Flash News

പോലിസ് ഡ്രൈവര്‍ക്ക് മര്‍ദനം എഡിജിപിയുടെ മകള്‍ കുറ്റക്കാരിയെന്ന് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: പോലിസ് ഡ്രൈവറെ മര്‍ദിച്ച കേസില്‍ എഡിജിപിയുടെ മകള്‍ കുറ്റക്കാരിയെന്ന് ക്രൈംബ്രാഞ്ച്. എന്നാല്‍, യുവതിക്കെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്താനുള്ള കുറ്റങ്ങളില്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനമുണ്ടായ ശേഷം മാത്രമേ അറസ്റ്റ് അടക്കമുള്ള കൂടുതല്‍ നടപടികള്‍ ഉണ്ടാവുകയുള്ളൂ.
യുവതിക്ക് ഗവാസ്‌കറോട് വ്യക്തിവിരോധം ഉണ്ടായിരുന്നു എന്നതാണ് പെട്ടെന്നുള്ള പ്രകോപനത്തിനും മര്‍ദനത്തിനും കാരണം. അന്വേഷണ പുരോഗതി സംബന്ധിച്ച് ഡിജിപിക്ക് റിപോര്‍ട്ട് കൈമാറിയിട്ടുണ്ട്.
ഗവാസ്‌കറിന്റെ പരിക്കു സംബന്ധിച്ച വിവരങ്ങള്‍ക്കായി മെഡിക്കല്‍ കോളജിലെ ഡോക്ടറുടെ മൊഴിയെടുക്കാന്‍ അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. അതേസമയം, എഡിജിപിയുടെയും കുടുംബത്തിന്റെയും മൊഴി കഴിഞ്ഞ ദിവസം രാത്രി അന്വേഷണസംഘം രേഖപ്പെടുത്തി. എഡിജിപിയുടെ മകളുടെ മൊഴിയില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. വെള്ളിയാഴ്ച രാത്രി 7 മണിയോടെ തിരുവനന്തപുരത്തെ എഡിജിപിയുടെ വീട്ടിലെത്തിയ സംഘത്തിന്റെ മൊഴിയെടുക്കല്‍ അര്‍ധരാത്രിയോടെയാണ് അവസാനിച്ചത്. യുവതിയെ കൂടാതെ സാക്ഷികളെന്ന നിലയില്‍ എഡിജിപി സുദേഷ് കുമാറിന്റെയും ഭാര്യയുടെയും മൊഴിയും രേഖപ്പെടുത്തി.
ഗവാസ്‌കറിനെതിരേ നല്‍കിയ പരാതിയില്‍ യുവതി ഉറച്ചുനില്‍ക്കുകയാണ്. ഓട്ടോറിക്ഷയല്ല, കാര്‍ തന്നെയാണ് തന്നെ ഇടിച്ചതെന്നും ഇത് ഗവാസ്‌കര്‍ മനഃപൂര്‍വം ചെയ്തതാണെന്നും തന്റെ കാലിനു പരിക്കുണ്ടെന്നും മൊഴിയില്‍ പറയുന്നു. പലപ്പോഴും ഇയാള്‍ തന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. എഡിജിപിയോട് പരാതി പറഞ്ഞതിന്റെ വൈരാഗ്യം മൂലം ഗവാസ്‌കര്‍ തന്നോട് മോശമായി പെരുമാറുകയായിരുന്നു. അസഭ്യവാക്കുകള്‍ പറഞ്ഞെന്നും കൈയില്‍ കടന്നുപിടിച്ചെന്നും യുവതി അന്വേഷണസംഘത്തോട് പറഞ്ഞു.
അതിനിടെ, എഡിജിപിയുടെ മകളുടെ മൊബൈലും ഐപാഡും തെളിവായി ശേഖരിച്ച് കോടതിക്ക് കൈമാറും. മൊബൈലും ഐപാഡും ഉപയോഗിച്ച് കഴുത്തില്‍ ഇടിച്ചെന്ന ഗവാസ്‌കറുടെ പരാതിയുള്ളതിനാലാണിത്.
Next Story

RELATED STORIES

Share it