Flash News

പോലിസ് തേര്‍വാഴ്ച: പിണറായി ആഭ്യന്തരം ഒഴിയുക; എസ്ഡിപിഐ കുറ്റവിചാരണ നാളെ

തിരുവനന്തപുരം: സംസ്ഥാനത്ത് നിരന്തരമായി സംഭവിച്ച് കൊണ്ടിരിക്കുന്ന പോലിസ് വീഴ്ചകളുടെ ഉത്തരവാദിത്തമേറ്റെടുത്ത് പിണറായി വിജയന്‍ ആഭ്യന്തരമന്ത്രി പദമൊഴിയണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ നാളെ സംസ്ഥാന വ്യാപകമായി കുറ്റവിചാരണ സംഘടിപ്പിക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി തുളസീധരന്‍ പള്ളിക്കല്‍ അറിയിച്ചു.
ശ്രീജിത്തിന്റേയും വിനായകന്റേയും മരണം പോലിസിന്റെ മൂന്നാംമുറ കാരണമായിരുന്നുവെന്ന് വ്യക്തമായതാണ്. ഒടുവില്‍ കെവിന്‍ എന്ന യുവാവിന്റെ ദാരുണ മരണത്തിന് കാരണമായതും പോലിസിന്റെ കുറ്റകരമായ അനാസ്ഥയാണ്. ഓരോ സംഭവുമുണ്ടാകുമ്പോഴും കേരളത്തില്‍ സംഭവിക്കാന്‍ പാടില്ലാത്തതാണെന്ന പ്രസ്താവന ആവര്‍ത്തിക്കുന്ന മുഖ്യമന്ത്രി സ്വയം പരാജയം സമ്മതിക്കുകയാണ്. കേരളത്തില്‍ അടുത്തിടെയുണ്ടായ ദലിത് ഹര്‍ത്താലിനോടും കഠ്‌വ ഹര്‍ത്താലിനോടും പക്ഷപാതപരമായ സമീപനമാണ് കേരള ആഭ്യന്തര വകുപ്പില്‍ നിന്നുണ്ടായത്.
സാധാരണ ഹര്‍ത്താലുകളിലില്ലാത്ത വിധം പോലിസ് വേട്ട സംസ്ഥാനത്ത് അരങ്ങേറി. ദലിത് നേതാക്കളടക്കം നിരവധി പേരെ അറസ്റ്റ് ചെയ്ത് പീഡിപ്പിച്ചു. ന്യൂനപക്ഷ സമുദായത്തില്‍ പെട്ടവരോട് പിണറായി പോലിസ് വിദ്വേഷ നിലപാട് സ്വീകരിക്കുമ്പോള്‍ ദേശീയപതാക കോഡ് ലംഘിച്ച മോഹന്‍ ഭാഗവതിനോടും രാജ്യദ്രോഹ പ്രസ്താവനകള്‍ നടത്തുന്ന ശശികല അടക്കമുള്ള സംഘപരിവാര നേതാക്കളോടും മൃദുസമീപനം സ്വീകരിക്കുന്നു.
എം എം അക്ബര്‍, ഡോ. ഹാദിയ, അഞ്ജലി, റിയാസ് മൗലവി, കൊടിഞ്ഞി ഫൈസല്‍, ഘര്‍വാപ്പസി പീഡനകേന്ദ്രം തുടങ്ങി നിരവധി വിഷയങ്ങളിലും പോലിസിന്റെ നടപടികള്‍ സംഘപരിവാര താല്‍പര്യങ്ങള്‍ക്കൊപ്പമാണ്. ഇത് കേരള പോലിസിന്റെ നിയന്ത്രണം ആര്‍ക്ക് എന്ന ചോദ്യം ഉയര്‍ത്തുന്നു.
ജനരോഷം തണുപ്പിക്കാന്‍ ചില പോലിസുകാരെ സസ്‌പെന്‍ഡ് ചെയ്യുകയും ആറു മാസത്തിന് ശേഷം സര്‍വീസില്‍ തിരിച്ചെടുക്കുകയും ചെയ്യുന്ന നാടകം പോലിസിന്റെ ക്രിമിനല്‍വല്‍ക്കരണത്തിന് പരിഹാരമാവുന്നില്ലെന്ന് തെളിഞ്ഞിരിക്കുന്നു.
ഈ സാഹചര്യത്തില്‍ പിണറായി വിജയന്‍ ആഭ്യന്തരമന്ത്രി പദം രാജിവയ്ക്കണമെന്നും പോലിസിനെ കൂടുതല്‍ ജനസൗഹൃദമാക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാരില്‍ നിന്നുണ്ടാവണമെന്നും തുളസീധരന്‍ ആവശ്യപ്പെട്ടു. നാളെ വൈകീട്ട് 4.30ന് മണ്ഡലം തലങ്ങളില്‍ സംഘടിപ്പിക്കുന്ന കുറ്റവിചാരണ വിജയകരമാക്കുവാന്‍ എല്ലാ ജനാധിപത്യ വിശ്വാസികളോടും അദ്ദേഹം അഭ്യര്‍ഥിച്ചു.















Next Story

RELATED STORIES

Share it