Kollam Local

പോലിസ് തേര്‍വാഴ്ചയ്‌ക്കെതിരേ കൊല്ലത്ത് എസ്ഡിപിഐയുടെ പ്രതിഷേധം

കൊല്ലം: മഹാരാജാസ് കോളജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്റെ കൊല്ലപ്പെട്ടതിന്റെ പേരില്‍ എസ്ഡിപിഐ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഓഫിസുകള്‍ക്കും നേരെ നടത്തുന്ന ഭരണകൂട-പോലിസ് തേര്‍വാഴ്ചയ്‌ക്കെതിരേ കൊല്ലത്ത് എസ്ഡിപിഐയുടെ പ്രതിഷേധ മാര്‍ച്ച്.
ഇന്നലെ വൈകീട്ട് റസ്റ്റ് ഹൗസ് പരിസരത്ത് നിന്നുമാണ് മാര്‍ച്ച് ആരംഭിച്ചത്. താലൂക്ക് കച്ചേരി, മെയിന്‍ റോഡ് വഴി ചിന്നക്കട ബസ് സ്റ്റാന്‍ഡില്‍ മാര്‍ച്ച് സമാപിച്ചു. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം ജില്ലാ ഖജാഞ്ചി അയത്തില്‍ റസാഖ് ഉദ്ഘാടനം ചെയ്തു.
മഹാരാജാസ് കോളജില്‍ നടന്ന കൊലപാതകം ദൗര്‍ഭാഗ്യകരമാണ്. എന്നാല്‍ അതിന്റെ പേരില്‍ എസ്ഡിപിഐയെ കടന്നാക്രമിക്കാനാണ് പോലിസും സിപിഎമ്മും ശ്രമിക്കുന്നത്.
അന്വേഷണം തുടങ്ങുന്നതിന് മുമ്പ് തന്നെ പ്രതിസ്ഥാനത്ത് എസ്ഡിപിഐ ആണെന്ന് വരുത്തി തീര്‍ക്കാന്‍ സിപിഎം ഗൂഡാലോചന നടത്തി.
ഇതിന് ചില പോലിസ് ഉദ്യോഗസ്ഥരുടെ ഒത്താശയും ഉണ്ടായിരുന്നു. കൊല്ലപ്പെട്ട അഭിമന്യുവിനെ നാട്ടില്‍ നിന്നും വിളിച്ചുവരുത്തിയത് ആരാണെന്ന് അന്വേഷിക്കണം.
കുടുംബാംഗങ്ങള്‍ പോലും ആക്ഷേപം ഉന്നയിച്ചിട്ടും ഇക്കാര്യത്തില്‍ പോലിസ് അന്വേഷണം നടത്താത്തത് ദുരൂഹമാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ ആക്ടിങ് പ്രസിഡന്റ് എ കെ ഷരീഫ് അധ്യക്ഷത വഹിച്ചു. മഹാരാജാസ് സംഭവത്തിന്റെ പേരില്‍ എസ്ഡിപിഐയെ ഇല്ലാതാക്കുമെന്നാണ് സിപിഎം പ്രഖ്യാപിച്ചിരിക്കുന്നത്. വളര്‍ന്നുവളര്‍ന്ന് കേരളത്തില്‍ മാത്രം ഒതുങ്ങിയ സിപിഎമ്മാണ് എസ്ഡിപിഐ ഫിനിഷ് ചെയ്യാന്‍ ഇറങ്ങി പുറപ്പെട്ടിരിക്കുന്നത്.
അധികാരത്തിലിരുന്ന ത്രിപുരയില്‍ കാട്ടില്‍ പാര്‍ട്ടി മീറ്റിങ് നടത്തേണ്ട ഗതികേടിലാണ് ഇപ്പോള്‍ സിപിഎം. പ്രാദേശിക പാര്‍ട്ടിയായി ചുരുങ്ങിയ സിപിഎം അവസാനത്തെ പിടിവള്ളിയായ കേരളം കൈവിടാതിരിക്കാന്‍ എസ്ഡിപിഐയ്ക്ക് നേരെ പോരിന് വന്നാല്‍ അത് വിലപോകില്ല. ആശയങ്ങളെ ആശയങ്ങള്‍ കൊണ്ട് നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
എസ്ഡിപിഐ രൂപീകരിക്കുന്നതിന് മുമ്പ് രൂപീകരിച്ച സംഘടനയാണ് കാംപസ് ഫ്രണ്ട്. എന്നിട്ടും കാംപസ് ഫ്രണ്ട് എസ്ഡിപിഐയുടെ വിദ്യാര്‍ഥി സംഘടനയാണെന്നാണ് സിപിഎം പറയുന്നത്.
പിതാവ് ജനിക്കും മുമ്പ് കുട്ടികള്‍ ഉണ്ടാകുന്ന പതിവ് എസ്ഡിപിഐയ്ക്കില്ലെന്നും അത് സിപിഎമ്മിനാണുള്ളതെന്നും മുഖ്യപ്രഭാഷണം നടത്തിയ ജില്ലാ സെക്രട്ടറി ഷെമീര്‍ ഭരണിക്കാവ് അഭിപ്രായപ്പെട്ടു.
മാര്‍ച്ചിന് നൂറുകണക്കിന് പേര്‍ പങ്കെടുത്തു. ജില്ലാ സെക്രട്ടറി ഇഖ്ബാല്‍ പത്തനാപുരം, ജില്ലാ കമ്മിറ്റി അംഗങ്ങളായ നാസര്‍ തോപ്പില്‍ വടക്കതില്‍, സലിം വിളയിലയ്യം, വി ഷാഹുല്‍ ഹമീദ്, ഷാജഹാന്‍ കുന്നുംപുറം നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it