palakkad local

പോലിസ് ചമഞ്ഞ് വ്യാപാരിയെ കൊള്ളയടിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍

പാലക്കാട്: റെയില്‍വേ പോലിസാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി മലപ്പുറം, തിരൂരങ്ങാടി, പുളിക്കല്‍ വീട്ടില്‍ സലീമിന്റെ പക്കല്‍ നിന്നും ആറരലക്ഷം രൂപയുടെ 130 മൊബൈല്‍ ഫോണുകള്‍, ഒരു ലക്ഷം രൂപ എന്നിവ കൊള്ളയടിച്ച കേസില്‍ രണ്ട് പേരെ പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലിസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട്, ചെന്നൈ, തൊണ്ടയാര്‍പേട സ്വദേശി അന്‍പ് ശെല്‍വന്‍(23), ചെന്നൈ റായ്പുരം അഡയാര്‍ സ്ട്രീറ്റ് ഇളയരാജ(28) എന്നിവരെയാണ് സി ഐ കെ ആര്‍ ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഒന്നാം പ്രതി ചെര്‍പ്പുളശേരി നെല്ലായ കുറ്റിപുളിക്കല്‍ വീട്ടില്‍ രതീഷ് എന്ന ബാബു ഒളിവിലാണ്.
ഈ വര്‍ഷം ജനുവരി ഒന്നിന് പുലര്‍ച്ചെ ഒലവക്കോടാണ് കേസിനാസ്പദമായ സംഭവം നടന്നത്. മലപ്പുറം ചെമ്മാടില്‍ മൊബൈല്‍ വ്യാപാരം നടത്തുന്ന സലീം ചെന്നൈ, ബര്‍മ ബസാറില്‍ നിന്നുമാണ് മൊബൈല്‍ ഫോണുകള്‍ പര്‍ച്ചേഴ്‌സ് ചെയ്തിരുന്നത്. ബര്‍മ ബസാറിലെ കച്ചവടക്കാരനാണ് അന്‍പ് ശെല്‍വനും ഇളയരാജയും.
ഡിസംബര്‍ 28ന് ചെന്നൈക്ക് പുറപ്പെട്ട സലീം രണ്ട് ദിവസത്തെ പര്‍ച്ചേസിന് ശേഷം ജനുവരി 31ന് രാത്രി ചെന്നൈ -മംഗലാപുരം മെയിലില്‍ തിരൂരിലേക്ക് യാത്ര തിരിച്ചു. നേരത്തെ തീരുമാനിച്ച പദ്ധതി പ്രകാരം അന്‍പ് ശെല്‍വന്‍ സലീമിനെകുറിച്ചുള്ള കാര്യങ്ങള്‍ രതീഷിനെ അറിയിച്ചിരുന്നു.
തുടര്‍ന്ന് സലീമിന്റെ പുറകെ പിന്‍തുടര്‍ന്ന് ചെന്നൈ ബീച്ച് സ്റ്റേഷനില്‍ നിന്ന് ട്രെയിന്‍ കയറി തിരുവള്ളൂര്‍ സ്റ്റേഷനില്‍ ഇറങ്ങുകയും ശേഷം മാംഗ്ലൂര്‍ മെയിലില്‍ തിരൂരിലേക്ക് കയറിയ സലീമിനെ പിന്‍തുടര്‍ന്ന് പിന്നീട് പാലക്കാട് എത്താറാകുമ്പോള്‍ രതീഷ് സലീമിനോട് ബാഗില്‍ എന്താണെന്നും ആര്‍പിഎഫ് പോലിസാണെന്നും പറഞ്ഞ് ഒലവക്കോട് സ്റ്റേഷനില്‍ ഇറങ്ങാനാവശ്യപ്പെടുകയുമായിരുന്നു. തുടര്‍ന്ന് ആര്‍പിഎഫ് സ്റ്റേഷനില്‍ പോയാല്‍ കൂടുതല്‍ പണം പിഴയടക്കേണ്ടി വരുമെന്നും സെറ്റില്‍മെന്റ് നടത്താന്‍ പതിനായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സലീം പണം എടുക്കുന്നതിനായി ഒലവക്കോട്ടെ കാത്തലിക് സിറിയന്‍ ബാങ്കിന്റെ എടിഎം കൗണ്ടറിലേക്ക് രതീഷിനെയും കൂട്ടി ചെന്നു.
എടിഎം കൗണ്ടറിന് പുറത്ത് നിന്നിരുന്ന രതീഷിന്റെ അടുത്ത് രണ്ട് ബാഗുകള്‍ വെച്ച് സലീം എടിഎം കൗണ്ടറിനകത്ത് പണമെടുക്കുന്നതിന് ചെന്ന സമയത്ത് രതീഷ് ബാഗുകളെടുത്ത് ഓട്ടോറിക്ഷയില്‍ രക്ഷപ്പെടുകയായിരുന്നു.
പരാതി ലഭിച്ചതിനെ തുടര്‍ന്ന് നോര്‍ത്ത് പോലിസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രതികളെക്കുറിച്ചുള്ള സൂചന ലഭിക്കുകയും കുടുക്കുകയുമായിരുന്നു. ഇന്ന് പ്രതികളെ കോടതിയില്‍ ഹാജരാക്കും. തുടര്‍ന്ന് കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പോലിസ് അറിയിച്ചു.
Next Story

RELATED STORIES

Share it