kozhikode local

പോലിസ്-ഗുണ്ടാ-സിപിഎം കൂട്ടുകെട്ടിനെതിരേ യൂത്ത് ലീഗ് ജനകീയ വിചാരണ

കോഴിക്കോട്: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് വിജയം പാവപ്പെട്ട ജനങ്ങളെ കുതിരകയറാനുള്ള ലൈസന്‍സായി സിപിഎം കരുതേണ്ടതില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ. എം കെ മുനീര്‍. പൊലിസ് -ഗുണ്ടാ -സിപിഎം കൂട്ടുകെട്ടിനെതിരെ യൂത്ത്‌ലീഗ് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച ജനകീയ വിചാരണയുടെ ഭാഗമായി സിറ്റി പൊലിസ് കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ സംഘടിപ്പിച്ച ജനകീയ വിചാരണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആഭ്യന്തരമന്ത്രിസ്ഥാനം വഹിക്കുന്ന മുഖ്യമന്ത്രി ജനകീയ വിചാരണ നേരിടുന്ന സന്ദര്‍ഭമാണിത്. ആഭ്യന്തര മന്ത്രാലയത്തിനെതിരെ എല്ലാ ദിവസവും അടിയന്തര പ്രമേയം കൊണ്ടുവന്ന ഗതികേടാണ് കഴിഞ്ഞ അസംബ്ലി സെഷനില്‍ നടന്നത്.
അത്രമേല്‍ പരാതികളാണ് നിരന്തരം ആഭ്യന്തരവകുപ്പിന് നേരെ ഉയരുന്നത്. മുഖ്യമന്ത്രിയും അദ്ദേഹം കൈകാര്യം ചെയ്യുന്ന ആഭ്യന്തരവകുപ്പും പൊലിസും അഴിഞ്ഞാട്ടം തുടരുന്ന അവസ്ഥയാണുള്ളത്. ശ്രീജിത്ത് എന്ന ചെറുപ്പക്കാരനെ കസ്റ്റഡിയില്‍ മര്‍ദിച്ചു കൊന്നു. കെവിനെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് ഭാര്യ പരാതി നല്‍കിയിട്ടും എസ്‌ഐ തിരിഞ്ഞുനോക്കിയില്ല-മുനീര്‍ പറഞ്ഞു.
യൂത്ത് ലീഗ് സംസ്ഥന സെക്രട്ടറി ആഷിഖ് ചെലവൂര്‍, ജില്ലാ പ്രസിഡന്റ് സാജിദ് നടുവണ്ണൂര്‍, ജനറല്‍ സെക്രട്ടറി കെ കെ നവാസ്, സെക്രട്ടറി ഷഫീഖ് അരക്കിണര്‍, മുസ്—ലിം ലീഗ് സൗത്ത് മണ്ഡലം ജനറല്‍ സെക്രട്ടറി അഡ്വ. എ വി അന്‍വര്‍, നോര്‍ത്ത് മണ്ഡലം സെക്രട്ടറി സഫറി വെള്ളയില്‍, യൂത്ത് ലീഗ് നോര്‍ത്ത് മണ്ഡലം ജനറല്‍ സെക്രട്ടറി വി സുബൈര്‍ സംസാരിച്ചു. യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി എ. ഷിജിത്ത് ഖാന്‍ കുറ്റപത്രം സമര്‍പ്പിച്ചു. സൗത്ത് മണ്ഡലം മുസ്—ലിം യൂത്ത് ലീഗ് പ്രസിഡന്റ് യു സജീര്‍ അധ്യക്ഷത വഹിച്ചു. നോര്‍ത്ത് മണ്ഡലം മുസ്‌ലിം യൂത്ത്—ലീഗ് പ്രസിഡന്റ് ടി പി എം ജിഷാന്‍ , സൗത്ത് മണ്ഡലം ജനറല്‍ സെക്രട്ടറി കെ വി മന്‍സൂര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it