ത് പോലിസിന്റെ കണ്‍മുന്നില്‍ പതിനായിരങ്ങള്‍ സംഗമിച്ച് നിലക്കാത്ത പോരാട്ടത്തിന്റെയും പ്രതിരോധത്തിന്റേയും ഭേരി മുഴക്കിയത് രാജ്യ തലസ്ഥാനത്തിന് പുതിയ ചരിത്രമായി.
ഞങ്ങള്‍ക്കും പറയാനുണ്ട് എന്ന സന്ദേശമുയര്‍ത്തി 14 പതിനാലു സംസ്ഥാനങ്ങളില്‍ നടന്ന പോപുലര്‍ഫ്രണ്ട് സമ്മേളനങ്ങളുടെ ഭാഗമായിരുന്നു ഇന്നലെ ഡല്‍ഹിയില്‍ നടന്ന മഹാസമ്മേളനം. ശാസ്ത്രി മൈതാനത്ത് സമ്മേളനത്തിന് ദല്‍ഹി പോലിസ് ആദ്യം അനുമതി നല്‍കിയിരുന്നു. നൂറുക്കണക്കിന് വോളണ്ടിയര്‍മാര്‍ രാപ്പകല്‍ അധ്വാനിച്ച് വിശാലമായ മൈതാനത്ത് ശനിയാഴ്ചയോടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു.
    എന്നാല്‍, ശനിയാഴ്ച രാവിലെ സമ്മേളനം അനുവദിക്കില്ലെന്ന നിലപാടില്‍ പോലിസ് വേദി അഴിച്ചുമാറ്റി. പക്ഷെ സിറ്റി പോലിസ് മേധാവിയുമായി സംഘാടകര്‍ ബന്ധപ്പെട്ടതിനെ തുടര്‍ന്ന് അദ്ധേഹം രാത്രി മൈതാനം സന്ദര്‍ശിച്ച് സമ്മേളനം നടത്താന്‍ അനുമതി നല്‍കുകയും ചെയ്തു. വോളണ്ടിയര്‍മാര്‍ രാത്രി വൈകുവോളം കഠിനാധ്വാനം ചെയ്ത് പ്രധാന വേദി പുനസ്ഥാപിക്കുകയും ചെയ്തു.
അതിനിടെ, ഇന്നലെ രാവിലെ സ്ഥലത്തെത്തിയ ഡല്‍ഹി പോലിസ് സമ്മേളനം നടത്തരുതെന്നാവശ്യപ്പെട്ടു. സംഘാടകര്‍ വഴങ്ങാത്തതിനെ തുടര്‍ന്ന് പോലിസ് തന്നെ പത്തരയോടെ പ്രധാന വേദിയടക്കം പൊളിച്ചുമാറ്റി. ഇരിപ്പിടങ്ങളും മൈക്ക് സെറ്റുകളും പതാകകളും പോലിസ് നേരിട്ട് നീക്കം ചെയ്തു.


സമ്മേളന ഗ്രൗണ്ടിന് ചുറ്റും ബാരിക്കേഡ് സ്ഥാപിച്ച് പ്രവര്‍ത്തകര്‍ ഗ്രൗണ്ടിലിറങ്ങുന്നതും പോലിസ് തടഞ്ഞു. പോലിസെത്തും മുന്‍പേ മൈതാനിയില്‍ തിങ്ങി നിറഞ്ഞ ആയിരങ്ങളെ  സംഘാടകര്‍ സജ്ജമാക്കിയ ഇടത്തു നിന്നും നീക്കം ചെയ്യാനും പോലിസ് ശ്രമിച്ചു.
അതിനിടെ, സമ്മേളന പ്രവര്‍ത്തകരേയും വഹിച്ച് ശാസ്ത്രി പാര്‍ക്കിലെത്താനിരുന്ന 400ഓളം ബസുകള്‍ നഗരത്തിന്റെ വിവിധയിടങ്ങളില്‍ പോലിസ് തിരിച്ചയച്ചു. തിരിച്ചയച്ച പ്രവര്‍ത്തകര്‍ പിന്നീട് 10 കിലോമീറ്ററോളം നടന്നാണ് സമ്മേളന നഗരിയിലെത്തിയത്.
പ്രധാന വേദിയില്‍ നിന്നും പോലിസ് നീക്കം ചെയ്ത പ്രവര്‍ത്തകര്‍ മൈതാനത്തിന്റെ പലയിടത്തായി തമ്പടിച്ചു. 11മണിയോടെ എ സഈദിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ സമ്മേളന നഗരിയിലേക്ക് പ്രവേശിച്ചതോടെ ജനക്കൂട്ടം അദ്ദേഹത്തിന് പിന്നാലെ തക്ബീര്‍ ധ്വനികളുയര്‍ത്തി സമ്മേളന സ്ഥലത്തേക്ക് ഇരച്ചു കയറുകയായിരുന്നു. പിന്നീട്, സമ്മേളനത്തിനെത്തിയവര്‍ക്കായി തയ്യാറാക്കിയിരുന്ന ഭക്ഷണം വിതരണം ചെയ്യുന്നതിനും പോലീസ് വിലക്കേര്‍പ്പെടുത്തിയെങ്കിലും പോലീസുമായി സംഘടനാ നേതാക്കള്‍ നടത്തിയ ചര്‍ച്ചക്കൊടുവില്‍ ഭക്ഷണം കഴിക്കാന്‍ അനുമതി ലഭിച്ചു.
ഉച്ചക്ക് ഒന്നരയോടെ ,ദേശീയ ചെയര്‍മാന്‍ ഇ അബൂബക്കര്‍ എത്തിയതോടെ ആരവങ്ങളുമായി മുഴുവന്‍ പ്രവര്‍ത്തകരും പ്രധാന വേദിയില്‍ സംഗമിച്ചു.



വിലക്ക് ലംഘിച്ച് പതിനായിരങ്ങള്‍ വീണ്ടും പ്രധാന വേദിയില്‍ ഒത്തു കൂടിയതിന് വന്‍ പോലിസ് പട സാക്ഷിയായി. സ്ത്രീകളടക്കം ആയിരങ്ങളാണ് പോലിസ് പരാക്രമം അവഗണിച്ച് സമ്മേളനത്തിനെത്തിയത്. ഏതാണ്ട് കാല്‍ ലക്ഷംപേര്‍ക്ക് വാഹനങ്ങള്‍ പോലിസ് തടഞ്ഞതാ കാരണം പങ്കെടുക്കാനായില്ല.
ഇ അബൂബക്കര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഫാഷിസവും അതിന്റെ ഭരണായുധങ്ങളും ആക്രമണോത്സുകമായാണ് ജനാധിപത്യത്തോടും പൗര സമൂഹത്തോടും പെരുമാറുന്നതെന്നതിന്റെ തെളിവാണ് ഡല്‍ഹി സമ്മേളനത്തിനെതിരായ പോലിസ് നടപടിയെന്ന് അദ്ധേഹം പറഞ്ഞു. പോപുലര്‍ ഫ്രണ്ടിന് പറയാനുള്ളത് ഭരണകൂടവും അന്വേഷണ ഏജന്‍സികളും മാധ്യമങ്ങളും കേള്‍ക്കാത്തതു കൊണ്ടാണ് ജനങ്ങളെ വിളിച്ചുകൂട്ടി നേരിട്ട് വിശദീകരിക്കാന്‍ സംഘടന ശ്രമിക്കുന്നത്. അതും അനുവദിക്കില്ലെന്ന അസഹിഷ്ണുതയുടെ തെളിവാണ് ഡല്‍ഹി സമ്മേളനം തടഞ്ഞ പോലിസ് നിലപാട്.


പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യാ ദേശീയ സെക്രട്ടറി അനീസ് അഹ്മദ് മുഖ്യ പ്രഭാഷണം നടത്തി. ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ ഡോ, സഫറുല്‍ ഇസ്ലാം ഖാന്‍, ജന്‍സമാജന്‍ പാര്‍ട്ടി ചെയര്‍മാന്‍ അശോക് ഭാരതി, റിട്ട. ജസ്റ്റിസ്  ബിജി ഖോല്‍സെ പാട്ടീല്‍, മുസ്ലിം പൊളിറ്റിക്കല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. തസ്ലീം അഹ്മദ് റഹ്മാനി, എന്‍ഡബ്ല്യൂഎഫ് ദെശീയ സെക്രട്ടറി ലുബ്‌ന സിറാജ്, സൗത്ത് ഏഷ്യാ ഹ്യൂമന്‍ റൈറ്റ്‌സ് എക്‌സി. ഡയറക്ടര്‍ രവി നായര്‍, ആള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ പ്രസിഡന്റ് മൗലാനാ അഹ്മദ് ബേഗ് നദ്‌വി, പോപുലര്‍ഫ്രണ്ട് ഡല്‍ഹി മേഖലാ സക്രട്ടറി അനിസ് അന്‍സാരി,  ഡല്‍ഹി സ്‌റ്റേറ്റ് പ്രസിഡന്റ് പര്‍വേസ് അഹ്മദ് സംസാരിച്ചു.



പോപുലര്‍ഫ്രണ്ട് സമ്മേളനം വീക്ഷിക്കാന്‍ ജമാഅത്തെ ഇസ്ലാമിയടക്കമുള്ള ഇതര മുസ്ലിംസംഘടനാ പ്രവര്‍ത്തകരും ശാസ്ത്രി പാര്‍ക്കിലെത്തിയിരുന്നു. പോലിസ് നടപടി അവരിലും കടുത്ത പ്രതിഷേധമുയര്‍ത്തി. സമ്മേളനത്തിന് അനുമതി കൊടുക്കരുതെന്ന് പറഞ്ഞ് ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള മുസ്ലിം രാഷ്ട്രീയ മഞ്ചും ഒരു സൂഫി കൂട്ടായ്മയും അധികൃതര്‍ക്ക് പരാതി കൊടുത്തിരുന്നു.
Next Story

RELATED STORIES

Share it