പോലിസ് തലപ്പത്ത് വീണ്ടും വന്‍ അഴിച്ചുപണി

തിരുവനന്തപുരം: സംസ്ഥാന പോലിസ് മേധാവിയെ അടക്കം മാറ്റിയതിനു പിന്നാലെ പോലിസ് തലപ്പത്ത് വീണ്ടും വന്‍ അഴിച്ചുപണി. ജയില്‍ ഡിജിപി ഋഷിരാജ് സിങിനെയും അഞ്ച് എഡിജിപിമാരെയും 13 എസ്പിമാരെയും സ്ഥലംമാറ്റി ആഭ്യന്തരവകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു.
ജയില്‍ മേധാവിയായിരുന്ന ഡിജിപി ഋഷിരാജ് സിങിനെ എക്‌സൈസ് കമ്മീഷണറായാണു മാറ്റിയത്. എക്‌സൈസ് കമ്മീഷണറായിരുന്ന എക്‌സ് അനിലിന്റെ പുതിയ നിയമനത്തില്‍ തീരുമാനമെടുത്തിട്ടില്ല. ഇന്റലിജന്‍സ് മേധാവിയായി എഡിജിപി ആര്‍ ശ്രീലേഖയെയും നിയമിച്ചു. നിലവില്‍ ഇന്റലിജന്‍സ് മേധാവിയായ എ ഹേമചന്ദ്രനു പകരം നിയമനം നല്‍കിയിട്ടില്ല. എഡിജിപി അനില്‍കാന്താണു പുതിയ ജയില്‍ മേധാവി. കേന്ദ്ര ഡെപ്യൂട്ടേഷന്‍ കഴിഞ്ഞ് മടങ്ങിവരുന്ന സുദേഷ്‌കുമാറാണു പുതിയ ഉത്തരമേഖലാ എഡിജിപി. ദക്ഷിണമേഖലാ എഡിജിപി സ്ഥാനത്തുനിന്ന് നേരത്തെ നീക്കിയ കെ പത്മകുമാറിനെ വൈദ്യുതി ബോര്‍ഡില്‍ ചീഫ് വിജിലന്‍സ് ഓഫിസറാക്കി.
ഇ ജെ ജയരാജിനെ മനുഷ്യാവകാശ കമ്മീഷന്‍ ഐജിയായും കോപ്പിയടി വിവാദത്തില്‍പ്പെട്ട ടി ജെ ജോസിനെ പോലിസ് ആസ്ഥാനത്ത് ഐജിയായും നിയമിച്ചു. എസ് ശ്രീജിത്താണ് പുതിയ എറണാകുളം റേഞ്ച് ഐജി. ഇന്റലിജന്‍സ് ഡിഐജി പി വിജയനെ പോലിസ് ട്രെയിനിങ് ഐജിയാക്കി. സിബിസിഐഡി എസ്പി എ അക്ബറിനെ അശോക് കുമാറിനു പകരം പുതിയ ആലപ്പുഴ ജില്ലാ പോലിസ് മേധാവിയാക്കി. പോലിസ് ആസ്ഥാനത്ത് എസ്പിയായി പ്രവര്‍ത്തിച്ചിരുന്ന സഞ്ജയ്കുമാര്‍ ഗരുഡിനെ കണ്ണൂര്‍ എസ്പിയായി നിയമിച്ചു. മലപ്പുറം ആര്‍ആര്‍ആര്‍എഫ് കമാന്‍ഡന്റായി പ്രവര്‍ത്തിച്ചിരുന്ന എ വി ജോര്‍ജിനെ ഇടുക്കി ജില്ലാ പോലിസ് മേധാവിയാക്കി. പാലക്കാട് എസ്പി ദേബേഷ്‌കുമാര്‍ ബെഹ്‌റയെ മലപ്പുറം ജില്ലാ പോലിസ് മേധാവിയാക്കി.
സിബിസിഐഡി കോട്ടയം എസ്പി എന്‍ രാമചന്ദ്രനെ കോട്ടയം എസ്പിയാക്കി. കോട്ടയം എസ്പി സതീഷ് ബിനോയിക്ക് കൊല്ലം സിറ്റിയുടെ ചുമതല നല്‍കി. തോംസണ്‍ ജോസ് ഐപിഎസിനെ കാസര്‍കോട് എസ്പിയായും എ ശ്രീനിവാസിനെ പാലക്കാട് എസ്പിയായും കെ കാര്‍ത്തികിനെ വയനാട് എസ്പിയായും കണ്ണൂര്‍ എസ്പി ഹരിശങ്കറിനെ പത്തനംതിട്ട എസ്പിയായും ജെ ഹേമന്ദ്രനാഥിനെ തൃശൂര്‍ സിറ്റി പോലിസ് കമ്മീഷണറായും നിയമിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it